നാടും മേടും ഭേദമില്ലാതെ യാത്ര ചെയ്തലഞ്ഞ യൗവ്വനകാലമുണ്ടായിരുന്നു ജീവിതത്തിൽ. ആഴ്ചയിലൊരിക്കൽ വീട്ടിലെത്തുന്നതോ മിക്കവാറും അർദ്ധരാത്രിയും. പടികടക്കുമ്പോൾ ഒന്ന് ചുമയ്ക്കും, ഞാൻ വരുന്നു എന്നറിയിക്കാൻ. വീടിന്റെ കോലായയിലേക്ക് കയറുമ്പോഴേക്ക് ബാപ്പ ഉണർന്നിട്ടുണ്ടാവും.
ഒരു കുടുംബത്തെ കാക്കുന്ന ഗൃഹനാഥൻ ഉറക്കത്തിലും ഉറങ്ങാതെ കാവലിരിക്കുന്ന കാര്യത്തിന്റെ ഗൗരവം അന്നൊന്നും അത്ര ചിന്തിച്ചിരുന്നില്ല. പിന്നീട് ദൈവാനുഗ്രഹത്താൽ പിതാവായപ്പോഴാണ് ഖൽബിലെ കനലുരുക്കം അറിയുന്നതും അനുഭവിക്കുന്നതും. പിന്നെ വീട് വിട്ട് പ്രവാസമായപ്പോൾ ഹൃദയമിടിപ്പിന്റെ എണ്ണം തന്നെ കൂടി, അതും നേരവും കാലവുമില്ലാതെ. ആധിയാണ് മനം നിറയെ, സ്നേഹ വാത്സല്യങ്ങളെക്കാളേറെ.
ഇലയനങ്ങുന്ന ശബ്ദം കേട്ടാൽ അറിഞ്ഞ് ഉണർന്ന് നോക്കുന്ന പിതാവിന്റെ നെഞ്ചിലെ വേവലാതിയുടെ വേവറിഞ്ഞത് താനും ഒരു പിതാവായപ്പോൾ. അതിനുമപ്പുറം കോലം കെട്ട കാലത്തിന് കൂട്ടായി കാല ജന്മങ്ങൾ പെരുകിയ ഇക്കാലത്ത് ജീവിതം കടലിനപ്പുറവുമായി. അപ്പോൾ പിന്നെ മനസ്സിലെ ബേജാറും വേവും നോവും എത്രയെന്നത് ഊഹത്തിനുമപ്പുറം.
പ്രവാസികളിലെ ജീവിതശൈലീ രോഗങ്ങളുടെ ഉയർന്ന തോത് താളം തെറ്റിയ ഭക്ഷണക്രമത്തിന്റെയെന്ന് പഴിക്കപ്പെടാനുള്ളതല്ല, അരികിലില്ലാത്ത സ്വന്തക്കാരെ ഓർത്ത് വെന്തുരുകുന്ന മനസിന്റെയാണത്. പ്രവാസികളിലെ ഹൃദയസ്തംഭന മരണനിരക്ക് ഭയപ്പെടുത്തുന്ന തലത്തിലെത്തിയത് താളംതെറ്റിയ ജീവിത ഭക്ഷണക്രമത്തിന്റെ മാത്രം കാരണമായല്ല, നാട്ടിലുള്ളവരുടെ കാര്യമോർത്തുള്ള ആധിയും അവരുടെ കൂടെയല്ലാത്തതിന്റെ ആശങ്കയും നുരഞ്ഞുയരുന്ന മനസ്സിന്റെയാണ്.
വേണ്ടപ്പെട്ടവരുടെ ശബ്ദത്തിലെ വ്യത്യാസവും തേങ്ങലും കേട്ട് ഒന്ന് തലോടാനോ ആശ്വസിപ്പിക്കാനോ സാധിക്കാത്ത നിസ്സഹായത നിമിത്തം ക്രമാതീതമായി മിടിക്കുന്ന ഹൃദയം പേറുന്നവരാണ് പ്രവാസികൾ. കൊഞ്ചൽ ശബ്ദം കേട്ട് ഒന്നെടുക്കാനോ ലാളിക്കാനോ സാധിക്കാത്തതിന്റെ ദയനീയാവസ്ഥയാൽ പെരുമ്പറ പോലെ മുഴക്കുന്ന ഹൃദയമുള്ളവരാണ് പ്രവാസികൾ.
ഇവിടെ ഭയങ്കര ചൂടാണ്, നിങ്ങൾക്കവിടെ എസി ഉണ്ടല്ലേ എന്ന നിഷ്കളങ്ക ബാല്യങ്ങളുടെ ചോദ്യത്തിന് മുമ്പിൽ തേങ്ങിപ്പോകുന്ന സാധാരണ പ്രവാസിയുടെ ഉള്ളും കലങ്ങുന്നത് അളക്കാൻ ഏത് മാപിനിയുണ്ട് ലോകത്ത്. ഒറ്റക്ക് ജീവിക്കുകയല്ല, ഉരുകിത്തീരുകയാണ് ഓരോ പ്രവാസിയും.
നാട്ടുവിശേഷം തിരഞ്ഞ് പത്രങ്ങളുടെ നാട്ടെഡിഷൻ വായിക്കുന്ന പതിവുണ്ട് പ്രവാസികൾക്ക്, വായിച്ച് തീരുമ്പോഴേക്ക് മനസ്സിൽ കാർമേഘം മൂടിയിട്ടുണ്ടാവും, ഓരോ വാർത്ത കാണുമ്പോഴേക്കും. എരിതീയിൽ എണ്ണയൊഴിക്കുന്ന പോലെ ചറപറാ പറന്നെത്തുന്ന നാട്ടിലെ വാർത്തകളുടെ വാട്സ്ആപ് സന്ദേശങ്ങൾ വിതക്കുന്ന വേവലാതികൾ ചെറുതല്ല പ്രവാസികളിൽ. പിന്നെ അക്കാര്യമെല്ലാം വീട്ടിൽ വിളിച്ച് ആശങ്കയോടെ പറഞ്ഞ് ഫലിപ്പിക്കാനുള്ള വ്യഗ്രതയാവും ഉള്ളിൽ.
കുടുംബത്തിന്റെ അസുഖവും സ്വന്തക്കാരുടെ മരണവും മക്കളുടെ വളർച്ചയും നാട്ടിലെ തട്ടിപ്പും വെട്ടിപ്പും ചതിക്കുഴികളും വേട്ടയാടലുകളുമായി പ്രവാസിയുടെ മനസ്സിനെ പ്രയാസപ്പെടുത്താൻ ഓരോ ദിവസവുമുണ്ടാവും നിരവധി. രാഷ്ട്രീയ-സംഘടനാ ബന്ധമുള്ളവർക്ക് അതിന്റെതായ നേട്ട-കോട്ട കാര്യങ്ങളും. പ്രവാസിയെ വേട്ടയാടാനും ഉറക്കം കളയാനുമുള്ള ഒട്ടനവധി ഓരോ ദിവസവും മനസ്സിന്റെ വലക്കണ്ണിയിലേക്ക് വന്നടിഞ്ഞ് കൊണ്ടേയിരിക്കും.
താനിവിടെ തനിച്ചാണെന്ന മനോവേദനക്ക് ജോലിയിലെ നൂലാമാലകളുടെ തലവേദന കൂട്ടാകുമ്പോൾ വീട്ടിലെയും നാട്ടിലെയും കാര്യമോർത്തുള്ള ആശങ്കപ്പെടൽ മനസ്സിനും ശരീരത്തിനും ബോണസായി വരുന്ന അസുഖങ്ങളാണ്. വീട്ടിലെ ഓരോ കാര്യത്തിലും ശ്രദ്ധയും നോട്ടവും എത്തേണ്ട ചുമതലയുള്ള ഗൃഹനാഥൻ ആയിരം കാതങ്ങൾക്കപ്പുറം നിസ്സഹായനായി നാലു ചുമരുകൾക്കുള്ളിൽ കിടന്ന് വേവുമ്പോൾ അത് ജീവിത ശൈലീ രോഗങ്ങളെന്ന ഓമനപ്പേരായി വ്യാഖ്യാനിച്ച് സായൂജ്യമടയും ഏറെപ്പേരും.
കൊടുങ്കാറ്റ് വരുമ്പോൾ പിടിച്ച് നിൽക്കാനാവാതെ വേരടർന്ന് തകർന്ന് വീഴുന്ന വന്മരം കണക്കെ നാട്ടിൽ നിന്നെത്തുന്ന അശുഭ വാർത്തകൾക്കും ബേജാറിനും മുന്നിൽ സഹിക്കാനാവാതെ ഹൃദയം തകർന്ന് നിശ്ചേതനാവുന്ന പ്രവാസി വല്ലാത്തൊരു കടംകഥ തന്നെയാണ്. ജീവിതത്തിൽ തനിച്ചാവുക എന്നതല്ല, തനിച്ചാകുമ്പോൾ മനസ്സിനെ മഥിക്കുന്ന ചിന്തകളുണ്ടാവുക എന്നതാണ് പ്രവാസി നേരിടുന്ന വെല്ലുവിളി. ഉറ്റവരെ വിട്ടകന്ന് ജീവിക്കുക എന്നതല്ല,
തലക്കകത്ത് ആശങ്കയുടെ ചുഴലിക്കാറ്റ് തീർക്കുന്ന കാര്യങ്ങളുണ്ടാവുക എന്നതാണ് പ്രവാസിയെ ഉലക്കുന്ന പ്രതിസന്ധി. കനലെരിയുന്ന നെഞ്ചിൽ വെച്ചുറങ്ങാൻ കണ്ണീരിൽ ചാലിച്ചെഴുതിയ കത്തുണ്ടായിരുന്ന കാലത്തേക്കാൾ കാലം ഏറെ വളർന്ന് കൈയെത്തിപ്പിടിക്കാനാവാതെ കണ്ണാടിപ്പെട്ടിയിൽ കോലം കണ്ട് സംസാരിക്കുന്ന കാലത്തെത്തിയെങ്കിലും പ്രവാസിയുടെ തേങ്ങൽ ശബ്ദവും മനസ്സിലെ സങ്കടത്തിരമാലയുടെ ഇരമ്പലും ഇനിയും മാറിയിട്ടില്ല. ചൊവ്വാഗ്രഹത്തെ എത്തിപ്പിടിക്കാൻ ആയിട്ടും ഉത്തരങ്ങളെത്തിപ്പിടിക്കാനാവാത്ത സമസ്യയായി തന്നെ ഇന്നും തുടരുന്നു പ്രവാസവും പ്രവാസിയും..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.