ജിദ്ദ: ഇന്ത്യയുടെ മതേതര സ്വഭാവത്തിന് നിരക്കാത്ത മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമത്തിനെതിരെ മുഴുവൻ ജനവിഭാഗങ്ങളും യോജിച്ച് രംഗത്തിറങ്ങണമെന്ന് തനിമ കേന്ദ്ര സമിതി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വർഷങ്ങളായി മരവിപ്പിച്ചിരുന്ന പൗരത്വ നിയമ ദേഭഗതി (സി.എ.എ) പുറത്തെടുത്തത് ദുഷ്ടലാക്കോടെയാണ്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന തന്നെ മാറ്റിപ്പണിയുമെന്ന് ആവർത്തിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ സി.എ.എ നടപ്പാക്കുന്നത്. സംഘ്പരിവാർ ആഗ്രഹിക്കുന്ന വംശീയ ഉന്മുലനത്തിന്റെ ഭാഗമായിക്കൂടി തയ്യാറാക്കപ്പെട്ടതാണ് രാജ്യത്ത് വിഭാഗീയത സ്രഷ്ടിക്കുന്ന ഈ നിയമം.
വൈവിധ്യമാണ് ഇന്ത്യയുടെ കരുത്തും സൗന്ദര്യവും. സാംസ്കാരിക വൈവിധ്യങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ചെടുത്ത ദേശബോധവും ദേശസംസ്കാരവുമാണ് ഇന്ത്യക്കുള്ളത്. സംഘ്പരിവാർ ലക്ഷ്യമിടുന്നതാവട്ടെ, ഏകശിലാസമൂഹത്തെയാണ്. സ്വതന്ത്ര്യം, ജനാധിപത്യം, മതേതരത്വം മുതലായ ഭരണഘടനാമൂല്യങ്ങൾക്ക് നേരെയുള്ള വംശീയനീക്കത്തിന്റെ തുടർച്ചയാണ് പൗരത്വ നിയമം. ഇന്ത്യ ഇന്ത്യയല്ലാതായി മാറുന്ന ഈ രാഷ്ട്രീയ സാഹചര്യം അനുവദിക്കപ്പെട്ടു കൂടാ.
ഇതിന്റെ ആദ്യ ഇരകൾ മുസ്‌ലിംകളായിരിക്കാമെങ്കിലും വംശീയ നീക്കത്തിൽ നിന്നും ഇന്ത്യയിലെ ഒരു സാമൂഹ്യ ജനവിഭാഗത്തിനും രക്ഷപ്പെടാനാവില്ലെന്ന് തനിമ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങൾക്കെതിരായ പൗരത്വ ഭേദഗതി നിയമത്തെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കേണ്ടതുണ്ട്. മാതൃരാജ്യത്ത് ജനാധിപത്യവും മതേതരത്വവും തകർക്കാൻ വംശീയ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് പ്രവാസികളും ബോധവാന്മാരായിരിക്കണമെന്ന് തനിമ പ്രസ്താവനയിൽ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.