ദോഹ: അടുത്തയാഴ്ച മുതൽ രാജ്യത്ത് തണുപ്പുകാല ക്യാമ്പിങ് സീസണിന് തുടക്കം. ഇനി നല്ല രസികൻ തണുപ്പേറ്റ് മരുഭൂമിയിലും മറ്റും ടെൻറുകൾക്കുള്ളിൽ കഴിഞ്ഞുകൂടാം. ഇതുമായി ബന്ധപ്പെട്ട് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപടികൾ തുടങ്ങി. രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കാനുള്ള വിവിധ ഘട്ടങ്ങളിലെ ഫീസുകളും അധികൃതർ പ്രഖ്യാപിച്ചു. ബീച്ചുകൾ, സീസൈഡ്, നാച്വറൽ റിസർവുകൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ സ്ഥാപിക്കുന്നതിന് 10,000 റിയാലാണ് ഫീസ് ഈടാക്കുക. ക്യാമ്പിങ് സീസണുള്ള രജിസ്ട്രേഷനുകൾ മൂന്ന് ഘട്ടങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടം: ഈ ഘട്ടത്തിൽ ഒക്ടോബർ 11നാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. നടപടികൾ പൂർത്തിയാക്കുന്നവർക്ക് ഒക് ടോബർ 13 മുതലാണ് ക്യാമ്പിങ് നടത്താൻ അനുമതി നൽകുക. അൽശമാൽ, അൽഗശമിയ, സീലൈൻ, റാസ് മത്ബക്, അറദ, സിക്രീത്ത്, അൽ നഗ്യാൻ, അൽ കറാന, അഷർജി, ഉം അൽ മാ എന്നിവിടങ്ങളിലാണ് ഇവർക്ക് ക്യാമ്പിങ്ങിനായി അനുവദിക്കുക.രണ്ടാംഘട്ടം: ഒക്ടോബർ 14നാണ് രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷൻ നടത്തേണ്ടത്. ഒക്േടാബർ 16 മുതൽ ഇവർക്ക് അൽറീം റിസർവ്, അൽ മറൂന, അൽ മസ്റുഅ, ഉം അൽ അഫാഇ, അൽ ഹാഷിം, അബൂദലൗഫ്, അൽ സുബാറ, അൽ ഉദൈ, സൗത് അൽ ഖറാഇജ്, അബു സംറ എന്നിവിടങ്ങളിൽ ക്യമ്പ് ചെയ്യാനുള്ള അനുമതി ലഭിക്കും.
മൂന്നാം ഘട്ടം: ഒക്ടോർ 18നാണ് ഈ ഘട്ടത്തിനായി രജിസ്റ്റർ െചയ്യേണ്ടത്. ഒക്ടോബർ 20 മുതൽ ക്യാമ്പിങ്ങിന് അനുമതി ലഭിക്കും. റൗദത് റാഷിദ്, റൗദത് അയ്ഷ, അൽഖോർ, അൽവാബ്, മുഖിത്ന, അൽഗരിയ, അൽ മുഫൈർ, റാസ് അൽനൗഫ്, അൽ അതുരിയ, അൽ സനാ, വെസ്റ്റ് അൽ റയിസ് എന്നിവിടങ്ങിലാണ് ഇവർക്ക് അനുമതി ലഭിക്കുക. അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങിയതോടെ ശൈത്യകാല ക്യാമ്പിങ് സീസണായി കാത്തിരിക്കുകയാണ് സ്വദേശികളും വിദേശികളുമടക്കം എല്ലാവരും. തണുപ്പുകാലമെത്തുന്നതോടെ നിരവധി പേരാണ് കുടുംബങ്ങളുമൊത്ത് ക്യാമ്പിങ് സീസൺ ആസ്വദിക്കാനായി പ്രത്യേകം നിശ്ചയിക്കപ്പെടുന്ന പ്രദേശങ്ങളിലെത്തിച്ചേരുന്നത്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ജീവിത രീതിയെ അനുസ്മരിക്കുന്നതിനും നഗരത്തിെൻറ തിരക്കുകളിൽനിന്നും കോലാഹലങ്ങളിൽനിന്നും അകന്ന് പ്രകൃതിയുടെ ലാളനയേറ്റ് സമയം ചെലവഴിക്കുന്നതിനുമുള്ള സുവർണാവസരം കൂടിയാണ് ഓരോ ക്യാമ്പിങ് സീസണും നൽകുന്നത്.കോവിഡ് -19 അന്തരീക്ഷത്തിൽ ക്യാമ്പിങ് സീസണും അനുബന്ധ പ്രവർത്തനങ്ങളും റദ്ദാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ, മന്ത്രാലയം ക്യാമ്പിങ്ങിനുള്ള നടപടികൾ തുടങ്ങിയതോടെ ഈ ആശങ്ക മാറിയിട്ടുണ്ട്.
കോവിഡ് -19 കാരണം അവധിക്കാലം ചെലവഴിക്കാൻ പുറത്തു പോകാനാകാതെയും കൂടുതൽ കാലം വീടുകൾക്കുള്ളിൽ സമയം ചെലവഴിക്കുകയും ചെയ്ത സ്വദേശികളും വിദേശികളുമായിരിക്കും ഈ വർഷത്തെ ക്യാമ്പിങ് സീസണായി ഏറെ അക്ഷമരായി കാത്തിരിക്കുന്നത്.ക്യാമ്പർമാർ സുരക്ഷ മുൻകരുതലുകളും മറ്റു നിയന്ത്രണങ്ങളും കൂടുതൽ കർശനമായി പാലിക്കുകയാണെങ്കിൽ ഈ വർഷത്തെ ക്യാമ്പിങ് സീസണും വലിയ വിജയമാകും. കഴിഞ്ഞ വർഷം ഒക്ടോബർ 30ന് ആരംഭിച്ച് മാർച്ച് അവസാനം വരെയായിരുന്നു ക്യാമ്പിങ് സീസൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.