റിയാദ്: സിറിയയിൽ സമഗ്ര രാഷ്ട്രീയ പ്രക്രിയ ആരംഭിക്കുന്നതിന് അറബ് ലോകത്തിന്റെ പിന്തുണ. സിറിയൻ വിഷയത്തിൽ അറബ് ലീഗിന്റെ തീരുമാനപ്രകാരം രൂപവത്കരിച്ച അറബ് രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാൾ ഉൾപ്പെട്ട സമിതിയുടെ യോഗമാണ് സമാധാനപരമായ സിറിയൻ രാഷ്ട്രീയ പരിവർത്തന പ്രക്രിയക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. സിറിയൻ ജനതക്കൊപ്പം നിൽക്കാനും ഈ പ്രതിസന്ധി ഘട്ടത്തിൽ അവർക്ക് എല്ലാ സഹായവും പിന്തുണയും നൽകാനും ജനഹിതത്തെയും തെരഞ്ഞെടുപ്പുകളെയും മാനിക്കാനും ജോർഡനിലെ അഖബയിൽ നടന്ന യോഗത്തിൽ പുറത്തിറക്കിയ അന്തിമ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
സ്ത്രീകൾ, യുവജനങ്ങൾ, സിവിൽ സമൂഹം എന്നിവയുൾപ്പെടെ എല്ലാ സിറിയൻ രാഷ്ട്രീയ-സാമൂഹിക ശക്തികൾക്കും രാഷ്ട്രീയ പ്രക്രിയയിൽ ന്യായമായ പ്രതിനിധാനം ഉണ്ടാകണം. 2254ാം നമ്പർ യു.എൻ സെക്യൂരിറ്റി കൗൺസിൽ പ്രമേയത്തിന്റെ തത്ത്വങ്ങൾ, ലക്ഷ്യങ്ങൾ, സംവിധാനങ്ങൾ എന്നിവക്ക് അനുസൃതമായി യു.എന്നും അറബ് ലീഗും അതിന് മേൽനോട്ടം വഹിക്കണമെന്നും അന്തിമ പ്രസ്താവനയിൽ പറഞ്ഞു. സിറിയൻ സമവായത്തോടു കൂടിയ ഒരു പരിവർത്തന പ്രകിയ ഗവേണിങ് ബോഡി രൂപവത്കരിക്കുന്നതിന്റെ പ്രാധാന്യം സമിതി ഊന്നിപ്പറഞ്ഞു. പരിവർത്തന ഘട്ടത്തിൽനിന്ന് ഒരു പുതിയ രാഷ്ട്രീയ സംവിധാനത്തിലേക്ക് മാറുന്നതിന് പ്രമേയം വ്യക്തമാക്കിയ ഘട്ടങ്ങൾ നടപ്പാക്കാൻ ആരംഭിക്കണം. യു.എൻ മേൽനോട്ടത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളിലൂടെ സിറിയക്കാർ അംഗീകരിച്ച ഒരു പുതിയ ഭരണഘടനയെ അടിസ്ഥാനമാക്കി, പ്രമേയം അംഗീകരിച്ച സംവിധാനങ്ങൾക്കനുസൃതമായി നിർദിഷ്ട സമയത്തിനുള്ളിൽ സിറിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റണം.
സിറിയയിലെ യു.എൻ പ്രതിനിധിയുടെ പങ്കിനെ പിന്തുണക്കാൻ സമിതി ആഹ്വാനം ചെയ്തു. അതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് യു.എൻ സെക്രട്ടറി ജനറലിനോട് അഭ്യർഥിച്ചു. സിറിയയിലെ പരിവർത്തന പ്രക്രിയയെ പിന്തുണക്കാനും സ്പോൺസർ ചെയ്യുന്നതിനും സഹായിക്കുന്നതിനും പ്രദേശിക നേതൃത്വത്തിലുള്ള രാഷ്ട്രീയ പ്രക്രിയ കൈവരിക്കാൻ ആ ജനതയെ സഹായിക്കുന്നതിന് ഒരു യു.എൻ ദൗത്യം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
നിരവധി വർഷത്തെ കഷ്ടപ്പാടുകൾക്കും ത്യാഗങ്ങൾക്കും ശേഷം സിറിയൻ ജനത അർഹിക്കുന്ന സ്വതന്ത്രവും സുരക്ഷിതവും സുസ്ഥിരവും ഏകീകൃതവുമായ സിറിയയെ കെട്ടിപ്പടുക്കാൻ ദേശീയ സംവാദം ആവശ്യമാണ്. ഒപ്പം ആ ജനതയോടുള്ള ഐക്യദാർഢ്യവും വേണമെന്ന് സമിതി ചൂണ്ടിക്കാട്ടി. എല്ലാ സൈനിക നടപടികളും ഉടൻ അവസാനിപ്പിക്കണം. വംശത്തിന്റെയോ വിഭാഗത്തിന്റെയോ മതത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു വിവേചനവുമില്ലാതെ സിറിയൻ ജനതയുടെ അവകാശങ്ങളെ മാനിക്കുകയും എല്ലാ പൗരന്മാർക്കും നീതിയും സമത്വവും ഉറപ്പാക്കുകയും ചെയ്യേണ്ടതുണ്ട്. സിറിയൻ ഭരണകൂട സ്ഥാപനങ്ങളെ സംരക്ഷിക്കണം. അരാജകത്വത്തിലേക്ക് വഴുതി വീഴുന്നതിൽനിന്ന് സിറിയയെ സംരക്ഷിക്കുകയും പൗരന്മാരെയും അവരുടെ സ്വത്തുക്കളെയും സിറിയൻ ഭരണകൂടത്തിന്റെ വിഭവശേഷിയെയും സംരക്ഷിക്കാൻ ഒരു പൊലീസ് സേനയെ ശാക്തീകരിക്കാൻ ഉടൻ പ്രവർത്തിക്കുകയും ചെയ്യണം. ഭീകരതയെ ചെറുക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് സിറിയക്കും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്കും ഭീഷണിയാണെന്ന വസ്തുതയുടെ വെളിച്ചത്തിൽ അതിനെ ചെറുക്കുന്നതിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകത സമിതി ചൂണ്ടിക്കാട്ടി.
സിറിയയുടെ ബഫർ സോണിലേക്കുള്ള ഇസ്രായേലിന്റെ നുഴഞ്ഞുകയറ്റത്തെയും അധിനിവേശത്തെയും അപലപിക്കുന്നു. അത് അനുവദിക്കാവുന്നതല്ല. ഗോലാൻ കുന്നുകൾ സിറിയൻ അറബ് പ്രദേശമാണ്. അതിന്മേലുള്ള അധിനിവേശം അവസാനിപ്പിക്കണം. നുഴഞ്ഞുകയറ്റങ്ങൾ തടയാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ യു.എൻ സുരക്ഷ കൗൺസിലിനോട് പ്രസ്താവന ആവശ്യപ്പെട്ടു.
സിറിയയുടെ സുരക്ഷയും സുസ്ഥിരതയും മേഖലയിലെ സുരക്ഷയുടെയും സ്ഥിരതയുടെയും തൂണുകളാണ്. അതിലെ എല്ലാ പൗരന്മാർക്കും ഒരു ഏകീകൃതവും സ്വതന്ത്രവും സുസ്ഥിരവും സുരക്ഷിതവുമായ അറബ് രാഷ്ട്രമായി സിറിയയെ പുനർനിർമിക്കുന്ന പ്രക്രിയയിൽ സിറിയൻ ജനതക്കൊപ്പം നിലകൊള്ളുമെന്നും സമിതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.