ജിദ്ദ: ടെലികമ്യൂണിക്കേഷൻ രംഗത്ത് സൗദി അറേബ്യയിലെ എസ്.ടി.സി ഗ്രൂപ്പ് തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. 2024 ലെ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട് അനുസരിച്ച് ഗ്ലോബൽ തലത്തിൽ ടെലികോം മേഖലയിലെ 500 കമ്പനികളുടെ പട്ടികയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തവും മൂല്യവത്തായ ബ്രാൻഡായും എസ്.ടി.സി ഗ്രൂപ്പ് സ്ഥാനം നേടി. തുടർച്ചയായ അഞ്ചാം വർഷമാണ് ഈ നേട്ടം കമ്പനി നിലനിർത്തിയത്. ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനവും നേടി. ഇതുവഴി ആഗോള ടെലികോം മേഖലയിലെ മുൻനിര ശക്തിയെന്ന സ്ഥാനം എസ്.ടി.സി ഗ്രൂപ്പ് സ്ഥിരീകരിക്കുന്നു.
വിവിധ മേഖലകളിലുടനീളമുള്ള ഏറ്റവും മൂല്യവത്തായതും ശക്തവുമായ ബ്രാൻഡുകളെ വിലയിരുത്തുകയും റാങ്ക് ചെയ്യുകയും ചെയ്യുന്ന ഒരു ആഗോള റഫറൻസാണ് ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ട്. ലോകത്തിലെ മുൻനിര സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണയ കൺസൾട്ടൻസിയാണ് ‘ബ്രാൻഡ് ഫിനാൻസ്’. ബ്രാൻഡുകളുടെ പ്രകടനം, സാമ്പത്തിക ശക്തി, വിപണി സ്വാധീനം എന്നിവയുടെ സമഗ്രമായ വിശകലനം റിപ്പോർട്ട് നൽകുന്നു.
2024ൽ എസ്.ടി.സി ഗ്രൂപ്പ് ബ്രാൻഡ് ഐഡൻറിറ്റിയുടെ മൂല്യം 16 ശതമാനം വളർച്ച കൈവരിച്ച് 161 കോടി ഡോളറിലെത്തിയതായി റിപ്പോർട്ട് പറയുന്നു. ഗ്ലോബൽ തലത്തിലെ 500 കമ്പനികളുടെ പട്ടികയിൽ ശക്തമായ ബിസിനസ് പ്രകടനവും മെച്ചപ്പെട്ട ബ്രാൻഡ് ശക്തിയും (ബി.എസ്.ഐ) അടിസ്ഥാനമാക്കി 100 പോയിൻറുകളിൽ 88.7 പോയിൻറ് എസ്.ടി.സി ഗ്രൂപ്പ് കരസ്ഥമാക്കി.
മറ്റു മേഖലകളിൽ നിന്നുള്ള ബ്രാൻഡുകൾ കൂടി ഉൾപ്പെടുത്തിയാൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യവത്തായ ബ്രാൻഡുകളിൽ മൂന്നാം സ്ഥാനത്തുണ്ട് എസ്.ടി.സി ഗ്രൂപ്പ്. സൗദി അറേബ്യയുടെ എണ്ണയുൽപ്പാദന ഭീമനായ അരാംകോ കമ്പനിയാണ് സൗദിയിൽ ഏറ്റവും മൂല്യവത്തായ ബ്രാൻഡ്.
തൊട്ടു പിറകിൽ എസ്.ടി.സി ഗ്രൂപ്പ് രണ്ടാം സ്ഥാനത്തുണ്ട്. ടെലികമ്യൂണിക്കേഷൻസിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും നൂതന സാങ്കേതികവിദ്യകളിലും നിക്ഷേപിക്കുന്നതിൽ ഗ്രൂപ്പ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും അഞ്ചാം വർഷവും മിഡിൽ ഈസ്റ്റിലെ ഏറ്റവും ശക്തമായ ബ്രാൻഡായും മേഖലയിലെ ടെലികോം രംഗത്തെ ഏറ്റവും മൂല്യവത്തായ ബ്രാൻഡായും തങ്ങൾ റാങ്ക് ചെയ്യപ്പെട്ടതിൽ ഏറെ അഭിമാനമുണ്ടെന്നും എസ്.ടി.സി ഗ്രൂപ്പ് കോർപറേറ്റ് റിലേഷൻസ് വൈസ് പ്രസിഡൻറ് മുഹമ്മദ് ബിൻ റാഷിദ് അബാൽഖൈൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.