റിയാദ്: നികുതി, വാറ്റ് അപ്‌ഡേറ്റുകളും ഇ-ഇൻവോയ്സിങ്ങിന്റെ ആമുഖവും സംബന്ധിച്ച് സെമിനാർ നടന്നു. ബത്ഹയിലെ ഡി-പാലസ് ഹോട്ടലിൽ ‘ഫിൻപാൽ’ കൺസൾട്ടിങ് ഏജൻസി സംഘടിപ്പിച്ച പരിപാടിയിൽ ഈ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് വ്യവസായ വിദഗ്ദരും പ്രഫഷനലുകളും ചർച്ച നയിച്ചു.
സൗദി അറേബ്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന നികുതി ഭൂപ്രകൃതിയെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ അജണ്ടയാണ് സെമിനാറിൽ അവതരിപ്പിച്ചത്. സോളിഡാരിറ്റി ഇൻഷുറൻസ് മുൻ ഗവൺമെന്റ് റിലേഷൻസ് ആൻഡ് എച്ച്.ആർ മാനേജർ മൗസാദ് അൽ എനേസി സെമിനാർ ഉദ്ഘാടനം ചെയ്തു.
റിയാദിലെ ഫിൻപാൽ മേധാവി മുഹമ്മദ് നിഫ്രാസ് മുഖ്യ പ്രഭാഷണം നടത്തി. ഏറ്റവും പുതിയ നികുതി നിയന്ത്രണങ്ങളും ഇ-ഇൻവോയ്സിങ്ങിന്റെ നേട്ടങ്ങളും ഇൻവോയ്സിങ് സിസ്റ്റം അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു.
ആദ്യ സെഷൻ സൗദിയിലെ വാറ്റ്, ടാക്സ് അപ്ഡേറ്റുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രമുഖ സൗദി നികുതി വിദഗ്ദനായ പി.സി. ആഷിഖ് റഹ്മാൻ, സമീപകാല മാറ്റങ്ങളെക്കുറിച്ചും ബിസിനസുകൾക്കുള്ള അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആഴത്തിലുള്ള വിശകലനം നൽകി.
മാട്രിക്സ് കോംസെക്കിലെ ബിസിനസ് ഡെവലപ്‌മെൻറ് ഹെഡ് ഷാജൽ മൊഹിയുദ്ദീൻ നയിച്ച ഇ-ഇൻവോയ്സിങ്ങിന്റെ ആമുഖത്തെക്കുറിച്ചുള്ള സെഷനും സെമിനാറിൽ അവതരിപ്പിച്ചു. സാമ്പത്തിക ഇടപാടുകളിൽ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിന്റെ പങ്ക് ഊന്നിപ്പറയുന്ന ഇ-ഇൻവോയ്സിങ്ങിന്റെ സാങ്കേതികവും നിയന്ത്രണപരവുമായ വശങ്ങൾ അവതരിപ്പിച്ചു.
സൗദി വ്യവസായി മാജിദ് സുലൈമാൻ അൽ ഫുവൈരിസ് പി.സി. ആഷിഖ് റഹ്മാനും ഷാജൽ മൊഹിയുദ്ദീനും ആദരഫലകങ്ങൾ നൽകി. അഹമ്മദ് സഹൽ, മുഹമ്മദ് അസ്ലം എന്നിവരും പരിപാടിയിൽ പങ്കെടുത്തു. എ. ഹസ്ന സ്വാഗതവും ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.