മദീനയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽജാസർ സന്ദർശിക്കുന്നു
മദീന: മദീനയിലെ ഹറമൈൻ റെയിൽവേ സ്റ്റേഷൻ സൗദി ഗതാഗത മന്ത്രി എൻജി. സ്വാലിഹ് അൽജാസർ സന്ദർശിച്ചു. റമദാനിൽ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിന് ഹറമൈൻ എക്സ്പ്രസ് ട്രെയിൻ സ്റ്റേഷനുകളിലേയും ട്രെയിനുകളിലേയും തയാറെടുപ്പുകൾ മന്ത്രി പരിശോധിച്ചു.
യാത്രക്കാരുടെ അഭിപ്രായങ്ങൾ കേട്ടു. റമദാൻ മാസത്തിൽ തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന ട്രെയിൻ സേവനങ്ങളെക്കുറിച്ച് ഗതാഗത മന്ത്രിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിവരിച്ചുകൊടുത്തു.
ഗതാഗത, ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ പദ്ധതികളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് യാത്രക്കാർക്കും തീർത്ഥാടകർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ നൽകാനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ മന്ത്രി നിർദേശിച്ചു. സൗദി റെയിൽവേ സി.ഇ.ഒ ഡോ. ബശാർ അൽ മാലിക്കും മന്ത്രിയെ അനുഗമിച്ചിരുന്നു.
പതിവുപോലെ ഈ വർഷവും റമദാനിൽ മക്കക്കും മദീനക്കുമിടയിലെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ പ്രവർത്തന ശേഷി സൗദി റെയിൽവേ വർധിപ്പിച്ചിട്ടുണ്ട്.
സീസണിലെ ട്രിപ്പുകളുടെ എണ്ണം 3,410 ട്രിപ്പുകളാക്കി ഉയർത്തി. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 21ശതമാനത്തിലധികം വർധനവാണെന്നാണ് കണക്കാക്കുന്നത്. ഏകദേശം 16 ലക്ഷം സീറ്റുകൾ ലഭ്യമാണ്. സീറ്റുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർധനവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.