ദോഹ: ഖത്തറിൽ ലോകത്തെ ഏറ്റവും വലിയ സിംഗ്ൾ ആക്സിസ് സൗരോർജസംവിധാനം സ്ഥാപിക്കുന്നു. രാജ്യത്തിെൻറ ആകെ വൈദ്യുതി ഉപഭോഗത്തിെൻറ 10 ശതമാനം സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണിത്. സൗരോർജസംവിധാനങ്ങളുടെ ആഗോള കമ്പനിയായ ഇദീമാടെക്കാണ് പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നത്. 800 മെഗാവാട്സ് ശേഷിയുള്ള ബൈഷ്യേൽ ഒപ്റ്റിമൈസ്ഡ് ഹോറിസോൺ പ്ലസ് സോളാർ ട്രാക്കിങ് സംവിധാനമാണ് കമ്പനി ഖത്തറിെൻറ സോളാർ പ്ലാൻറ് പദ്ധതിക്കായി സ്ഥാപിക്കുന്നത്. കഹ്റമ (ഖത്തർ ജനറൽ ഇലക്ട്രി സിറ്റി ആൻഡ് വാട്ടർ കോർപറേഷൻ)യാണ് പിന്നിൽ.
ടു ഇൻ പോർട്രെയ്റ്റ് (2p) സിംഗ്ൾ ആക്സിസ് ട്രാക്കർ ഉപയോഗിച്ചുപ്രവർത്തിക്കുന്ന ലോകത്തിലെ വലിയ സോളാർ സംവിധാനമായിരിക്കും ഇത്. ദോഹയിൽനിന്ന് 80 കിലോമീറ്റർ പടിഞ്ഞാറുള്ള അൽ ഖർസാഇലാണ് ഖത്തറിെൻറ ആദ്യ യൂട്ടിലിറ്റി സ്കെയ്ൽ സൗരോർജ പദ്ധതിയുള്ളത്. ഇൗ പദ്ധതി ഇത്തരത്തിലുള്ള ലോകത്തിലെ മൂന്നാമത്തെ വലിയ പദ്ധതിയാണ്. കാർബൺ പുറന്തള്ളൽ ഒഴിവാക്കുക, സുസ്ഥിരതവികസനം എന്നിവയും ലക്ഷ്യമിട്ടുള്ള ഖത്തർ ദേശീയനയം 2030െൻറ ഭാഗമായാണ് പദ്ധതി.
2022 ലോകകപ്പ് ഫുട് ബാളിന് മുമ്പ് പൂർണമായും പ്രവർത്തനക്ഷമമാകും. പദ്ധതിക്കായി തങ്ങളെ തെരഞ്ഞെടുത്തതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇദീമടെക് സി.ഇ.ഒ മരിയോ ഇക്കൽ പറഞ്ഞു. മിഡിൽ ഇൗസ്റ്റ് നോർത്ത് ആഫ്രിക്ക (മിന) മേഖലയിൽ സൗരോർജ ഉൽപാദനരംഗത്ത് വൻകുതിച്ചുചാട്ടമാണ് പദ്ധതിയിലൂടെ കൈവരുകയെന്നും അദ്ദേഹം പറഞ്ഞു. പരമാവധി പ്രവർത്തനച്ചെലവ് കുറച്ച് ഉൽപാദനം വർധിപ്പിക്കുന്ന തരത്തിലാണ് പദ്ധതിയുള്ളത്. പ്രവർത്തിച്ചുകൊണ്ടിരിക്കേതന്നെ തനിയെ ശുദ്ധീകരണപ്രക്രിയ നടത്താനാകുന്ന റോബോട്ടുകളെ ഉപയോഗപ്പെടുത്തും. ഇത്തരത്തിൽ റോബോട്ടുകളെ ഉപയോഗിക്കുന ലോകത്തിലെ ആദ്യപദ്ധതിയാണ് ഖത്തറിലേതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സ്ഥാപിക്കൽ, ഓൺസൈറ്റ് ലോജിസ്റ്റിക്സ്, കമീഷനിങ് എന്നിവയാണ് കമ്പനിയുടെ ചുമതലകൾ.
വൈദ്യുതാവശ്യങ്ങൾക്ക് എണ്ണ-പ്രകൃതിവാതകങ്ങളെ ആശ്രയിക്കുന്നത് കുറക്കും
സൗരോർജമേഖലയിൽ കഹ്റമ പ്രധാനമുന്നേറ്റമാണ് നടത്തുന്നത്. വിഷൻ 2030മായി ബന്ധപ്പെട്ട് വൈദ്യുതാവശ്യങ്ങൾക്കായി എണ്ണ-പ്രകൃതിവാതകങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിനും സാമ്പത്തിക വൈവിധ്യവത്കരണം ലക്ഷ്യത്തിലെത്തിക്കുന്നതിനുമായാണിത്. ഫോട്ടോവോൾട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം ലക്ഷ്യമിട്ടുള്ള രാജ്യത്തെ പ്രഥമ സൗരോർജ പദ്ധതിയാണ് കഹ്റമക്ക് കീഴിൽ വരുന്നത്. അഞ്ച് രാജ്യാന്തര കമ്പനികളുമായി സഹകരിച്ചാണിത്.
10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ അൽ ഖർസാഅ് ഡിസ്ട്രിക്റ്റിലാണ് വെസ്റ്റ് ദോഹ സോളാർ പവർ പ്ലാൻറ് പദ്ധതി നിർമിക്കാനുദ്ദേശിക്കുന്നത്. 700 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2021ഓടെ 350 മെഗാവാട്ട് ഗ്രിഡുമായി ബന്ധിപ്പിക്കും. വാണിജ്യാടിസ്ഥാനത്തിൽ പദ്ധതി പ്രവർത്തനം 2022 ആദ്യപാദത്തിൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ലോകത്തിലെ 16 മുൻനിര കമ്പനികളെ കഹ്റമ സമീപിച്ചിരുന്നു. ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള കമ്പനികളിൽനിന്നും സഖ്യങ്ങളിൽനിന്നുമാണ് കഹ്റമക്ക് അപേക്ഷകൾ ലഭിച്ചിരുന്നത്.
25 വർഷത്തേക്ക് ബിൽഡ് ആൻഡ് ഓപറേഷൻ രീതിയനുസരിച്ചാണ് പദ്ധതി മുന്നോട്ട് വെച്ചിരിക്കുന്നത്. പിന്നീട് ബൂട്ട് സംവിധാനം പ്രകാരം പദ്ധതി കഹ്റമയിലേക്ക് പതിച്ചു നൽകും.ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറക്കുകയും കാർബൺ പുറന്തള്ളുന്നത് കുറക്കുകയും വൈദ്യുതോൽപാദനത്തിന് ഉൗർജക്ഷമതയുള്ള മാർഗങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യങ്ങളോടെയാണ് കഹ്റമ സൗരോർജ പ ദ്ധതിയുമായി മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.