ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയിലെ തൊഴിലുകളിൽ സ്വദേശിവത്കരണത്തിന് അനുമതി നൽകുന്ന സുപ്രധാന നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അംഗീകാരം. 2024ലെ 12ാം നമ്പർ നിയമത്തിനാണ് അമീർ അംഗീകാരം നൽകിയത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം തികയുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.
സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും മാനവവിഭവ ശേഷി പരമാവധി മേഖലകളിൽ പ്രയോജനപ്പെടുത്തുകയും ലക്ഷ്യമിടുന്ന ഖത്തർ ദേശീയ വിഷൻ 2030 പദ്ധതികളുടെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിയമത്തിന് അംഗീകാരം നൽകിയത്.
കഴിഞ്ഞ ഡിസംബറിൽ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭ യോഗം കരട് നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു.
അഭ്യസ്തവിദ്യരും പ്രഫഷനലുകളുമായ സ്വദേശികൾക്ക് തൊഴിൽ ഉറപ്പാക്കുന്ന വിവിധ വിഭാഗം കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തൊഴിൽ മന്ത്രാലയം വ്യക്തമാക്കും. ഇതുസംബന്ധിച്ച് ആദ്യഘട്ടമെന്ന നിലയിൽ ഏതെല്ലാം വിഭാഗങ്ങളിലാണ് തൊഴിൽ സ്വദേശി വത്കരണം ബാധകമാവുകയെന്ന് മന്ത്രാലയം കഴിഞ്ഞ ദിവസം തന്നെ വിശദീകരിച്ചു.
വ്യക്തികളുടെ ഉടമസ്ഥതയിൽ വാണിജ്യ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ, രാജ്യത്ത് പ്രവർത്തിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ, സർക്കാർ-സ്വകാര്യ പങ്കാളിത്തമുള്ള സ്ഥാപനങ്ങൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികൾ, ലാഭം ലക്ഷ്യമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾ, കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ തുടങ്ങിയവയാണ് പുതിയ സ്വദേശിവത്കരണ നിയമത്തിന്റെ പരിധിയിൽ വരുന്നത്.
എന്നാൽ, ഈ സ്ഥാപനങ്ങളെ സംബന്ധിച്ചും സ്വദേശിവത്കരിക്കുന്ന തൊഴിലുകളെ സംബന്ധിച്ചും തൊഴിൽ മന്ത്രാലയം പിന്നീട് വിശദമാക്കും. രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം ഗണ്യമായി വർധിപ്പിക്കുകയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്. ഇതോടൊപ്പം, നൂതന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കാനും കഴിയും.
അവർക്കൊപ്പം ഉയർന്ന വൈദഗ്ധ്യമുള്ള ഖത്തരികളെകൂടി പ്രയോജനപ്പെടുത്തുകയും പ്രധാന ലക്ഷ്യമാണ്. സ്വദേശികൾക്ക് തൊഴിൽ വിപണിയുടെ ആകർഷണം വർധിപ്പിക്കുക, സ്വദേശികളെ ആകർഷിക്കുന്ന രീതിയിൽ കമ്പനികളുടെ കഴിവ് വർധിപ്പിക്കുക, സ്വകാര്യ മേഖലയിൽ സ്വദേശികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, തൊഴിൽ സ്ഥിരത ഉറപ്പാക്കുക, യോഗ്യരായ ഉദ്യോഗസ്ഥരുടെ തൊഴിൽ വിപണി ആവശ്യകത നിറവേറ്റുക എന്നിവയും സാധ്യമാവുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സ്ഥാപനത്തിന്റെ നിലവാരം, തൊഴിലാളികളുടെ എണ്ണം, ജോലി തരങ്ങൾ എന്നിവ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ തരംതിരിച്ച് സ്വകാര്യ മേഖലക്കായി തൊഴിൽ ദേശസാത്കരണ പദ്ധതി വികസിപ്പിക്കുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.
കൂടാതെ, സ്വകാര്യ തൊഴിൽ മേഖലയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനാവശ്യമായ യോഗ്യത നേടുന്നതിന് സർവകലാശാല പഠനം പൂർത്തിയാക്കാൻ പൗരന്മാരെ സ്പോൺസർ ചെയ്യാനും നിയമം അനുശാസിക്കുന്നു. തൊഴിൽ സുരക്ഷിതത്വം, സുസ്ഥിരമായ തൊഴിൽ അന്തരീക്ഷം എന്നിവ ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് എംപ്ലോയ്മെന്റ് കോൺട്രാക്ട് ടെംപ്ലേറ്റുകൾ പുറപ്പെടുവിക്കും.
സ്വകാര്യ മേഖലയുമായി സഹകരിച്ച് പരിശീലനവും വികസന പരിപാടികളും രൂപപ്പെടുത്തി പൗരന്മാരെ യോഗ്യരാക്കുന്നതിലും മന്ത്രാലയം ശ്രദ്ധയൂന്നും.
വാണിജ്യ രജിസ്ട്രേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ
സർക്കാർ ഉടമസ്ഥതയിലുള്ളതോ സർക്കാർ പങ്കാളിത്തമുള്ളതോ അല്ലെങ്കിൽ സ്വകാര്യ ഉടമസ്ഥതയിലുള്ളതോ ആയ കമ്പനികൾ
ലാഭേച്ഛയില്ലാത്ത (നോൺ പ്രോഫിറ്റ്) സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ കായിക സ്ഥാപനങ്ങൾ, അസോസിയേഷനുകൾ, സമാന സ്ഥാപനങ്ങൾ.
ഖത്തരികളും ഖത്തരി സ്ത്രീകളുടെ കുട്ടികളും ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ഉറപ്പാക്കുക.
സ്വദേശിവത്കരണ പദ്ധതിയിലുൾപ്പെടുന്ന സ്ഥാപനങ്ങൾക്ക് വിവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും.
മന്ത്രാലയ നയങ്ങൾക്കും പദ്ധതികൾക്കും അനുസൃതമായി സ്വദേശികൾക്ക് തൊഴിലും പരിശീലനവും നൽകുകയും അവരെ തൊഴിലിന് യോഗ്യരാക്കുകയും ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.