ദോഹ: ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും അറിവിന്റെ ലോകത്തേക്ക് കൈപിടിക്കാൻ ഖത്തറിന്റെ ‘വാരിഫ്’ അക്കാദമി യാഥാർഥ്യമായി. ശാരീരിക അവശതകൾ കാരണം പഠനത്തിൽനിന്നും പിന്തള്ളപ്പെട്ടുപോയവരെ ചേർത്തുപിടിച്ച്, പൊതുവിദ്യാർഥികൾക്കൊപ്പം അവരെയും പഠന വഴിയിൽ നയിക്കാൻ ലക്ഷ്യമിട്ടുള്ള ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ ‘വാരിഫ് അക്കാദമി’ ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ ഫൗണ്ടേഷന്റെ എജുക്കേഷൻ, സയൻസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെന്റുമായി സഹകരിച്ചാണ് ആഗോള നിലവാരത്തിലെ ഭിന്നശേഷി പഠന പരിശീലനകേന്ദ്രം തുറന്നത്. ഖത്തറിലെ ആദ്യ സ്പെഷലൈസ്ഡ് കേന്ദ്രം കൂടിയാണിത്.
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ, സാമൂഹിക വികസന-കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി എന്നിവർ ഉൾപ്പെടെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ശാരീരിക വൈകല്യങ്ങളുള്ളവരെ കൂടി ഉൾക്കൊണ്ട്, അവർക്കും അവസരം സൃഷ്ടിക്കുകയെന്ന ഖത്തറിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വാരിഫ് അക്കാദമിയെന്ന് മന്ത്രി ലുൽവ ബിൻത് റാഷിദ് പറഞ്ഞു.
വിദ്യാർഥികൾക്ക് അനുയോജ്യവും സമഗ്രവും ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം വാരിഫ് അക്കാദമി മുന്നോട്ടുവെക്കുന്നു. സമൂഹവുമായി ഇഴുകിച്ചേരാനും, അവരുടെ കഴിവുകൾ ശക്തിപ്പെടുത്താനുമുള്ള വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊണ്ടാണ് വാരിഫ് അക്കാദമി പ്രവർത്തിക്കുക. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിൽ പ്രധാനം എന്നതിനൊപ്പം വിദ്യാഭ്യാസം അടിസ്ഥാന അവകാശം കൂടിയാണെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ, പുനരധിവാസ സേവനങ്ങളോടെയുള്ള ആദ്യ സർക്കാർ സ്കൂളായാണ് ‘വാരിഫ്’ പ്രവർത്തനമാരംഭിക്കുന്നത്. ശാരീരിക വൈകല്യങ്ങൾക്കൊപ്പം പഠനവൈകല്യങ്ങളും നേരിടുന്ന വിദ്യാർഥികൾക്കും ഇവിടെ പരിഹാരമുണ്ടാവും.
മൂന്ന് മുതൽ 21 വയസ്സുവരെയുള്ളവർക്കാവും പ്രവേശനം. വിദ്യാഭ്യാസ, ജീവിത നൈപുണ്യ വികസനത്തിനായി പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിച്ചാവും പ്രവർത്തനം.
ഓരോ കുട്ടിക്കും വ്യക്തികേന്ദ്രീകൃതമായ ആരോഗ്യ, വിദ്യാഭ്യാസ പരിചരണം ഉറപ്പാക്കും. ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി, സ്പീച്ച് ആൻഡ് ലാംഗ്വേജ് തെറപ്പി, കൗൺസലിങ്, സാങ്കേതിക പഠനം എന്നിവ ഉൾപ്പെടും. ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് വിവിധ മേഖലകളിൽ വിദഗ്ധരായ അധ്യാപകരുടെയും പരിശീലകരുടെയും സാന്നിധ്യവും ഉറപ്പാക്കും.
വിവിധ ഘട്ടങ്ങളിലായാണ് അക്കാദമി സമ്പൂർണ പ്രവർത്തന ക്ഷമമാവുകയെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യഘട്ടം ഈ വർഷം ജനുവരിയിൽ തന്നെ ആരംഭിക്കും. തുടക്കത്തിൽ മൂന്ന് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായി അഞ്ച് ക്ലാസ് മുറികളോടെയാണ് പ്രവർത്തനം. 21 വയസ്സ് വരെയുള്ള വിദ്യാർഥികളെ ഉൾക്കൊള്ളുന്നതിനായി വരും വർഷങ്ങളിൽ വികസനം തുടരും. 2028-2029 അധ്യയന വർഷത്തോടെ, അക്കാദമിയിൽ 150 വിദ്യാർഥികളെ ഉൾക്കൊള്ളാൻ കഴിയുന്ന 25 ക്ലാസ് മുറികൾ സജ്ജമാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.