റിയാദ്​: സൗദി ​​അറേബ്യയിൽ മൊബൈൽ ഫോണുകൾക്കും മറ്റ്​ ഇലക്​ട്രോണിക്​ ഉപകരണങ്ങൾക്കും സി-ടൈപ്പ് യു.എസ്​.ബി​ ചാർജിങ്​ പോർട്ടുകൾ നിർബന്ധമാക്കുന്നതിനുള്ള ആദ്യഘട്ടം ആരംഭിച്ചു. ആഭ്യന്തര വിപണിയിൽ വിവിധ തരം ചാർജിങ്​ പോർട്ടുകൾ ഏകീകരിച്ച്​ സി-ടൈപ്പ്​ മാത്രമാക്കുന്നതാണ്​ നടപടി. പുതുവർഷം ജനുവരി ഒന്ന്​ മുതൽ ആദ്യഘട്ടം നടപ്പാകുമെന്ന്​ നേരത്തെ അറിയിച്ചിരുന്നു. മൊബൈൽ ഫോണുകൾ ഉൾപ്പടെ 12 ഇലക്​ട്രോണിക്​ ഉപകരണങ്ങളാണ്​ ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഏത്​ കമ്പനിയുടെയും മൊബൈൽ ഫോണുകൾക്ക്​ ഇനി സി-ടൈപ്പ്​ ചാർജിങ്​ പോർട്ട്​ മാത്രമേ ഉണ്ടാവാൻ പാടുള്ളൂ.

മൊബൈൽ ഫോണുകൾക്ക്​ പുറമെ ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ കാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം കൺസോളുകൾ, ഹെഡ്‌ഫോണുകൾ, ഇയർ ഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ കഴ്‌സർ ഉപകരണങ്ങൾ (മൗസ്), പോർട്ടബിൾ നാവിഗേഷൻ സിസ്​റ്റങ്ങൾ, പോർട്ടബിൾ സ്പീക്കറുകൾ, വയർലെസ് റൂട്ടറുകൾ എന്നിവക്കാണ്​ ആദ്യഘട്ടത്തിൽ ഇത്​ ബാധകമാവുന്നത്​.

രണ്ടാംഘട്ടം 2026 ഏപ്രിൽ ഒന്ന്​ മുതൽ നടപ്പാവും​. അതിൽ ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള ബാക്കി ഇലക്​ട്രോണിക്​ ഉപകരണങ്ങളാണ്​ ഉൾപ്പെട​ുക. കമ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമീഷനും സൗദി സ്​റ്റാൻഡേർഡ്‌സ്-മെട്രോളജി-ക്വാളിറ്റി ഓർഗനൈസേഷനും സംയുക്തമായാണ്​ ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്​. സാങ്കേതിക ചട്ടങ്ങളിലും സ്​റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളിലും വ്യവസ്ഥ ചെയ്തിട്ടുള്ള സാങ്കേതികവും ഭരണപരവുമായ ആവശ്യകതകൾക്കനുസൃതമായാണ് ഇത്.

ഇനി സൗദി വിപണിയിൽ സി-ടൈപ്പ് യു.എസ്​.ബി​ ചാർജിങ്​ പോർട്ടുള്ള മൊബൈൽ ഫോണുകളും മറ്റ്​ ഉപകരണങ്ങളും മാത്രമേ പാടുള്ളൂ എന്ന്​ നിർമാതാക്കർക്കും വിതരണക്കാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്​. അതല്ലാത്ത ഉപകരണങ്ങൾക്ക്​ സൗദിയിൽ വിൽപനാനുമതിയുണ്ടാവില്ല. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധിക ചെലവുകളുടെ ഭാരം ഒഴിവാക്കുന്നതിനുമാണിത്​. ഒപ്പം ഉന്നത നിലവാരമുള്ള ചാർജിങ്ങും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യയും പ്രദാനം ചെയ്യുകയും ലക്ഷ്യങ്ങളാണ്​. വിവിധ ഫോണുകൾക്ക്​ വിവിധതരം ചാർജിങ്​ പോർട്ടുകളായാൽ വ്യത്യസ്​ത തരം ചാർജിങ്​ ഉപകരണങ്ങൾ വാങ്ങേണ്ടിവരുന്നു. അത്​ അധികചെലവുണ്ടാക്കുന്നു. ഉപയോഗശൂന്യമാകു​േമ്പാൾ ഇലക്ട്രോണിക് മാലിന്യം കുന്നുകൂടുന്നു. ഇത്​ കുറയ്ക്കുകയും പാരിസ്ഥിതിക സുസ്ഥിരതക്ക്​ സഹായിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്​.

ഇതിലൂടെ രാജ്യത്ത്​ പ്രതിവർഷം 22 ലക്ഷത്തിലധികം ചാർജറുകളുടെയും കേബിളുകളുടെയും ഉപയോഗം കുറയ്​ക്കാനാവും. ഉപഭോക്താക്കൾക്ക് പ്രതിവർഷം 17 കോടി റിയാലിലേറെ ലാഭിക്കാനുമാവും. പ്രതിവർഷം ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിലൂടെ സാങ്കേതിക മേഖലയിൽ രാജ്യത്തി​െൻറ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായമാവും.

Tags:    
News Summary - Only C-type charging ports in Saudi now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.