റിയാദ്: മധുരഗീതങ്ങളുടെ ഗസൽമഴ പെയ്യിച്ച് പ്രശസ്ത ഗായകൻ ഷഹബാസ് അമൻ റിയാദിൽ. ഒരു കൂട്ടം ഫുട്ബാൾ സ്നേഹികളുടെ കൂട്ടായ്മയായ നഹ്ദ ഫുട്ബാൾ ക്ലബ് ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ഗസൽസന്ധ്യ അരങ്ങേറിയത്. റിയാദിലെ അൽഅബ്രട്ടോറ പാലസിൽ നടന്ന പരിപാടി സംഗീതാസ്വാദകർക്ക് വേറിട്ട അനുഭവമായി.
നിറഞ്ഞുകവിഞ്ഞ സദസ്സിന് മുന്നിൽ ഷഹബാസ് അമൻ അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും ഏറ്റവും പ്രശസ്തവും അല്ലാത്തതുമായ പാട്ടുകൾ പാടി. മനസ്സിൽ പതിഞ്ഞുപോയ മധുരഗീതങ്ങൾ അത് പാടിയ ഗായകനിൽനിന്നുതന്നെ നേരിട്ട് കേൾക്കാനായത് റിയാദിലെ പ്രവാസി കലാസ്വാദകർക്ക് ആഹ്ലാദം പകർന്നു.
മെഹ്ദി ഹസന്റെ 'രഫ്ത... രഫ്ത' ഉൾപ്പെടെ പതിറ്റാണ്ടുകളായി ശ്രവണപുടങ്ങൾക്ക് ആനന്ദം പകരുന്ന വിഖ്യാത ഗസലുകളും അദ്ദേഹം പാടി. സമീപകാല ഹിറ്റുകളടക്കം മലയാളത്തിലെ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങൾ അത് പിറക്കാനിടയാക്കിയ പുരാവൃത്തങ്ങളുടെ അകമ്പടിയോടെ അദ്ദേഹം അവതരിപ്പിച്ചത് സദസ്സ് കരഘോഷത്തോടെ വരവേറ്റു.
വർഷങ്ങൾക്കു മുമ്പ് ഒരു അപ്രശസ്ത സംഗീത ആൽബത്തിനു വേണ്ടി ഒരുക്കി പിന്നീട് സുഡാനി ഫ്രം നൈജീരിയ എന്ന ഹിറ്റ് സിനിമയിലൂടെ അതിപ്രശസ്തമായി മാറിയ 'ഏതുണ്ടടാ കാൽപന്തല്ലാതെ ഊറ്റം കൊള്ളാൻ വല്ലാതെ...' എന്ന 'കുർറ' ഗാനം ഫിഫ ലോകകപ്പ് ഫുട്ബാൾ നടക്കുന്ന വേളയിലെന്ന് പറഞ്ഞ് അദ്ദേഹം പാടിയത് സദസ്സിനെ ആവേശത്തിലാക്കി. പരിപാടിക്ക് ശേഷം ബ്രസീൽ-കാമറൂൺ മത്സരം വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ചത് സംഗീതത്തെയും ഫുട്ബാളിനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർക്ക് ഇരട്ടി മധുരവുമായി.
സാംസ്കാരിക പരിപാടിയിൽ ക്ലബിനെ സദസ്സിന് പരിചയപ്പെടുത്തി പ്രസിഡന്റ് നസീബ് പുത്തൻപീടിക സംസാരിച്ചു. ബിസിനസ്, ചാരിറ്റി മേഖലകളിൽ മികവ് പുലർത്തുന്നവരെ ചടങ്ങിൽ ആദരിച്ചു. ക്ലബ് ഭാരവാഹികളായ നസീബ് പുത്തൻപീടിക, ഷനോജ് അബ്ദുല്ല, സുഹൈൽ മങ്കരത്തൊടി, ജാഫർ ആനി, നൈജിൻ മേത്തലത്തിൽ, നിഷാദ് മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.