ദോഹ: യൂറോപ്യൻ ക്ലബ് ഫുട്ബാളിലെ വമ്പന്മാർ മാറ്റുരക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഔദ്യോഗിക എയർലൈൻ പങ്കാളികളായി ഖത്തർ എയർവേസ്. 2030വരെ നീളുന്ന സീസണിന്റെ കരാറിലാണ് യുവേഫയും ഖത്തർ എയർവേസും ഒപ്പുവെച്ചത്.
ഇതോടെ യുവേഫയുടെ ക്ലബ്, രാജ്യാന്തര തലത്തിലെ ടൂർണമെന്റുകളുടെ പങ്കാളിയായി ഖത്തർ എയർവേസ് മാസും. കഴിഞ്ഞ രണ്ട് യൂറോ കപ്പുകളുടെയും പങ്കാളിത്തവും ഖത്തർ എയർവേസിനായിരുന്നു.
പുതിയ കരാറോടെ യുവേഫയുടെ മറ്റു ചാമ്പ്യൻഷിപ്പുകളായ യുവേഫ സൂപ്പർകപ്, യൂവേഫ യൂത്ത് ലീഗ്, യുവേഫ ഫുട്സാൽ ചാമ്പ്യൻസ് ലീഗ് തുടങ്ങിയ ചാമ്പ്യൻഷിപ്പുകൾക്കും ആകാശക്കരുത്തായി ഖത്തർ എയർവേസുണ്ടാകും. നേരത്തേ തുർക്കിഷ് എയർലൈൻസായിരുന്നു ചാമ്പ്യൻസ് ലീഗിന്റെ എയർലൈൻ പങ്കാളിയായിരുന്നത്.
യൂറോപ്പുമായി ഖത്തർ എയർവേസിന്റെ വിശാല ബന്ധം ദൃഢമാക്കുന്നതിനൊപ്പം, തങ്ങളുടെ മികവും കാഴ്ചപ്പാടും ആഘോഷിക്കുക കൂടിയാണ് പുതിയ കരാറെന്ന് ഖത്തർ എയർവേസ് സി.ഇ.ഒ ബദർ മുഹമ്മദ് അൽ മീർ പറഞ്ഞു.
ഈ പങ്കാളിത്തം യൂറോപ്പിലെ വിവിധ മേഖലകളിലേക്ക് ഖത്തർ എയർവേസിന്റെ പ്രചാരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ പശ്ചാത്തലത്തിൽ ആരാധകർക്ക് മത്സര ദിനങ്ങളിൽ വേദികളിലെത്തിച്ചേരാൻ 12 ശതമാനം നിരക്കിളവിലെ ടിക്കറ്റ് ഓഫറും പ്രഖ്യാപിച്ചു.
ഫിഫ വേൾഡ് കപ്പ്, കോൺകകാഫ്, എ.എഫ്.സി തുടങ്ങിയ അന്താരാഷ്ട്ര ഫുട്ബാൾ ബോഡികളുമായും പി.എസ്.ജി ഉൾപ്പെടെ ക്ലബുകളുമായും ഖത്തർ എയർവേസിന് ശക്തമായ പങ്കാളിത്തമുണ്ട്.
ഫോർമുല വൺ, ഐ.പി.എൽ ഉൾപ്പെടെ ക്രിക്കറ്റ്, മോട്ടോർ റേസിങ്, ടെന്നിസ് തുടങ്ങിയ വിവിധ ചാമ്പ്യൻഷിപ്പുകളുമായും ഖത്തറിന്റെ ദേശീയ എയർലൈൻ കമ്പനിയായ ഖത്തർ എയർവേസിന് പങ്കാളിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.