തൃശൂര്‍: ക്രിസ്മസ് ആഘോഷ രാവ് അടുക്കാനിരിക്കെ പുല്‍കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളും അലങ്കാര വസ്തുക്കളുമായി ഒരുങ്ങി നഗരം. നക്ഷത്രങ്ങള്‍ നിറഞ്ഞുനില്ക്കുന്ന ക്രിസ്മസ് രാത്രിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ജനം. പതിവുപോലെ ഇത്തവണയും ക്രിസ്മസ് പൊലിമയോടെ ആഘോഷിക്കാന്‍ നഗരവാസികള്‍ ഒരുങ്ങികഴിഞ്ഞു. ഇതോടെ ആഘോഷം പൊലിപ്പിക്കാന്‍ ക്രിസ്മസ് വിപണിയും സജീവമായി.
പുല്‍കൂട് സെറ്റുകള്‍, ഉണ്ണിയേശുവിന്റെയും മാതാവിന്റെയും മാലാഖമാരുടെയും ഉള്‍പ്പെടെയുള്ള വിവിധ രൂപങ്ങള്‍, ക്രിസ്മസ് ട്രീകള്‍, പാപ്പ തൊപ്പികള്‍ തുടങ്ങി ക്രിസ്മസ് ആഘോഷത്തിനുള്ള ഉല്പന്നങ്ങളുടെ വില്പന കടകളില്‍ തകൃതിയായി പുരോഗമിക്കുകയാണ്. ക്രിസ്മസ് ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങാനായി പകലും രാത്രിയും ഒരുപോലെ ആളുകള്‍ കടകളിലേക്ക് ഒഴുകുകയാണ്. നഗരത്തിലെ ഹൈ റോഡും സമീപ പ്രദേശങ്ങളുമാണ് ക്രിസ്മസ് വിപണിയുടെ പ്രധാന കേന്ദ്രം.
ഇത്തവണയും നക്ഷത്രങ്ങളിലും അലങ്കാര ലൈറ്റുകളിലുമാണ് വൈവിധ്യം ഉള്ളത്. അഞ്ച് രൂപയുടെ കടലാസ് നക്ഷത്രങ്ങള്‍ മുതല്‍ 1,500 രൂപ വരുന്ന നിയോണ്‍ നക്ഷത്രങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണ്. കൂടാതെ ഹിറ്റ് സിനിമയായ മഞ്ഞുമ്മല്‍ ബോയ്സ് അടക്കമുള്ള സിനിമകളുടെ പേരിലുള്ള നക്ഷത്രങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. യുവാക്കളാണ് ഇത്തരം ട്രെൻറിങ്ങായ നക്ഷത്രങ്ങളുടെ ആവശ്യക്കാർ. ഒരു അടി മുതല്‍ 12 അടി വരെ ക്രിസ്മസ് ട്രീകള്‍ ഏവരുടെയും മനംകവരുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
അതിനാല്‍ വന്‍ ഡിമാന്റാണ് ക്രിസ്മസ് ട്രീകള്‍ക്ക് വിപണിയിലുള്ളതെന്ന് കച്ചവടക്കാര്‍ പറയുന്നു. ചെറുതും വലുതുമായ പുല്‍കൂടുകളും വന്‍തോതില്‍ വിറ്റുപോകുന്നുണ്ട്. ക്രിസ്മസ് വിപണിയില്‍ ഒഴിച്ചുനിര്‍ത്താനാകാത്ത മറ്റൊന്നാണ് സമ്മാനപൊതികള്‍. ആവശ്യക്കാരുടെ താല്പര്യമനുസരിച്ചും സമ്മാനപൊതികള്‍ തയ്യാറാക്കി നല്‍കും. 500 രൂപ മുതല്‍ 5,000 രൂപ വരെ വില വരുന്നവയാണ് ഇവ.
ക്രിസ്മസ് വിപണിയിലെ മറ്റൊരു പ്രധാന താരമാണ് കേക്കുകള്‍. വൈവിധ്യമാര്‍ന്ന രുചിയോടെ പല നിറങ്ങളിലും രൂപത്തിലുമുള്ള കേക്കുകള്‍ വിപണിയിലുണ്ട്. ഒരു കിലോഗ്രാമിന് 300 രൂപ മുതല്‍ 2000 രൂപ വരെ വിലയുള്ള കേക്കുകള്‍ ഇക്കൂട്ടത്തിലുണ്ട്. പതിവുപോലെ പ്ലം കേക്കുകള്‍ക്കാണ് ഡിമാന്റ് കൂടുതല്‍. ഈത്തപഴം, വാഴപഴം, പൈനാപ്പിള്‍ തുടങ്ങിയ വിവിധ രുചികളിലാണ് പ്ലം കേക്കുകള്‍.
ബ്ലാക്ക് ഫോറസ്റ്റ് (500 രൂപ), ബട്ടര്‍ സ്കോച്ച് (600 രൂപ), ഡ്രീം കേക്ക് (1500 രൂപ), റെഡ് വെല്‍വെറ്റ് (900 രൂപ) തുടങ്ങിയ വൈവിധ്യങ്ങളുടെ കലവറയുമായാണ് കേക്കുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. കുട്ടികള്‍ ക്രീം കേക്കുകള്‍ താല്പര്യപ്പെടുമ്പോള് മുതിര്‍ന്നവര്‍ക്ക് പ്ലം കേക്കുകളാണ് ഇഷ്ടമെന്ന് കച്ചവടക്കാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.