റിയാദ്: സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതിനും തയ്ക്കുന്നതിനുമുള്ള വ്യവസ്ഥകൾ ലംഘിച്ച് പ്രവർത്തിച്ച കടകളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടി.
റിയാദ് മേഖലയിൽ സൈനിക വസ്ത്രങ്ങൾ വിൽക്കുന്നതും തുന്നുന്നതും നിരീക്ഷിക്കുന്നതിനുള്ള സുരക്ഷാസമിതിയാണ് ഇത്രയും സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടിയത്. ലൈസൻസില്ലാതെ സൈനിക വസ്ത്രങ്ങൾ തുന്നിയ ആറ് അനധികൃത കടകൾ അടച്ചുപൂട്ടുകയും ചെയ്തു.
‘ഹൂറുബ്’ റിപ്പോർട്ട് ചെയ്ത രണ്ട് തൊഴിലാളികളെ സ്ഥലത്ത് നിന്ന് പിടികൂടി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സൈനിക വസ്ത്രങ്ങൾ തുന്നുന്ന മേഖലയിലെ ലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനും റിയാദ് മേഖല ഗവർണറുടെയും ഡെപ്യൂട്ടി ഗവർണറുടെയും നിർദേശങ്ങളുടെയും തുടർനടപടികളുടെയും അടിസ്ഥാനത്തിൽ ഇതിനായുള്ള സമിതിക്ക് കീഴിൽ നിരീക്ഷണം തുടരുകയാണ്.
നാഷനൽ ഗാർഡ് മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി പ്രസിഡൻസി, റിയാദ് മേഖല പൊലീസ്, പാസ്പോർട്ട് വകുപ്പ്, മേഖല മുനിസിപ്പാലിറ്റി, റിയാദ് ലേബർ ഓഫീസ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.