അൽഖോബാർ: രാജ്യത്തെ വാഹന (ഓട്ടോമോട്ടീവ്) വിപണി മേഖലയിലെ നിയമലംഘനങ്ങൾക്കെതിരെ നടപടി ശക്തമാക്കുന്നു. വാഹനങ്ങളുടെയും സ്പെയർപാർട്സുകളുടെയും വിപണനവുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
ജനറൽ അതോറിറ്റി ഫോർ കോംപറ്റീഷൻ (ജി.എ.സി) ഈ രംഗത്തെ വിദഗ്ധരുമായി സഹകരിച്ച് നടത്തിയ പഠനത്തിലും പരിശോധനയിലുമാണ് ലംഘനങ്ങൾ കണ്ടെത്തിയത്. ചില്ലറ വിൽപന, സ്പെയർപാർട്സ്, വിൽപനാനന്തര സേവനം, വിപണി ഘടനകൾ, സ്ഥാപനങ്ങളുടെ പെരുമാറ്റം, മത്സരത്തിൽ അതിന്റെ സ്വാധീനം തുടങ്ങി വിപണിക്ക് ഹാനികരമായേക്കാവുന്ന വസ്തുതകളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്.
വാഹന മേഖലയിലെയും അനുബന്ധ പ്രവർത്തനങ്ങളിലെയും മത്സരം ഉപഭോക്തൃ ക്ഷേമത്തെ ബാധിക്കുന്നതായി അധികൃതർ കണ്ടെത്തുകയുണ്ടായി. നിയമലംഘനങ്ങൾ കണ്ടെത്തിയ ഇടങ്ങളിൽ സ്ഥാപനങ്ങളുടെ എല്ലാത്തരം കരാറുകളും നിരോധിക്കുന്ന നടപടികളുമായി അധികൃതർ മുന്നോട്ടുപോകും. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ സ്വീകരിക്കുമെന്നും ജി.എ.സി വ്യക്തമാക്കി.
ഓട്ടോമോട്ടീവ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ന്യായമായ മത്സരത്തിന്റെ പ്രാധാന്യം ഉറപ്പാക്കുകയും പദവി ശരിയാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.