റിയാദ്: സാങ്കേതിക മേഖലയിലെ അസാധാരണ പ്രതിഭകളും ഗവേഷകരുമായ 685 വിദേശികൾക്ക് സൗദി അറേബ്യ പ്രിമീയം ഇഖാമ അനുവദിച്ചു. റിയാദിൽ ലീപ് 2025 മേളയിൽ സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഇതിൽ ഫൈവ് ജി ടെക്നോളജി സ്പെഷലിസ്റ്റുകളാണ് കൂടുതൽ. പട്ടികയിൽ 16 ശതമാനവുമായി ഇവർ ഒന്നാമതാണ്. തൊട്ടടുത്ത് 15 ശതമാനവുമായി ക്ലൗഡ് കമ്പ്യൂട്ടിങ് സ്പെഷലിസ്റ്റുകളാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയിലെ വിദഗ്ധർക്കും പ്രീമിയം ഇഖാമ അനുവദിച്ചിട്ടുണ്ട്. ഇവർ 12 ശതമാനമാണ്.
പ്രീമിയം ഇഖാമ നൽകൽ ഈ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഇൻറർനെറ്റ് ഓഫ് തിങ്സ് സാങ്കേതികവിദ്യകൾ, സാമ്പത്തിക സാങ്കേതികവിദ്യ, നൂതന കമ്പ്യൂട്ടിങ് എന്നിവയിലെ പ്രഫഷനലുകളും കൂട്ടത്തിലുണ്ട്.
അമേരിക്ക, യു.കെ, ഓസ്ട്രേലിയ, ജർമനി, ബ്രസീൽ, ഇന്ത്യ, പാകിസ്താൻ, ഈജിപ്ത്, മറ്റു രാജ്യങ്ങൾ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി വിദഗ്ധർക്കാണ് പ്രീമിയം ഇഖാമ നൽകിയത്. രാജ്യത്തെ ആഗോള ഡിജിറ്റൽ പ്രതിഭകളെ ശാക്തീകരിക്കാനും നവീകരണ അന്തരീക്ഷം മെച്ചപ്പെടുത്താനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും പേർക്ക് പ്രീമിയം ഇഖാമ നൽകിയത്.
‘വിഷൻ 2030’ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന തരത്തിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി, ഇന്നൊവേഷൻ എന്നിവയുടെ ആഗോളകേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും ഇത് ആവശ്യമാണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ കേഡറുകളിലേക്ക് അറിവ് കൈമാറുന്നതിനും അനുഭവങ്ങളുടെ കൈമാറ്റം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടും കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.