റിയാദ്: അനധികൃത റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾക്കെതിരെ നടപടി കർശനമാക്കി. പൊതുസ്ഥലങ്ങളിൽ നിയമം ലംഘിച്ച് പ്രത്യക്ഷപ്പെട്ട 9,600 റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ കണ്ടെത്തിയെന്ന് സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി വ്യക്തമാക്കി. ആഗസ്റ്റ് മാസത്തിൽ അതോറിറ്റി 16,800 ഫീൽഡ് നിരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.
നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പരസ്യങ്ങളുടെയും ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് രീതികളുടെയും സ്ഥിരത പരിശോധിക്കുന്നതിന് ഡിജിറ്റൽ ചാനലുകളെയും റിയൽ എസ്റ്റേറ്റ് പ്ലാറ്റ്ഫോമുകളെയും ലക്ഷ്യമാക്കിയുള്ള മേൽനോട്ടം തുടരുകയാണെന്നും അതോറിറ്റി പറഞ്ഞു.
മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ അതോറിറ്റി 14 സംയുക്ത നിരീക്ഷണ സന്ദർശനങ്ങൾ നടത്തി. റിയാദ്, കിഴക്കൻ പ്രവിശ്യ, മക്ക, ഖസീം എന്നീ പ്രവിശ്യകളിലെ 180 റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾ സന്ദർശിച്ചു.
റിയൽ എസ്റ്റേറ്റ് നിയമനിർമാണവും റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സംവിധാനവും സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ പരിശോധനയെന്നും അതോറിറ്റി വ്യക്തമാക്കി.
മുന്നറിയിപ്പുകൾ, ലൈസൻസ് സസ്പെൻഷൻ അല്ലെങ്കിൽ റദ്ദാക്കൽ, സാമ്പത്തിക പിഴകൾ എന്നിവ ഉൾപ്പെടുന്ന പിഴകൾ ഒഴിവാക്കുന്നതിന് റിയൽ എസ്റ്റേറ്റ് ചട്ടങ്ങളുടെ നിയമങ്ങൾ പാലിക്കാൻ എല്ലാ ബ്രോക്കർമാരോടും റിയൽ എസ്റ്റേറ്റ് സേവന ദാതാക്കളോടും അതോറിറ്റി ആഹ്വാനം ചെയ്തു. റിയൽ എസ്റ്റേറ്റ് ലംഘനങ്ങളോ വഞ്ചനയോ ഉണ്ടെന്ന് സംശയിക്കുന്നെങ്കിൽ രാജ്യത്തെ പൗരന്മാരോടും വിദേശ താമസക്കാരോടും അത് അറിയിക്കാനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.