റിയാദ്: മധ്യേഷ്യയിൽ സംഘർഷം മൂർച്ഛിച്ചിരിക്കേ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജിയും ചർച്ച നടത്തി. റിയാദിലെ മന്ത്രാലയ ആസ്ഥാനത്താണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. റിയാദിലെത്തിയ ഇറാൻ മന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി. മേഖലയിലെ പുതിയ സംഭവവികസനങ്ങളെക്കുറിച്ചും പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്ത മന്ത്രിമാർ ഉഭയകക്ഷി ബന്ധങ്ങളെയും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെയും കുറിച്ച് അവലോകനം ചെയ്തു.
ഗസ്സയിലേയും ലബനാനിലേയും ഇസ്രായേൽ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള ചേരിയെ ശക്തിപ്പെടുത്താൻ മേഖലയിലെ വിവിധ രാജ്യങ്ങളിൽ നടത്തുന്ന പര്യടനത്തിന് തുടക്കം കുറിച്ചാണ് ഇറാൻ വിദേശകാര്യ മന്ത്രി റിയാദിലെത്തിയത്. പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽ ശ്രദ്ധയൂന്നിയാണ് മന്ത്രിയുടെ സന്ദർശനമെന്ന് ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ‘ഇർന’ സ്ഥിരീകരിക്കുകയും ചെയ്തു.
റിയാദിലെ കൂടിക്കാഴ്ചയിൽ സൗദി വിദേശകാര്യ മന്ത്രാലയം രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. സഊദ് അൽസാത്വി, രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് അമീർ മിസ്അബ് ബിൻ മുഹമ്മദ് അൽഫർഹാൻ, ഇറാനിലെ സൗദി അംബാസഡർ അബ്ദുല്ല അൽഅൻസി, വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽയഹ്‌യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.