സൗദിയിൽ ഇനി സി-ടൈപ്പ് ചാർജിങ് പോർട്ടുകൾ മാത്രം
text_fieldsറിയാദ്: സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സി-ടൈപ്പ് യു.എസ്.ബി ചാർജിങ് പോർട്ടുകൾ നിർബന്ധമാക്കുന്നതിനുള്ള ആദ്യഘട്ടം ആരംഭിച്ചു. ആഭ്യന്തര വിപണിയിൽ വിവിധ തരം ചാർജിങ് പോർട്ടുകൾ ഏകീകരിച്ച് സി-ടൈപ്പ് മാത്രമാക്കുന്നതാണ് നടപടി. പുതുവർഷം ജനുവരി ഒന്ന് മുതൽ ആദ്യഘട്ടം നടപ്പാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൊബൈൽ ഫോണുകൾ ഉൾപ്പടെ 12 ഇലക്ട്രോണിക് ഉപകരണങ്ങളാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുക. ഏത് കമ്പനിയുടെയും മൊബൈൽ ഫോണുകൾക്ക് ഇനി സി-ടൈപ്പ് ചാർജിങ് പോർട്ട് മാത്രമേ ഉണ്ടാവാൻ പാടുള്ളൂ.
മൊബൈൽ ഫോണുകൾക്ക് പുറമെ ടാബ്‌ലെറ്റുകൾ, ഡിജിറ്റൽ കാമറകൾ, ഇ-റീഡറുകൾ, പോർട്ടബിൾ വീഡിയോ ഗെയിം കൺസോളുകൾ, ഹെഡ്‌ഫോണുകൾ, ഇയർ ഫോണുകൾ, ആംപ്ലിഫയറുകൾ, കീബോർഡുകൾ, കമ്പ്യൂട്ടർ കഴ്‌സർ ഉപകരണങ്ങൾ (മൗസ്), പോർട്ടബിൾ നാവിഗേഷൻ സിസ്റ്റങ്ങൾ, പോർട്ടബിൾ സ്പീക്കറുകൾ, വയർലെസ് റൂട്ടറുകൾ എന്നിവക്കാണ് ആദ്യഘട്ടത്തിൽ ഇത് ബാധകമാവുന്നത്.
രണ്ടാംഘട്ടം 2026 ഏപ്രിൽ ഒന്ന് മുതൽ നടപ്പാവും. അതിൽ ലാപ്‌ടോപ്പ് ഉൾപ്പടെയുള്ള ബാക്കി ഇലക്ട്രോണിക് ഉപകരണങ്ങളാണ് ഉൾപ്പെടുക. കമ്യൂണിക്കേഷൻസ്, സ്‌പേസ് ആൻഡ് ടെക്‌നോളജി കമീഷനും സൗദി സ്റ്റാൻഡേർഡ്സ്-മെട്രോളജി-ക്വാളിറ്റി ഓർഗനൈസേഷനും സംയുക്തമായാണ് ഇതിനാവശ്യമായ നടപടികൾ കൈക്കൊള്ളുന്നത്. സാങ്കേതിക ചട്ടങ്ങളിലും സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകളിലും വ്യവസ്ഥ ചെയ്തിട്ടുള്ള സാങ്കേതികവും ഭരണപരവുമായ ആവശ്യകതകൾക്കനുസൃതമായാണ് ഇത്.
ഇനി സൗദി വിപണിയിൽ സി-ടൈപ്പ് യു.എസ്.ബി ചാർജിങ് പോർട്ടുള്ള മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും മാത്രമേ പാടുള്ളൂ എന്ന് നിർമാതാക്കർക്കും വിതരണക്കാർക്കും കർശന നിർദേശം നൽകിയിട്ടുണ്ട്. അതല്ലാത്ത ഉപകരണങ്ങൾക്ക് സൗദിയിൽ വിൽപനാനുമതിയുണ്ടാവില്ല. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും അധിക ചെലവുകളുടെ ഭാരം ഒഴിവാക്കുന്നതിനുമാണിത്. ഒപ്പം ഉന്നത നിലവാരമുള്ള ചാർജിങ്ങും ഡാറ്റാ ട്രാൻസ്ഫർ സാങ്കേതികവിദ്യയും പ്രദാനം ചെയ്യുകയും ലക്ഷ്യങ്ങളാണ്. വിവിധ ഫോണുകൾക്ക് വിവിധതരം ചാർജിങ് പോർട്ടുകളായാൽ വ്യത്യസ്ത തരം ചാർജിങ് ഉപകരണങ്ങൾ വാങ്ങേണ്ടിവരുന്നു. അത് അധികചെലവുണ്ടാക്കുന്നു. ഉപയോഗശൂന്യമാകുേമ്പാൾ ഇലക്ട്രോണിക് മാലിന്യം കുന്നുകൂടുന്നു. ഇത് കുറയ്ക്കുകയും പാരിസ്ഥിതിക സുസ്ഥിരതക്ക് സഹായിക്കുകയും ചെയ്യുക എന്നതും ലക്ഷ്യമാണ്.
ഇതിലൂടെ രാജ്യത്ത് പ്രതിവർഷം 22 ലക്ഷത്തിലധികം ചാർജറുകളുടെയും കേബിളുകളുടെയും ഉപയോഗം കുറയ്ക്കാനാവും. ഉപഭോക്താക്കൾക്ക് പ്രതിവർഷം 17 കോടി റിയാലിലേറെ ലാഭിക്കാനുമാവും. പ്രതിവർഷം ഏകദേശം 15 ടൺ ഇലക്ട്രോണിക് മാലിന്യം കുറയ്ക്കുന്നതിലൂടെ സാങ്കേതിക മേഖലയിൽ രാജ്യത്തിെൻറ സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സഹായമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.