മക്ക: ഹജ്ജിനിടെ ഹാജിമാര്‍ കൂടുതൽ സമയം ചെലവഴിക്കുന്ന പുണ്യനഗരമാണ് മിന. ദുല്‍ഹജ്ജ് എട്ടിനും 10നും രാത്രി താമസിക്കുന്ന സ്ഥലമാണിത്. ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താഴ്വര ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരികൂടിയാണ്. മസ്ജിദുൽ ഹറാമിെൻറ വടക്കുകിഴക്ക് ഏകദേശം ഏഴു കിലോമീറ്റർ അകലെയാണ് രണ്ട് ഭാഗങ്ങളും മലകളാൽ ചുറ്റപ്പെട്ട മിന താഴ്വാരം. മക്കക്കും മുസ്തലിഫക്കും ഇടയിൽ 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന വിശാലമായ ഇടമാണിത്. മരുഭൂയാത്രക്കായി ഒട്ടകങ്ങളെ മാത്രം ഉപയോഗിച്ചിരുന്ന കാലത്ത് ഹജ്ജിനെത്തുന്നവർ അറഫ സംഗമത്തിെൻറ മുന്നോടിയായി ഒട്ടകങ്ങൾക്ക് വെള്ളം നൽകി തയാറാക്കി നിർത്തിയിരുന്നത് മിനയിലായിരുന്നു. മതപരവും ചരിത്രപ്രധാനവുമായ സ്ഥലമാണ് മിന താഴ്വര.
പ്രവാചകൻ ഇബ്രാഹീമും മകൻ ഇസ്മാഇൗലുമായി ബന്ധപ്പെട്ടതാണ് ഹജ്ജിെൻറ ചരിതം. ഇവരുടെ ചരിത്രവുമായി ബന്ധപ്പെട്ട ബലികർമവും ജംറകളിലെ കല്ലേറും ഇവിടെ നിന്നാണ് ഹാജിമാർ നിർവഹിക്കുന്നത്. ബലിയറുക്കപ്പെടുന്ന മൃഗങ്ങളുടെ രക്തം ഒഴുക്കപ്പെടുന്ന സ്ഥലമെന്ന അർഥത്തിലാണ് 'മനാ' എന്ന പദത്തില്‍നിന്ന് 'മിന' എന്ന പേര് പരിണമിച്ചത്. ജനം ഒരുമിച്ചുകൂടുന്ന സ്ഥലമെന്ന അര്‍ഥത്തിലും മിനയെന്ന വാക്ക് ഉപയോഗിക്കാറുണ്ട്. ഹറമിെൻറ പരിധിക്കുള്ളില്‍ വരുന്ന സ്ഥലമാണ് മിന. ഇവിടെവെച്ച് ദൈവം അടിമകളുടെ പാപം കഴുകിക്കളഞ്ഞ് അവര്‍ക്ക് അനുഗ്രഹം (മന്ന) നല്കുന്നു എന്ന് സൂചിപ്പിക്കുന്നതുമാകാം മിനയെന്ന പേര്.
ദൈവിക നിർദേശപ്രകാരം പ്രവാചകൻ ഇബ്രാഹീം, പുത്രന് ഇസ്മാഈലിനെ ബലിനല്കാന് കൊണ്ടുവന്ന സ്ഥലവും പിന്തിരിപ്പിക്കാൻ ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞ സ്ഥലവും മിനയാണ്. വിടവാങ്ങൽ ഹജ്ജ് കർമത്തിൽ പ്രവാചകൻ മുഹമ്മദിന് ഖുർആനിലെ 'അന്നസ്ർ' അധ്യായം അവതരിച്ചതും പ്രവാചകൻ മുഹമ്മദും യഥ്രിബ്ക്കാരും തമ്മിൽ ഉണ്ടാക്കിയ രണ്ട് അഖബാ ഉടമ്പടികള്‍ നടന്നതും ഇവിടെവെച്ചായിരുന്നു. നിരവധി പ്രവാചകന്മാരുടെ പാദസ്പർശമേറ്റ മസ്ജിദ് ഖൈഫ് സ്ഥിതി ചെയ്യുന്നതും മിനയിലാണ്. ചെറിയ മൺകുടിലുകളിലായിരുന്നു പുരാതന കാലത്ത് മിനയിലെ താമസം. പിന്നീട് തുണികളുപയോഗിച്ച് തമ്പുകൾ ഉണ്ടാക്കി. കുറച്ചുവർഷം മുമ്പ് അഗ്നിബാധ ആവർത്തിച്ചുണ്ടാവാൻ തുടങ്ങിയതിനെ തുടർന്നാണ് നിലവിലുള്ള അഗ്നി പ്രതിരോധ ടെൻറുകൾ മിനയിൽ പണിതത്. 25 ലക്ഷത്തിലധികം തീർഥാടകർക്ക് താമസിക്കാൻ സാധിക്കുന്ന 1,60,000 ത്തോളം തമ്പുകൾ ഇപ്പോൾ മിനയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
താമസക്കാർക്ക് ആവശ്യമായ വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങൾ അടക്കം എല്ലാ സംവിധാനങ്ങളും തമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. ശീതീകരണ യന്ത്രങ്ങളും തമ്പുകളിൽ സ്ഥാപിച്ചിട്ടുണ്ട്. അഗ്നിശമനത്തിനായി ആധുനിക രീതിയിലുള്ള ഒരുക്കങ്ങളും വിശാലമായ റോഡുകളും മെട്രോ ട്രെയിൻ സർവിസും തണലിട്ട നടപ്പാതകളുമെല്ലാം തീർഥാടകർക്ക് ആശ്വാസമേകാൻ സൗദി ഭരണകൂടം മിനയിലൊരുക്കിയിട്ടുണ്ട്. പരമ്പരാഗത രൂപത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് തീർഥാടകർക്ക് താമസിക്കാൻ മിനയിൽ തമ്പുകൾ സജ്ജീകരിച്ചിട്ടുള്ളത്.
1997ൽ മിനയിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് നിലവിലുള്ള ടെൻറുകൾ സ്ഥാപിച്ചത്. കാറ്റിൽ ചരിഞ്ഞുവീഴാത്തതും അകത്തേക്ക് മഴത്തുള്ളികൾ പതിക്കാത്ത രീതിയിലുമാണ് പ്രത്യേകം രൂപകൽപന ചെയ്ത കനം കുറഞ്ഞ ടെൻറുകളുടെ പണികൾ ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.