ദോഹ: കോഴിക്കോട് നന്തി പ്രദേശവാസികളുടെ ഖത്തറിലെ കൂട്ടായ്മയായ നന്തി അസോസിയേഷൻ പ്രവർത്തക സംഗമം സംഘടിപ്പിച്ചു. കോവിഡ് കാലത്ത് മന്ദഗതിയിലായിരുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഏറെക്കാലത്തിനു ശേഷം പ്രവർത്തകർക്ക് കൂടിയിരിക്കാനും സൗഹൃദം പങ്കുവെക്കാനുമുള്ള വേദിയായി സംഗമം മാറി. ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ പ്രവാസി ക്ഷേമനിധികളെ കുറിച്ചും ആനുകൂല്യങ്ങളെ കുറിച്ചും ദോഹയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും ലോക കേരളസഭ അംഗവുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി സംസാരിച്ചു. വിവിധ ക്ഷേമ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്കീമുകൾ തുടങ്ങി വിവിധ പ്രവാസി പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. അസോസിയേഷൻ അംഗങ്ങൾക്കുള്ള ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയുടെ ഉദ്ഘാടനം ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ് അസോസിയേഷൻ കൺവീനർ കെ.വി. ബഷീറിന് ഫോം നൽകി നിർവഹിച്ചു. പുതിയ വർഷത്തെ അംഗത്വ വിതരണ ഉദ്ഘാടനം അസോസിയേഷൻ ചെയർമാൻ മുസ്തഫ മലമ്മൽ നിർവഹിച്ചു.
ബർവ വില്ലേജ് റൊട്ടാന റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ മുസ്തഫ മലമ്മൽ അധ്യക്ഷത വഹിച്ചു. മുൻ ചെയർമാന്മാരായ റഷീദ് ടി.പി, ബഷീർ കോവുമ്മൽ, മുൻ കൺവീനർ പി.ആർ.എ കരീം, കെ. ഹുബൈബ്, റഷീദ് കൂരളി എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗം പി.വി. ഷാജി സംഘടനയെ പരിചയപ്പെടുത്തി. ജനറൽ കൺവീനർ നബീൽ നന്തി സ്വാഗതവും കൺവീനർ ജംഷാദ് കോവുമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.