റിയാദ്: ആദ്യം നീലയും വയലറ്റും മഞ്ഞയും പിന്നീട് ചുവപ്പും പച്ചയും ഒടുവിൽ ഓറഞ്ചും വർണങ്ങളണിഞ്ഞ് റിയാദ് മെട്രോ മഴവില്ലഴകിൽ. യാത്രക്കാരുടെ സംതൃപ്തി കൊണ്ട് ഏഴാമത്തെ നിറവുമെഴുതി സൗദി തലസ്ഥാന നഗരം പൊതുഗതാഗതത്തിെൻറ കാര്യത്തിൽ പുതിയൊരു യുഗപ്പിറവി സാധ്യമാക്കിയിരിക്കുന്നു. നഗരത്തിെൻറ മുക്കുമൂലകളെ ബന്ധിപ്പിക്കുന്ന ബസുകളും പരസ്പര ബന്ധിതമായ ആറ് മെട്രോ ലൈനുകളും ചേർന്ന് കണ്ണിമുറിയാത്ത ഒരു പൊതുഗതാഗത ശൃംഖലയാണ് ഞായറാഴ്ച ഓറഞ്ച് ട്രാക്കിലെ മെട്രോ കൂടി ചലിച്ചുതുടങ്ങിയതോടെ യാഥാർഥ്യമായത്.
ബസും ട്രയിനും ചേർന്ന് ഊടും പാവുമിട്ട് നെയ്തത് നഗരവാസികൾക്കും സന്ദർശകർക്കും പരാശ്രയം കൂടാതെ സ്വൈര സഞ്ചാരം നടത്താനുള്ള ലോകത്തെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമാണ്. റിയാദ് സിറ്റി റോയൽ കമീഷൻ നേതൃത്വം നൽകുന്ന കിങ് അബ്ദുൽ അസീസ് ട്രാൻസ്പോർട്ട് സിസ്റ്റത്തിന് കീഴിലാണ് ഇത്.
നഗരത്തിെൻറ പടിഞ്ഞാറ് ഭാഗത്തെ ജിദ്ദ റോഡിൽനിന്ന് ഏറ്റവും കിഴക്കുള്ള ഖഷം അൽആൻ വരെ 41.1 കിലോമീറ്റർ നീളത്തിൽ കിടക്കുന്ന ഓറഞ്ച് ട്രാക്കാണ് ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചത്. രാവിലെ ആറിന് ആദ്യ ഓറഞ്ച് ട്രെയിൻ ചലിച്ചു തുടങ്ങി. ഏറ്റവും കിഴക്കുഭാഗത്ത് കൂടെ പോകുന്ന സെക്കൻഡ് ഈസ്റ്റേൺ റിങ് റോഡുമായി ചേരുന്ന ഈ മെട്രോ ട്രാക്കിൽ ആകെ 22 സ്റ്റേഷനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും പണിപൂർത്തിയായി പ്രവർത്തനക്ഷമമായത് അഞ്ച് സ്റ്റേഷനുകൾ മാത്രമാണ്. ജിദ്ദ റോഡ്, തുവൈഖ്, അദ്ദൗവു, ഹാറൂൺ അൽ റഷീദ്, നസീം എന്ന് സ്റ്റേഷനുകളാണ് ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചത്. ഈ അഞ്ച് സ്റ്റേഷനുകളിൽ മാത്രമേ നിലവിൽ ട്രയിന് സ്റ്റോപ്പുള്ളൂ. ബാക്കി 17 സ്റ്റേഷനുകൾ വൈകാതെ പ്രവർത്തനം ആരംഭിക്കും. ഈ ലൈനിലെ ഏറ്റവും വലിയ സ്റ്റേഷൻ ബത്ഹയോട് ചേർന്നുള്ള ദീരയിലെ ‘ഖസറുൽ ഹുകൂം’ സ്റ്റേഷനാണ്. പണി പൂർത്തിയാക്കുന്ന ഘട്ടത്തിലാണ്.
ഇതോടൊപ്പം ബ്ലൂ ട്രാക്കിലെ അൽ മുറൂജ്, ബാങ്ക് അൽ ബിലാദ്, കിങ് ഫഹദ് ലൈബ്രറി എന്നീ മൂന്നു സ്റ്റേഷനുകൾ കൂടി ഞായറാഴ്ച തുറന്നിട്ടുണ്ട്. 38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ട്രാക്കിൽ ആകെ 25 സ്റ്റേഷനുകളാണുള്ളത്. 21 സ്റ്റേഷനുകൾ തുറന്നു. ഇനി ബാക്കിയുള്ള നാല് സ്റ്റേഷനുകൾ രണ്ടും ബത്ഹയിലാണ്. അൽ ബത്ഹ, മ്യൂസിയം സ്റ്റേഷനുകൾ. ഇത് കൂടി തുറന്നാലേ ബത്ഹയിൽനിന്ന് കൂടുതലാളുകൾക്ക് ട്രയിൻ സൗകര്യം പൂർണാർഥത്തിൽ ഉപയോഗപ്പെടുത്താനാവൂ.
റെഡ് ട്രാക്ക് കടന്നുപോകുന്ന കിങ് സഊദ് യൂനിവേഴ്സിറ്റിയോട് ചേർന്നുള്ള മെട്രോ സ്റ്റേഷനിലേക്ക് വിശാലമായ കാമ്പസിനുള്ളിൽനിന്ന് ഷട്ടിൽ ബസ് സർവിസിനും ഞായറാഴ്ച തുടക്കമായി. എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെ ഇടതടവില്ലാതെ ബസ് സർവിസുണ്ടാവും.
നവംബർ 27ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച റിയാദ് മെട്രോയിൽ യാത്രാഗതാഗതം ആരംഭിച്ചത് ഡിസംബർ ഒന്ന് മുതലാണ്. ബ്ലൂ, യെല്ലോ, പർപ്പിൾ എന്നീ മൂന്ന് ട്രാക്കുകളിലാണ് ആദ്യം സർവിസ് ആരംഭിച്ചത്. ഡിസംബർ 15ഓടെ റെഡ്, ഗ്രീൻ ട്രാക്കുകളിലും സർവിസ് തുടങ്ങി. ഒടുവിൽ ഓറഞ്ച് ട്രാക്കിലും സർവിസ് ആരംഭിച്ചതോടെ റിയാദ് മെട്രോ പദ്ധതി പൂർണമായി. ബ്ലൂ ലൈനിൽ അവശേഷിക്കുന്ന നാലും ഓറഞ്ച് ലൈനിലെ 17ഉം സ്റ്റേഷനുകളും കൂടി പ്രവർത്തനം ആരംഭിച്ചാലേ പൂർണാർഥത്തിൽ മെട്രോയുടെ പ്രയോജനം പൊതുജനങ്ങൾക്ക് ലഭിക്കൂ. മെട്രോക്ക് മുമ്പ് തന്നെ നഗരത്തിെൻറ മുക്കുമൂലകളെയും മെട്രേ സ്റ്റേഷനുകളെയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ബസ് സർവിസ് ആരംഭിച്ചിരുന്നു. ആകെ ആയിരത്തോളം ബസുകളാണ് ദിനംപ്രതി സർവിസ് നടത്തുന്നത്.
അതേസമയം ആരംഭിച്ച സർവിസുകളിെലല്ലാം യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു മാസത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. അവശേഷിക്കുന്ന സ്റ്റേഷനുകൾ കൂടി തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം പതിന്മടങ്ങായി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.