നസീബ് കലാഭവൻ

പ്രവാസ പിരിമുറുക്കത്തിൽ ചിരിയുടെ കുട ചൂടി നസീബ് കലാഭവൻ

പ്രവാസത്തി​െൻറ പിരിമുറുക്കങ്ങൾക്കിടയിൽ ആളുകളെ ചിരിപ്പിക്കുന്ന കലാകാരനാണ്​ നസീബ്​ കലാഭവൻ. ഹാസ്യകലാപ്രകടനവുമായി മൂവായിരത്തിലധികം വേദികൾ പിന്നിട്ട ഇൗ കലാകാരൻ അതിവേഗ 'ഫിഗർ ഷോ'യിൽ ഗിന്നസ്​ വേൾഡ്​ റെക്കോഡിന്​ അരികിലാണ്​. നാട്ടിലും പ്രവാസലോകത്തും അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്​റ്റും ഫിഗർഷോ ഫെയിമുമാണ്​ തൃശൂർ, കുന്നംകുളം മരത്തംകോട് സ്വദേശിയായ നസീബ് കലാഭവൻ.

18 വർഷമായി സൗദിയിൽ ജോലിചെയ്യുന്നു. നേരത്തേ പ്രമുഖ ബാങ്കിൽ ഉദ്യോഗസ്​ഥനായിരുന്ന ഇദ്ദേഹം ഇപ്പോൾ ഹിലാൽ കമ്പ്യൂട്ടർ എന്ന ഐ.ടി കമ്പനിയിലാണ്. തൃശൂർ ശ്രീകൃഷ്ണ കോളജിൽനിന്ന് ബിരുദവും ചാലക്കുടി ഐ.ടി.ഐയിൽനിന്ന് ഡി​പ്ലോമയും കരസ്ഥമാക്കി.

മദ്​റസയിൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ 'നബിദിനാഘോഷ' പരിപാടികളിലൂടെയാണ് കലാരംഗത്ത് ആദ്യമായി ചുവടുവെക്കുന്നത്. അന്ന് ലഭിച്ച സമ്മാനത്തി​െൻറ തിളക്കം ഭാവിയിലേക്കുള്ള വലിയൊരു പ്രചോദനമായിരുന്നു എന്ന്​ നസീബ്​ പറയുന്നു. ഹൈസ്കൂളിലും കോളജിലും പഠിക്കുമ്പോൾ മിമിക്രിയിലും നാടകത്തിലും ശോഭിച്ച നസീബ്​ പിന്നീട് മോണോആക്ടിലും തബലയിലുംകൂടി കഴിവ്​ തെളിയിച്ചു. അരങ്ങുകളിൽ സജീവ സാന്നിധ്യമായി. നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കി. നാട്ടിൽ പരക്കെ അറിയപ്പെടുകയും അരങ്ങുകൾ തേടിവരുകയും ചെയ്​തു. കഥാപ്രസംഗ മേഖലയിലും ഒരുകൈ നോക്കി.

ബ്ലോക്ക്, ജില്ല കലോത്സവങ്ങൾ, ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ എല്ലാംതന്നെ ചെറുപ്പത്തിൽ കലാജീവിതത്തി​െൻറ വളർച്ചക്ക്​ വെള്ളവും വളവും നൽകി. 'കലാഭവന'ടക്കം നാട്ടിലെ ഏതാണ്ട് മുൻനിരയിലുള്ള മിക്ക പ്രഫഷനൽ ട്രൂപ്പുകളിലും അംഗമായി പരിപാടികൾ അവതരിപ്പിച്ചു. ഇതിനിടയിൽ ഉപജീവനം തേടിയാണ് സൗദിയിലെത്തിയത്. മൂവായിരത്തിലധികം വേദികളാണ് ഇതിനകം പിന്നിട്ടത്. സൗദിയിൽ എല്ലായിടത്തും യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലും നിരവധി ഷോകൾ ചെയ്ത​ു. സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സയിൽനിന്ന്​ കേരളത്തിലെ ഒരു പരിപാടിയുടെ ഓഫർകിട്ടി നാട്ടിൽപോയി ഷോചെയ്‌ത് വന്നത് മറക്കാനാവാത്ത അനുഭവമാണ്. ഏറ്റവും ഇഷ്​ടപ്പെട്ടതും ജനപ്രിയമായതുമായ ഇനമാണ് സ്പീഡ് ഫിഗർഷോ (അതിവേഗം വിവിധ ആളുകളായി വേഷം മാറൽ).

നേര​േത്ത ഉണ്ടായിരുന്ന വൺമാൻ ഷോയിൽനിന്ന്​ വ്യത്യാസമാണിത്. 20 മിനിറ്റിനുള്ളിൽ 25ലധികം താരങ്ങളുടെ മാനറിസങ്ങൾ വ്യത്യസ്ത വേഷവിധാനങ്ങളോടെ ഇടമുറിയാതെ അവതരിപ്പിക്കുന്ന രീതിയാണിത്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ വൻ താരങ്ങളടക്കം മിക്ക സെലിബ്രിറ്റികളെയും ഫിഗർഷോയിൽ അവതരിപ്പിക്കും. മമ്മൂട്ടിയെയാണ് കൂടുതൽ അനുകരിക്കാറ്. ഇൗ രംഗത്ത്​ ജീവിതത്തിൽ

അപൂർവമായി ലഭിക്കുന്ന ഒരു നേട്ടം പടിവാതിൽക്കൽവെച്ച് നഷ്​ടപ്പെട്ടതി​െൻറ നൊമ്പരത്തിലാണ്​ നസീബ്​ ഇപ്പോൾ. നിശ്ചിത സമയത്ത് ഏറ്റവും കൂടുതൽ വ്യക്തികളുടെ ഫിഗർഷോ അവതരിപ്പിക്കുക എന്നതായിരുന്നു ആ ചലഞ്ച്‌. ഗിന്നസ് വേൾഡ് റെക്കോഡ് ലിമിറ്റഡുമായി പ്രാഥമിക ധാരണയിലെത്തുകയും ചെയ്തിരുന്നു. പരിപാടി അവതരിപ്പിക്കാൻ അവരുടെ ക്ഷണക്കത്ത്​ എത്തുകയും ചെയ്​തു. അവിചാരിതമായി കടന്നുവന്ന കോവിഡ്​ എന്ന മഹാവ്യാധി എല്ലാം റദ്ദ് ചെയ്തു. ഭാവിയിൽ എപ്പോഴെങ്കിലും ഈ സ്വപ്നപദ്ധതി സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ്. കോവിഡ് കാലം കലാകാരന്മാരെ ശക്തമായി ബാധിച്ചു. കലാപ്രവർത്തനങ്ങൾ മാത്രം തൊഴിലാക്കിയ ആയിരങ്ങൾ പ്രതിസന്ധിയിലായി. അവരെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ കാലഘട്ടമാണിത്. ഇനിയും സാഹചര്യങ്ങൾ അനുകൂലമായിട്ടില്ല എന്നതാണ് ഏറെ ദുഃഖകരമെന്നും നസീബ്​ പറയുന്നു.

ഏതാനും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്​. എങ്കിലും മിമിക്രിയും ഫിഗർ ഷോയുടെയും അരങ്ങിനോടാണ്​ പ്രണയം മുഴുവൻ. ആനന്ദിക്കാനും ചിരിക്കാനുമുള്ള മനുഷ്യ​െൻറ സഹജമായ വാസനകളെ കൂടുതൽ ഉത്തേജിപ്പിക്കുക എന്ന നിയോഗമാണ് ഒരു ഹാസ്യകലാകാരനുള്ളതെന്നാണ്​ നസീബി​െൻറ അഭിപ്രായം. പ്രക്ഷുബ്​ധമായ ഈ കാലത്ത് ആളുകൾക്ക് മാനസികമായ സന്തോഷവും സംഘർഷരഹിതമായ നിമിഷങ്ങളും പ്രദാനംചെയ്യുന്നതിലേറെ സുകൃതമെന്തു​ണ്ടെന്ന്​​ നസീബ് കലാഭവൻ ചോദിക്കുന്നു.

Tags:    
News Summary - Naseeb Kalabhavan with an umbrella of laughter in the tension of exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.