ഫിബ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം
ലോകകപ്പ് വേദി സന്ദർശിക്കുന്നു
ദോഹ: ലോകകപ്പ് ഫുട്ബാളിന് പിന്നാലെ, ഖത്തർ വേദിയാവുന്ന മറ്റൊരു ലോകകായിക മാമാങ്കമായ ഫിഫ ബാസ്കറ്റ് ലോകകപ്പിന് മുന്നോടിയായ രാജ്യാന്തര ഫെഡറേഷൻ ഭാരവാഹികൾ ഖത്തറിലെത്തി.
2027ൽ ഖത്തർ വേദിയാവുന്ന ചാമ്പ്യൻഷിപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഇന്റർനാഷനൽ ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) പ്രസിഡന്റ് ഹമാനെ നിയാങ്, സെക്രട്ടറി ജനറൽ ആന്ദ്രെ സഗ്ക്ലിസ്, മുതിർന്ന ഉദ്യോഗസ്ഥർ, ഫിബ ടെക്നിക്കൽ ടീം എന്നിവർ ഉൾപ്പെടുന്ന ഉന്നത സംഘം ദോഹയിലെത്തിയത്. ആദ്യമായി മിഡിൽഈസ്റ്റ്-അറബ് ലോകത്തേക്ക് വരുന്ന ബാസ്കറ്റ്ബാൾ ലോകകപ്പിന് വിജയകരമായി വേദിയൊരുക്കാൻ ഖത്തറിന് കഴിയുമെന്ന് സംഘം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ടൂർണമെന്റിന്റെ വേദികളായി പരിഗണിക്കുന്ന ലുസൈൽ മൾട്ടിപർപസ് ഹാൾ, ദുഹൈൽ സ്പോർട്സ് ഹാൾ, അലി ബിൻ ഹമദ് അൽ അതിയ്യ അറിന, ആസ്പയർ അക്കാദമി എന്നിവ സന്ദർശിച്ച സംഘം ഖത്തറിന്റെ നിർമിതികളെ അഭിനന്ദിച്ചു. ഏപ്രിലിൽ മനിലയിൽ നടന്ന ഫിബ സെൻട്രൽ ബോർഡ് യോഗത്തിലായിരുന്നു 2027 ബാസ്കറ്റ്ബാൾ ലോകകപ്പ് വേദിയായി ഖത്തറിനെ തെരഞ്ഞെടുത്ത്. സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുമായി ഫിബ പ്രസിഡന്റും സംഘവും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.