റിയാദ്: വരും തലമുറക്ക് കരുതലിന്റെയും വികസനത്തിന്റെയും നവ മാതൃകകൾ സൃഷ്ടിച്ച് മുന്നേറുകയാണ് സൗദി ഭരണകൂടം. 2019 മാർച്ച് 19ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് തുടക്കമിട്ട റിയാദിന്റെ നാല് അഭിലാഷ പദ്ധതികളിൽ ഒന്നാണ് സ്പോർട്സ് ബൊളിവാഡ്.
ലോകോത്തര തലത്തിലേക്ക് തലസ്ഥാന നഗരത്തിന്റെ സ്ഥാനം ഉയർത്തുകയും മെച്ചപ്പെട്ട ജീവിതാനുഭവങ്ങൾ നഗരവാസികൾക്ക് പ്രദാനം ചെയ്യുകയുമാണ് ഈ പദ്ധതി. നഗരത്തിൽ ജീവിക്കുന്നവർക്ക് നടത്തം, സൈക്ലിങ്, കുതിരസവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാൻ സ്പോർട്സ് ബൊളിവാഡ് പ്രചോദനം നൽകുന്നു.
റിയാദിലെ സ്പോർട്സ് ബൊളിവാർഡിൽനിന്നുള്ള വിവിധ ദൃശ്യങ്ങൾ (ഫോട്ടോ: സാലിഖ് തിരുത്തിയാട്)
ഊർജസ്വലമായ സാംസ്കാരികവും വിനോദപരവുമായ അന്തരീക്ഷം വളർത്തുന്ന പരിപാടികളും പ്രവർത്തനങ്ങളും ഈ പദ്ധതി വിഭാവനം ചെയ്യുന്നു. മനോഹരമായി രൂപകൽപന ചെയ്ത നടപ്പാതകളും ‘സൈക്കിളിങ് വേ’കളും ഇരിപ്പിടങ്ങളുമെല്ലാം പ്രൗഢമായ രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു.
സന്ദർശകർക്കായി മേത്തരം സൈക്കിളുകളും കോഫി ഷോപ്പുകളും വിശ്രമ ലഘുഭക്ഷണ കേന്ദ്രങ്ങളുമെല്ലാം സ്പോർട്സ് ബൊളിവാഡിലുണ്ട്. വെളിച്ചം മനോഹരമായി ക്രമീകരിച്ച ഇവിടത്തെ രാത്രികാല കാഴ്ചകൾ ദൃശ്യാനുഭൂതി പകരുന്നതാണ്.
റിയാദിനെ ലോകത്തിലെ ഏറ്റവും ജീവിക്കാൻ കഴിയുന്ന നഗരങ്ങളിലൊന്നാക്കി മാറ്റുക, വ്യായാമത്തിലൂടെയും വ്യത്യസ്ത കായികയിനങ്ങളിൽ പങ്കെടുക്കുന്നതിലൂടെയും ആളുകളെ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാൻ പ്രോത്സാഹിപ്പിക്കുക, കലാസാംസ്കാരിക പാരിസ്ഥിതിക മേഖലയുമായുള്ള സ്പോർട്സിന്റെ നൂതന സംയോജനം, ജനങ്ങൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കൽ, സൗദി ‘വിഷൻ 2030’ ലക്ഷ്യമിടുന്ന ജീവിത നിലവാരം കൈവരിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
റിയാദ് നഗരത്തിലൂടെ സ്പോർട്സ് ബൊളിവാഡ് വ്യാപിക്കുന്നു, പടിഞ്ഞാറ് വാദി ഹനീഫയെ അമീർ മുഹമ്മദ് ബിൻ സൽമാൻ റോഡ് വഴി കിഴക്ക് വാദി അൽ സുലൈയുമായി ബന്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ലീനിയർ പാർക്കായി മാറാൻ 135 കിലോമീറ്ററിലധികം നീളമുണ്ട്.
നടത്തക്കാർക്കും സൈക്ലിസ്റ്റുകൾക്കും അമച്വർമാർക്കും വേണ്ടിയുള്ള ട്രാക്കുകളും കുതിരപ്പാതകളും മറ്റു കായിക സൗകര്യങ്ങളും ഇതിലുൾപ്പെടുന്നു. റിയാദിനെ ആഗോള അത്ലറ്റിക്സ്, ജീവിതശൈലി കേന്ദ്രമാക്കി മാറ്റുന്നതിൽ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തിയാണ് സൗദി അറേബ്യ സ്പോർട്സ് ബൊളിവാഡിന്റെ ആദ്യഘട്ടം പ്രവർത്തനമാരംഭിച്ചത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ സ്പോർട്സ് ബൊളിവാഡ് ഫൗണ്ടേഷനാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.