ദോഹ: പെൺകരങ്ങൾക്ക് മൈലാഞ്ചിച്ചോപ്പിന്റെ ചന്തം പകരുന്ന നമ്മുടെ മൈലാഞ്ചി മരത്തിന് ഇനി ഐക്യരാഷ്ട്ര സഭാ പൈതൃക പട്ടികയുടെ തലയെടുപ്പ്. അറബ് നാടുകളിലും വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലും നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃകത്തിന്റെ ഭാഗമായ മൈലാഞ്ചിയെ (ഹെന്ന) ഖത്തർ ഉൾപ്പെടെ 16 രാജ്യങ്ങളുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്.
യുനെസ്കോയുടെ മാനവികതയുടെ അദൃശ്യ സാംസ്കാരിക പൈതൃകം എന്ന വിഭാഗത്തിലാണ് മൈലാഞ്ചി ഇടം നേടിയത്. പരാഗ്വേയിലെ അസുൻസിയോണിൽ നടന്ന യുനെസ്കോ ഇന്റർ ഗവൺമെന്റൽ കമ്മിറ്റിയുടെ 19ാമത് സെഷനിലാണ് ഹെന്നയെ പട്ടികയിലുൾപ്പെടുത്തിക്കൊണ്ടുള്ള തീരുമാനമെടുത്തത്. ഖത്തറിനുപുറമെ, ഒമാൻ, സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളും യമൻ, ജോർഡൻ, ഇറാഖ്, ഫലസ്തീൻ, ഈജിപ്ത്, സുഡാൻ, തുനീഷ്യ, അൾജീരിയ, മൊറോക്കോ, മോറിത്താനിയ എന്നീ രാജ്യങ്ങളും ആവശ്യവുമായി രംഗത്തുവന്നിരുന്നു.
കേരളം ഉൾപ്പെടെ ഇന്ത്യയിലും മൈലാഞ്ചി ഏറെ ജനപ്രീതിയാർജിച്ച അലങ്കാരങ്ങളിൽ ഒന്നാണെങ്കിലും ഇവയുടെ വേരുകൾ മിഡിൽ ഈസ്റ്റ് വടക്കൻ ആഫ്രിക്കയിൽ നിന്നാണ്.
മരുഭൂമി ഉൾപ്പെടെ ചൂടുള്ള പ്രദേശങ്ങളിൽ സജീവമായി വളരുന്ന ഒരിനം ചെടിയാണ് മൈലാഞ്ചിയെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ടുള്ള കുറിപ്പിൽ യുനെസ്കോ വ്യക്തമാക്കുന്നു. വിവിധ വടക്കൻ ആഫ്രിക്കൻ, അറബ് രാജ്യങ്ങളിൽ വർധിച്ച തോതിൽ തന്നെ കൃഷി ചെയ്യുന്ന മൈലാഞ്ചിയുടെ ഇലയും കായും ഉണക്കിയെടുത്തും അല്ലാതെയും അരച്ചെടുത്ത് അലങ്കാരത്തിനായി തയാറാക്കുന്നു.
മൈലാഞ്ചി കൃഷിയുടെയും ഹെന്ന തയാറാക്കുന്നതിന്റെയും മനോഹരമായ ഡിസൈനിങ്ങിന്റെയും രീതികൾ പരിചയപ്പെടുത്തുന്ന വിഡിയോയും ‘യുനെസ്കോ’ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അറബ് നാടുകളിലെ ആഘോഷ വേദികളിലെ പ്രധാനപ്പെട്ട പൈതൃക കാഴ്ച കൂടിയാണ് ഹെന്ന. വലിയ വലിയ ആഘോഷ പരിപാടികളിലും സൂഖുകളിലും പർദയും മുഖാവരണമായ ബതൂലയും അണിഞ്ഞ് മൈലാഞ്ചി ട്യൂബുകളിൽ സന്ദർശകരുടെ കരങ്ങളിൽ ആകർഷകമായ രൂപങ്ങൾ ഡിസൈൻ ചെയ്യുന്ന അറബ് വനിതകൾ ഗൾഫ് നാടുകളിൽ പതിവ് കാഴ്ചയാണ്.
വീടുകളിലെത്തുന്ന സന്ദർശകരെയും മൈലാഞ്ചി അണിയിച്ച് വരവേൽക്കുന്നതും പൈതൃകത്തിന്റെ ഭാഗമായി പിന്തുടരുന്നവരുണ്ട്.
ദേഹാലങ്കാരത്തിനൊപ്പം ത്വഗ് രോഗങ്ങൾക്കുള്ള പ്രതിവിധിയെന്ന നിലയിൽ ഔഷധച്ചെടിയുടെ സ്ഥാനവും ഹെന്നക്കുണ്ട്. നമ്മുടെ മലയാള നാട്ടിൽ നരകയറുന്ന മുടികൾക്ക് ചുവപ്പിന്റെ ചന്തമായും മൈലാഞ്ചിക്ക് സ്ഥാനമുണ്ട്. ദേഹാലങ്കാരത്തിനുപുറമെ അറബ്, ആഫ്രിക്കൻ സാഹിത്യത്തിലും കവിതകളിലും മറ്റുമുള്ള സ്ഥാനവും ‘യുനെസ്കോ’ പുറത്തിറക്കിയ ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.