ദോഹ: സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തും വിധം വിവര ലംഘനം നടത്തിയ കമ്പനിക്ക് കനത്ത പിഴ ചുമത്തി ഖത്തർ ഫിനാൻഷ്യൽ സെന്റർ (ക്യു.എഫ്.സി). വിവര നിയമലംഘനം തെളിയിക്കപ്പെട്ടതിനെ തുടർന്ന് ക്യു.എഫ്.സിക്ക് കീഴിലെ ഡേറ്റ പ്രൊട്ടക്ഷൻ ഓഫിസാണ് (ഡി.പി.ഒ) കമ്പനിക്ക് മേൽ 150,000 ഡോളർ (1.25 കോടി രൂപ) പിഴ ചുമത്തിയിരിക്കുന്നത്.
ഇതാദ്യമായാണ് ഖത്തറിൽ ഇത്തരത്തിൽ നിയമലംഘനം നടത്തിയ കമ്പനിക്കെതിരെ നടപടി സ്വീകരിക്കുന്നതെന്നും, ഡി.പി.ഒ അതിന്റെ ഡേറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻസ് 2021ന്റെ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്നും ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
72 മണിക്കൂറിനുള്ളിൽ നിയമലംഘനം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതും, സുരക്ഷ വീഴ്ചകളും കാര്യക്ഷമമല്ലാത്ത മേൽനോട്ടവും ലംഘനങ്ങളിൽ ഉൾപ്പെടുന്നതായും റിപ്പോർട്ടിൽ പറയുന്നു.
സ്വകാര്യ വിവരങ്ങളുടെ സമഗ്രത, രഹസ്യസ്വഭാവം, ലഭ്യത എന്നിവ സംരക്ഷിക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിലുടനീളം സ്ഥാപനം പൂർണമായും സഹകരിച്ചതിനാലും വിവര സുരക്ഷ നടപടികൾ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ നടപടികൾ കൈക്കൊണ്ടതിനാലും കമ്പനിക്കെതിരെ പൊതു കുറ്റപ്പെടുത്തൽ നടത്തേണ്ടതില്ലെന്ന് ഡി.പി.ഒ തീരുമാനിച്ചതായി അറിയിച്ചു.
വ്യക്തിഗത, സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കേണ്ടത് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും, ഡേറ്റ പരിരക്ഷയുമായി ബന്ധപ്പെട്ട നടപടികൾ കമ്പനികൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഡി.പി.ഒ കമീഷണർ ഡാനിയൽ പാറ്റേഴ്സൺ പറഞ്ഞു.
സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിന് നൽകുന്നതിന്റെ ഗൗരവമാണ് ഈ കേസ് ചൂണ്ടിക്കാട്ടുന്നതെന്നും, ഇത് പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കമ്പനികളുമായും സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുമെന്നും പാറ്റേഴ്സൺ കൂട്ടിച്ചേർത്തു.
വ്യാപാര പ്രവർത്തനങ്ങൾക്കും വ്യക്തികൾക്കും ഒരുപോലെ സുരക്ഷിതത്വവും സുതാര്യവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിൽ ക്യു.എഫ്.സി നിരന്തരം ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.