ഇന്ത്യൻ എംബസി ഉദ്ദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജുബൈലിലെ ലേബർ, പാസ്​പോർട്ട് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം

ഇഖാമ കാലാവധി കഴിഞ്ഞവർക്കും ഹുറൂബുകാർക്കും എക്സിറ്റ് നടപടി ലളിതമാക്കി

ജുബൈൽ: റസിഡന്‍റ്​ പെർമിറ്റ്​ (ഇഖാമ) കാലാവധി കഴിഞ്ഞും ഹുറുബ്​ (സ്​പോൺസറുടെ അടുത്തുനിന്ന്​ ഒളി​ച്ചോടിയെന്ന) കേസിലകപ്പെട്ടും നാട്ടിൽ പോകാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന 'ജുബൈൽ ഇഖാമ'ക്കാരായ പ്രവാസികൾക്ക് സന്തോഷവാർത്ത. ഫൈനൽ ഏക്സിറ്റ് നടപടി ലളിതമാക്കി. തൊഴിൽ, പാസ്​പോർട്ട്​ (ജവാസത്ത്) വകുപ്പുകളുടേതാണ്​ സംയുക്ത തീരുമാനം. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ജുബൈലിലെ തൊഴിൽ, ജവാസത്ത്​ ഓഫീസ് മേധാവികളുമായുള്ള കൂടിക്കാഴ്ചയുടെ ഫലമായാണ്​ നടപടി.

ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ ഫൈനൽ ഏക്സിറ്റ് ലഭിക്കാൻ തൊഴിലാളികൾ നേരിട്ട് ലേബർ ഓഫീസിൽ ഹാജരായി ഒപ്പിടണമായിരുന്നു. അതുപോലെ സൗദിയിലെ മറ്റ്​ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജുബൈൽ പ്രവാസികൾക്ക് കാലാവധി കഴിഞ്ഞ ഇഖാമയുമായി നേരിട്ട് എത്തിപ്പെടാനും പലതരത്തിലുള്ള തടസ്സങ്ങളുമുണ്ടായിരുന്നു. ഇതിനാണ്​ ഇപ്പോൾ പരിഹാരമായിരിക്കുന്നത്​. ജുബൈൽ ജവാസത്തിൽ നിന്ന്​ ഇഖാമ ലഭിച്ചവർക്കാണ്​ ഈ ആനുകൂല്യം. ലേബർ ഓഫീസ് ജനറൽ മാനേജർ മുത്വലഖ്​ ദാഹൻ അൽഖഹ്​ത്വാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്​ ഈ പരിഹാര നിർദേശമുണ്ടായത്​.

വിദൂര ദേശങ്ങളിൽ ജോലി ചെയ്യുകയും രോഗകാരണത്തലോ മറ്റോ ജുബൈൽ ലേബർ ഓഫീസിൽ ഹാജരാവാൻ കഴിയാതിരിക്കുകയും ചെയ്യുന്നവർക്ക്​ ഈ ഇളവ്​ ലഭിക്കും. ഇങ്ങനെയുള്ളവരെ എംബസി ഉദ്യോഗസ്ഥനോ സാമൂഹിക പ്രവർത്തകനോ നേരിൽ സന്ദർശിച്ച് രേഖകൾ തയാറാക്കി മെഡിക്കൽ റിപ്പോർട്ടും എംബസിയുടെ ശിപാർശയും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ നൽകുന്നവർ റിയാദ് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തി അപേക്ഷാ ഫോറത്തിൽ വിരലടയാളവും കൈയൊപ്പും നൽകണം. തുടർ നടപടികൾ എംബസി പൂർത്തിയാക്കും. കൂടാതെ ഇന്ത്യൻ എംബസിയുടെ https://www.eoiriyadh.gov.in എന്ന ലിങ്കിലൂടെ രജിസ്​ട്രേഷൻ നടത്തി രജിസ്റ്റർ നമ്പർ കരസ്ഥമാക്കിയിരിക്കണം.

കാലാവധി കഴിഞ്ഞ ഇഖാമയുള്ളവർക്ക് ഫൈനൽ എക്സിറ്റ് ലഭിക്കാൻ ലേബർ ഓഫീസിൽനിന്നും ഫയൽ നമ്പർ ലഭിച്ച ശേഷം നേരിട്ട് പാസ്​പോർട്ട് ഓഫീസിൽ ഹാജരാവണമായിരുന്നു. ഇത് തൊഴിലാളികൾക്ക് പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി പാസ്​പോർട്ട് ഓഫീസ് മേധാവി സൻഹാത്ത് മുഹമ്മദ് അസ്ഹലിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അപേക്ഷകൾ സമാഹരിച്ച് സാമൂഹിക പ്രവർത്തകൻ വഴി ഒരുമിച്ച് ഏൽപിച്ചാൽ ഫൈനൽ ഏക്സിറ്റ് നൽകാമെന്ന് അദ്ദേഹം സമ്മതിച്ചു.

എംബസിയുടെയും സാമൂഹികപ്രവർത്തകൻ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെയും പിന്തുണയെ പാസ്​പോർട്ട്, ലേബർ ഓഫീസ് മേധാവികൾ അഭിനന്ദിച്ചു. എംബസി ലേബർ അറ്റാഷേ ശ്യാം സുന്ദർ, കമ്യൂണിറ്റി വെൽഫെയർ ലേബർ സെക്ഷൻ വിഭാഗം ഉദ്യോഗസ്ഥൻ ആശിഖ് തലയൻകണ്ടി, എംബസ്സി സന്നദ്ധ പ്രവർത്തകനും പ്രവാസി സാംസ്‌കാരിക വേദി നേതാവുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി എന്നിവരാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്. ഹുറൂബിലകപ്പെട്ട ജുബൈലിലെ ഇന്ത്യക്കാർ ഏക്സിറ്റ് ലഭിക്കാനായി സൈഫുദ്ദീൻ പൊറ്റശ്ശേരിയെ (0538347917) ബന്ധപ്പെടാവുന്നതാണ്.

Tags:    
News Summary - Exit procedure has been simplified for those who have passed Iqamah period and Hurubs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.