തിരുവില്വാമല: ജന്മപാപങ്ങളൊടുക്കി പുനർജന്മ സുകൃതം തേടാൻ ഭക്തർ പുനർജനി ഗുഹ നൂഴ്ന്നു. വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശി നാളിൽ പുനർജനി നൂഴാൻ പുലർച്ചെ മുതൽ ഗുഹാമുഖത്ത് ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയെത്തിയ വില്വാദ്രി നാഥക്ഷേത്രത്തിലെ മേൽശാന്തി ഗുഹാമുഖത്ത് പ്രത്യേക പൂജകൾ നടത്തി. തുടർന്ന് നെല്ലിക്ക ഉരുട്ടിയശേഷം പതിവുപോലെ പാറപ്പുറത്ത് ചന്തു ആദ്യം ഗുഹയിൽ പ്രവേശിച്ചു. തുടർന്ന് ഭക്തർ അദ്ദേഹത്തെ പിന്തുടർന്നു. ഗുഹയുടെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജന്മം സംഭവിക്കുന്നുവെന്നാണ് വിശ്വാസം.
ഗുഹയിലെ ഇരുട്ടിലൂടെ കിടന്ന് ഇഴഞ്ഞും നിരങ്ങിയും മറുപുറമെത്തിയവരെ ബന്ധുക്കൾ ഗുഹയുടെ പുറത്ത് പ്രാർഥനയോടെ കാത്തിരുന്നു. പുരുഷന്മാർ മാത്രമാണ് പുനർജനി ഗുഹ നൂഴുക. പരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജന്മമെടുത്ത് പാപനിഗ്രഹം ചെയ്യാനാകാത്തതിനാൽ ദേവഗുരു ബൃഹസ്പതിയുടെ ഉപദേശപ്രകാരം വിശ്വകർമാവ് പണിതതാണ് പുനർജനി ഗുഹയെന്നാണ് ഐതിഹ്യം.
കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, പഞ്ചായത്ത് അധികൃതർ, പൊലീസ്, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പുനർജനി നൂഴൽ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രത്തിൽ രാവിലെ മേളത്തോടെയുള്ള കാഴ്ചശീവേലി. ഏകാദശി നോറ്റവർക്ക് ലഘുഭക്ഷണ വിതരണം എന്നിവയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.