റിയാദ്: വിശുദ്ധ ഗേഹമായ കഅബയെ പുതച്ചിരിക്കുന്ന വിരിയാണ് കിസ്വ. ഇത് നിർമിക്കുന്നത് മക്കയിലുള്ള 'മസ്നഅ ഉമ്മുൽ ഖുറാ' എന്നും 'മസ്നഅ കിസ്വത്തുൽ കഅബ' എന്നും അറിയപ്പെടുന്ന ഫാക്ടറിയിലാണ്. മക്കയിലെ പരിശുദ്ധ ഭവനം കാണുന്ന ഏതൊരു വിശ്വാസിയുടെയും മനസ്സിൽ മായാതെ തങ്ങിനിൽക്കുന്നതാണ് കറുത്ത പട്ടിലും സ്വർണനൂലിലും തീർത്ത കിസ്വ പുതച്ചുനിൽക്കുന്ന കഅബയുടെ ദൃശ്യം. കഅബ നിർമാണത്തിൽ ഇബ്രാഹിം പ്രവാചകനെ സഹായിച്ച മകൻ ഇസ്മാഈൽ നബി ആണ് ആദ്യം കഅബയെ കിസ്വ പുതപ്പിച്ചതെന്നാണ് ചരിത്രം.
മുഹമ്മദ് നബിയും ശേഷം ഖലീഫമാരുടെ കാലത്തും കിസ്വകൊണ്ട് കഅബയെ പുതപ്പിച്ചിരുന്നു. രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖിന്റെ കാലംതൊട്ട് 1926ൽ അബ്ദുൽ അസീസ് രാജാവ് സൗദിയിൽവെച്ചുതന്നെ കിസ്വ നിർമാണത്തിന് സംവിധാനം ഒരുക്കുന്നതുവരെ ഈജിപ്തിനായിരുന്നു കിസ്വ നിർമാണത്തിനുള്ള ഭാഗ്യം ലഭിച്ചിരുന്നത്. മക്കയിലെ പഴയ ജിദ്ദ റോഡിലെ ഉമ്മുൽ ജ്വാദിലാണ് നിർമാണശാല സ്ഥാപിച്ചത്. ഹിജ്റ വർഷം 1397ൽ ഫൈസൽ രാജാവിന്റെ ഭരണകാലത്താണ് ഈ ഫാക്ടറി ഉദ്ഘാടനം ചെയ്തത്.
240ലധികം തൊഴിലാളികൾ മാസങ്ങളോളം നീളുന്ന നിർമാണപ്രയത്നങ്ങളുടെ ഫലമായാണ് കറുത്ത പട്ടിൽ സ്വർണനൂലിൽ ഖുർആൻ സൂക്തങ്ങൾ ഉല്ലേഖനം ചെയ്ത കിസ്വ പൂർത്തിയാകുന്നത്. കഅബയുടെ പുറത്തെ കിസ്വ കറുത്ത നിറത്തിലുള്ളതാണെങ്കിലും ഇവയുടെ അകത്ത് പച്ച നിറമാണ്. 670 കിലോഗ്രാം ശുദ്ധമായ പട്ടിൽ കറുത്ത ചായം മുക്കിയാണ് ഈ പുടവക്കുള്ള നൂൽ തയാറാക്കുന്നത്.
പുറത്തെ കിസ്വയുടെ പുറംചട്ടയിൽ സൂക്തങ്ങളും ദിക്റുകളും ദൈവസ്തുതികളും അറബിക് കാലിഗ്രഫിയുടെ മിഴിവിൽ കൈവേലയിലൂടെ തുന്നിപ്പിടിപ്പിക്കുന്നത് സ്വർണനൂലിലാണ്. ഇവക്ക് ആറര മീറ്റർ ഉയരവും മൂന്നര മീറ്റർ വീതിയുമുണ്ട്. കഅബയുടെ വാതിലിനു മുന്നിലുള്ള 'ബുർഖഅ' എന്ന പേരിൽ അറിയപ്പെടുന്ന വിരിയും കിസ്വയിൽ ഉൾപ്പെടുന്നു. നാലു ഭാഗത്തും വാതിലിനു മുന്നിലുള്ളതുമുൾപ്പെടെ അഞ്ചു കഷ്ണങ്ങൾ കഅബയെ ധരിപ്പിച്ച ശേഷം ഇവയെ ഒരുമിച്ചു തുന്നച്ചേർക്കുകയാണ് രീതി.
ഹിജ്റ വർഷം ദുൽഹജ്ജ് ഒമ്പതിനാണ് (അറഫ ദിനത്തിൽ) കഅബയെ പുതിയ പുടവ (കിസ്വ) അണിയിക്കുക. മാസങ്ങൾ നീണ്ടു നിൽക്കുന്ന കിസ്വയുടെ നിർമാണം പൂർത്തിയായാൽ ദുൽഹജ്ജ് ഒന്നിന് അവ ബന്ധപ്പെട്ടവർക്ക് കൈമാറും. പൗരാണിക കാലത്തു കിസ്വ ഒന്നിന് പുറത്തു മറ്റൊന്നായി ധരിപ്പിക്കുകയായിരുന്നു പതിവ്. എന്നാൽ, സുരക്ഷിതത്വം കണക്കിലെടുത്ത് ഹിജ്റ വർഷം 160ൽ അബ്ബാസി ഖലീഫ അൽ മഹ്ദി ഒന്ന് മാത്രം ബാക്കിയാക്കി മറ്റുള്ളവ നീക്കാൻ കൽപിക്കുകയായിരുന്നു. അവിടന്നിങ്ങോട്ട് പഴയതു മാറ്റി പുതിയത് അണിയിക്കുകയാണ് ചെയ്യാറുള്ളത്. ഹജ്ജ് സമയത്തു കിസ്വ കൈയെത്താത്ത ഉയരത്തിൽ ഉയർത്തി ചുറ്റിക്കെട്ടുക പതിവാണ്. ദശലക്ഷക്കണക്കിന് റിയാലാണ് കിസ്വ ഫാക്ടറിയുടെ ചെലവിനായി രാജ്യം മാറ്റിവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.