ദമ്മാം: സൗദി അറേബ്യയിൽ അനുഭവപ്പെടുന്നത് മൂന്നു പതിറ്റാണ്ടിനിടയിലെ കടുത്ത തണുപ്പെന്ന് വിലയിരുത്തൽ. എന്നാൽ, മിക്ക പ്രദേശങ്ങളിലും വീശിയടിക്കുന്ന ശക്തമായ തണുപ്പ് തരംഗത്തിന്റെ തീവ്രത അടുത്ത ദിവസങ്ങൾ മുതൽ കുറഞ്ഞു തുടങ്ങുമെന്നും കാലാവസ്ഥ വിദഗ്ധർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെയും രാത്രിയിലും കൊടും തണുപ്പാണ് അനുഭപ്പെട്ടത്. ശേഷം താപനിലയിൽ ക്രമാനുഗതമായ വർധനയുണ്ടാകുമെന്ന് പ്രമുഖ കാലാവസ്ഥ വിദഗ്ധനും പരിസ്ഥിതി പ്രവർത്തകനുമായ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു.
വരും ദിവസങ്ങളിൽ താപനില ക്രമാതീതമായി ഉയരാൻ തുടങ്ങുമെന്ന് അൽ ഖസിം സർവകലാശാലയിലെ കാലാവസ്ഥ വിഭാഗം മുൻ പ്രഫസറും സൗദിയിലെ ഋതുഭേദങ്ങളുടെ നാമകരണ സമിതി (തസ്മിയത്ത്) സ്ഥാപക ചെയർമാനുമായ അബ്ദുല്ല അൽ മിസ്നദ് പറഞ്ഞു. ശരാശരി അനുഭവപ്പെടുന്ന താപനിലയിലെ കുറവാണ് തലസ്ഥാന നഗരിയായ റിയാദ് ഉൾപ്പെടെ വടക്കൻ, മധ്യ പ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന നിലവിലെ തണുപ്പ് തരംഗത്തെ തീവ്രമാക്കുന്നത്. കഴിഞ്ഞ ദിവസം വിവിധ മേഖലകളിൽ അനുഭവപ്പെട്ട താപനില വാർഷിക ശരാശരിയേക്കാൾ കുറവാണ്.
വരും ദിവസങ്ങളിൽ സൂര്യൻ മേഘക്കൂട്ടങ്ങളിൽനിന്ന് പുറത്തുവന്ന് കൂടുതൽ ചൂടോടെ പ്രകാശിക്കുമെന്നും അൽ മിസ്നദ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. വടക്കൻ, മധ്യ, കിഴക്കൻ മേഖലകളിൽ കുറച്ചു സമയത്തേക്ക് വളരെ തണുത്ത കാലാവസ്ഥ തുടരാൻ സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ കിഴക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിൽ താഴ്ന്ന താപനില തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻ.സി.എം) ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടിൽ പറഞ്ഞു. തണുത്ത തിരമാലക്കൊപ്പം ഉപരിതല കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉണ്ടാകും. അതിന്റെ ആഘാതം രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ, പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
ആകാശം ഭാഗികമായി മേഘാവൃതമാണ്. അസീർ, അൽബാഹ, മക്ക എന്നീ ഉയർന്ന പ്രദേശങ്ങളിൽ ശക്തമായ കാറ്റിനൊപ്പം മിന്നലുണ്ടാകുമെന്നും നജ്റാൻ, അസിർ, അൽബാഹ മേഖലകളിൽ അതിരാവിലെ മൂടൽമഞ്ഞ് രൂപപ്പെടുമെന്നും എൻ.സി.എം അറിയിച്ചു.
വെള്ളിയാഴ്ച മുതൽ സൗദിയിലെ പല നഗരങ്ങളിലും താപനിലയിൽ അഭൂതപൂർവമായ കുറവ് അനുഭവപ്പെട്ടു. ചില നഗരങ്ങളിൽ ബുധനാഴ്ച ശരാശരി പൂജ്യം–മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. അതേസമയം, പല വടക്കൻ നഗരങ്ങളിലും മഞ്ഞ് മൂടിയിരുന്നു. വടക്കൻ അതിർത്തി മേഖലയിലെ തുറൈഫ് നഗരത്തിൽ ബുധനാഴ്ച മൈനസ് ആറ് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഇതു കഴിഞ്ഞ 30 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും കുറഞ്ഞ താപനിലയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ശൈത്യകാലം ഏറ്റവും കഠിനമായിരുന്നു. റിയാദിൽ മൈനസ് ഒന്ന് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.