ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ‘ഇന്ത്യ നൈറ്റ്’ പരിപാടിയിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, ചലച്ചിത്ര നിർമ്മാതാവ് ശേഖർ കപൂർ എന്നിവർ മറ്റു അതിഥികളോടൊപ്പം

റെഡ് സീ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ; ‘ഇന്ത്യ നൈറ്റു'മായി ഇന്ത്യൻ കോൺസുലേറ്റ്

ജിദ്ദ: റെഡ് സീ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ‘ഇന്ത്യ നൈറ്റ്’ സംഘടിപ്പിച്ചു. റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി, പ്രശസ്ത ചലച്ചിത്ര നിർമ്മാതാവും ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ സംവിധായകനുമായ ശേഖര് കപൂർ എന്നിവർ സംസാരിച്ചു.

മികച്ച ആഗോള സിനിമകളെ ഒരുമിച്ച് കൊണ്ടുവരിക മാത്രമല്ല, ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള മഹത്തായ സാംസ്‌കാരിക ബന്ധം വളർത്തിയെടുക്കുന്നതിനുള്ള സവിശേഷമായ പ്ലാറ്റ്‌ഫോമായി റെഡ് സീ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവൽ മാറിയതായി കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി അഭിപ്രായപ്പെട്ടു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്കാരിക ബന്ധം വർഷങ്ങളായി അഭിവൃദ്ധി പ്രാപിച്ചുവരികയാണ്. ഈ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഏറ്റവും ശക്തമായ മാധ്യമങ്ങളിലൊന്നായ സിനിമ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

സിനിമാ മേഖലയിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തിനുള്ള സാധ്യത വിശാലമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്ന ചലച്ചിത്ര നിർമ്മാണം, പ്രതിഭ കൈമാറ്റം, സംയുക്ത സംരംഭങ്ങൾ എന്നിവയിൽ സഹകരിക്കുന്നതിന് നിരവധി അവസരങ്ങളുണ്ട്. സിനിമാ ലോകം കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഊർജ്ജസ്വലമായ ചലച്ചിത്ര വ്യവസായം, വൈദഗ്ധ്യം, സർഗ്ഗാത്മകത, പ്രതിഭകളുടെ ഒരു വലിയ ശേഖരം തുടങ്ങിയവ ഇന്ത്യ വാഗ്ദാനം ചെയ്യുന്നതായും കോൺസുൽ ജനറൽ കൂട്ടിച്ചേർത്തു.

സൗദി അറേബ്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരുന്ന റെഡ് സീ ഇന്‍റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്‍റെ അതിശയകരമായ വിജയത്തെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും ചലച്ചിത്ര വ്യവസായങ്ങൾക്ക് പരസ്പരം വൈദഗ്ധ്യം എങ്ങനെ പ്രയോജനപ്പെടുത്താമെന്നതിനെക്കുറിച്ചും ശേഖര് കപൂർ സംസാരിച്ചു. കഴിഞ്ഞ മാസം ഒരാഴ്‌ചയോളം ഗോവയിൽ നടന്ന ഇന്‍റർനാഷനൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിനെക്കുറിച്ചും 2025 ഫെബ്രുവരി അഞ്ച് മുതൽ ഒമ്പത് വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കാനിരിക്കുന്ന വേൾഡ് ഓഡിയോ വിഷ്വൽ എന്‍റർടൈൻമെന്‍റ് സമ്മിറ്റിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ഇന്ത്യയിൽ നിന്നും ഗായിക യുംന അജിൻ, വയലിനിസ്റ്റ് ഫായിസ് മുഹമ്മദ് എന്നിവരുടെ പ്രകടനങ്ങളും

ജിദ്ദയിലെ ഇന്ത്യൻ കലാകാരന്മാരുടെ ക്ലാസിക്കൽ, സിനിമാറ്റിക് നൃത്തങ്ങളും 'ഇന്ത്യ നൈറ്റി'ൽ അരങ്ങേറി. ജിദ്ദയിൽ നിന്നുള്ള നയതന്ത്ര കമ്മ്യൂനിറ്റി അംഗങ്ങൾ, ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, സംവിധായകർ, നിർമ്മാതാക്കൾ, റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ നിന്നുള്ള അതിഥികൾ, ഇന്ത്യൻ പ്രവാസികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജിദ്ദ ബലദിൽ നടന്നുവരുന്ന റെഡ്‌സീ ഫിലിം ഫെസ്റ്റിവലിന്റെ സീ സൂഖ് എക്സിബിഷൻ ഏരിയയിൽ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷനുവേണ്ടി പ്രത്യേകം 'ഇന്ത്യ പവലിയൻ' പ്രവർത്തിക്കുന്നതായി കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. ഇതാദ്യമായാണ് റെഡ്‌സീ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യക്ക് പ്രത്യേകം പവലിയൻ ഒരുക്കിയത്

Tags:    
News Summary - Indian Consulate organized 'India Night' in conjunction with Red Sea International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.