ദോഹ: വിമാനയാത്രക്കാർക്ക് ആശ്വാസമാവുന്ന വാലറ്റ് പാർക്കിങ് സേവനം പുനരാരംഭിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്കുള്ള പ്രീമിയ വാലറ്റ് സേവനം പുനരാരംഭിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. അധിക സേവനങ്ങളോടെയാണ് വാലറ്റ് പാർക്കിങ്ങ് ഒരുക്കുന്നത്.
ചുരുങ്ങിയത് ഒരു ദിവസമെങ്കിലും ഉപയോഗപ്പെടുത്തുന്നവർക്കാണ് വാഹനം സുരക്ഷിതമായി ഏൽപിച്ച് യാത്രചെയ്യാൻ സൗകര്യമൊരുക്കുന്ന പ്രീമിയം വാലറ്റ് സേവനം ഉപയോഗപ്പെടുത്താൻ കഴിയുക. പുറപ്പെടൽ മേഖലയിലെ ഗേറ്റ് ഒന്നിലെ പ്രത്യേക തയാറാക്കിയ കർബ്സൈഡ് പാർക്കിങ്ങിൽ വാലറ്റ് സേവനം ലഭ്യമാകും.
ഹ്രസ്വകാല പാർക്കിങ് മേഖലയിലെ (ഷോർട്ട് ടേം) പാർക്കിങ്ങിൽ വാഹനം സുരക്ഷിതമായി സൂക്ഷിക്കുന്നതിനൊപ്പം അധിക സേവനങ്ങളും യാത്രക്കാർക്ക് ലഭ്യമാക്കും. പുറപ്പെടൽ ഗേറ്റ് ഒന്നിലെ പ്രത്യേകം സജ്ജമാക്കിയ ട്രാക്കിൽ വാലറ്റിനുള്ള വാഹനം നിർത്തി യാത്രക്കാരന് വിമാനത്താവളത്തിനുള്ളിലേക്ക് പ്രവേശിക്കാവുന്നതാണ്. വാലറ്റ് ജീവനക്കാർ എത്തി, യാത്രക്കാരനെ സ്വീകരിക്കുകയും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യും.
ലഗേജ് എടുക്കാനും, കൊണ്ടു പോകാനുമുള്ള സഹായം, വാഹനം കഴുകൽ, സേവന കാലയളവിൽ മുഴുവൻ വാലറ്റ് ജീവനക്കാരുമായി ആശയ വിനിമയം നടത്താനുള്ള സംവിധാനം, യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ആഗമന (അറൈവൽ) കേന്ദ്രത്തിൽ വാഹനം തയാറായി നിർത്തൽ തുടങ്ങിയ മികച്ച അനുബന്ധ സേവനങ്ങൾ വാലറ്റ് പാർക്കിങ് ഉപയോഗപ്പെടുത്തുന്നവർക്ക് ലഭ്യമാകും.
പേപ്പർ ടിക്കറ്റോ കറൻസി പണമിടപാടോ ഇല്ലാതെ മുഴുവനായും ഡിജിറ്റലായാണ് പ്രീമിയർ വാലറ്റ് സേവനം ലഭ്യമാകുക. പാർക്കിങ് ഉപയോഗപ്പെടുത്തുന്ന യാത്രക്കാർക്ക് ഇ ടിക്കറ്റ് വാട്സ്ആപ് അല്ലെങ്കിൽ എസ്.എം.എസ് വഴി ലഭ്യമാക്കും.
ചുരുങ്ങിയ ദിവസത്തേക്ക് വിദേശയാത്ര ചെയ്യാനായി പുറപ്പെടുന്ന ബിസിനസുകാർ, ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് തിരക്കേറിയ ഷെഡ്യൂളിനിടയിൽ ടെൻഷനില്ലാതെ ഉപയോഗപ്പെടുത്താൻ കഴിയും എന്നതാണ് വാലറ്റ് പാർക്കിങ്ങിന്റെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.