ദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങളുടെ വിവരങ്ങളെല്ലാം ഉൾക്കൊള്ളുന്ന ‘സ്മാർട്ട് ഡാറ്റാ ഹബ്’ സാക്ഷാത്കരിക്കുന്നതിൽ നിർണായകമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളവും. വിമാനത്താവളങ്ങൾക്ക് പരസ്പരം വിവരങ്ങൾ പങ്കുവെക്കാൻ കഴിയുക, തീരുമാനങ്ങൾ എടുക്കുന്നതിലും നയരൂപകീരണത്തിലും ഉപകാരപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായി തയാറാക്കുന്ന സ്മാർട്ട് ഡാറ്റാ ഹബ് ഹാൻഡ് ബുക്ക് എന്ന അന്താരാഷ്ട്ര വിമാനത്താവള സമിതി (എ.സി.ഐ)യുടെ പദ്ധതിക്ക് ചുക്കാൻ പിടിച്ചാണ് ഹമദ് ശ്രദ്ധേയമായത്.
അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുത്തതിനുവേണ്ടിയാണ് സ്മാർട്ട് ഡേറ്റാ ഹബ് (എസ്.ഡി.എച്ച്) എന്നറിയപ്പെടുന്ന ഇൻഡസ്ട്രി ഹാൻഡ്ബുക്ക് തയാറാക്കിയത്. വിവരാധിഷ്ഠിത കാലത്ത് കാര്യക്ഷമതയും യാത്രക്കാരുടെ അനുഭവവും മെച്ചപ്പെടുത്തുന്നതിനും വിവരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞ് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
എയർപോർട്ട് വ്യവസായത്തിനും അതിന്റെ പങ്കാളികൾക്കും പരസ്പരം ബന്ധപ്പെടുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും മികച്ച തീരുമാനങ്ങളെടുക്കുന്നതിനും വഴിയൊരുക്കുന്ന ഒന്നാണ് സ്മാർട്ട് ഡേറ്റാ ഹബ്.എസ്.ഡി.എസ് എല്ലാ എയർപോർട്ടുകൾക്കും തടസ്സങ്ങളിലാത്ത വിവര സംയോജനം സാധ്യമാക്കുന്നു. കൂടാതെ പരസ്പരം സഹകരിച്ച് പ്രവർത്തിക്കാനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പ്രാപ്തരാക്കുകയും ചെയ്യുന്നു.
വിമാനത്താവളങ്ങളുടെ വർധിച്ച് വരുന്ന ആവശ്യങ്ങൾ നിറവേറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്മാർട്ട് ഡേറ്റാ ഹബ് സൃഷ്ടിക്കാൻ ലോകമെമ്പാടുമുള്ള പ്രമുഖ വിമാനത്താവളങ്ങൾക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിൽ ഹമദ് വലിയ പങ്കാണ് വഹിച്ചിരിക്കുന്നതെന്ന് എച്ച്.ഐ.എ ടെക്‌നോളജി ആൻഡ് ഇന്നവവേഷൻ സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ കദ്രി പറഞ്ഞു.
2019 മുതൽ എ.സി.ഐ വേൾഡ് എയർപോർട്ട് സ്റ്റാൻഡിംഗ് കമ്മിറ്റി വൈസ് ചെയർമാനായും തുടർന്ന് ചെയർമാനായും സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു സുഹൈൽ കദ്രി. സ്മാർട്ട് ഡാറ്റാ ഹബ്ബിന്റെ രൂപീകരണത്തിലെ പ്രധാന പങ്ക് വഹിച്ചതിൽ ഞങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്നും കദ്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.