റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും
റിയാദ്: ഈ മാസം റിയാദിൽ നടക്കുന്ന ട്രംപ്-പുടിൻ ഉച്ചകോടിക്ക് തയാറെടുക്കാൻ അമേരിക്കൻ, റഷ്യൻ പ്രതിനിധികൾ റിയാദിലെത്തി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും തിങ്കളാഴ്ച രാവിലെ റിയാദിലെത്തി. യു.എസ് പ്രസിഡന്റിന്റെ മിഡിൽ ഈസ്റ്റിലെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് ഉടനെയെത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി അമേരിക്കൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രി സെർജി ലാവ്റോവും ക്രെംലിൻ ഫോറിൻ പോളിസി അഡ്വൈസർ ഉഷാക്കോവും റിയാദിലേക്ക് തിരിച്ചതായി റഷ്യൻ പ്രസിഡൻസിയായ ക്രെംലിൻ റിപ്പോർട്ട് ചെയ്തു. സൗദിയിലെ അമേരിക്കൻ പ്രതിനിധി സംഘവുമായി ഇന്ന് (ചൊവ്വാഴ്ച) റഷ്യയിലെ പ്രമുഖ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്ന് അവർ വാർത്താക്കുറിപ്പിൽ അറിയിച്ചു. റിയാദിലെ കൂടിക്കാഴ്ച്ച യുക്രെയ്നിലെ യുദ്ധത്തിന് പരിഹാരങ്ങൾ തേടുന്നതാവുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. മോസ്കോയും വാഷിങ്ടണും തമ്മിലുള്ള അസ്വാഭാവിക ബന്ധങ്ങൾക്കപ്പുറത്തേക്ക് നീങ്ങാൻ പുടിനും ട്രംപും ആഗ്രഹിക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു.
മൂന്നുവർഷമായി തുടരുന്ന യുക്രെയ്നിനെതിരായ റഷ്യൻ യുദ്ധം അവസാനിപ്പിക്കാനാണ് അമേരിക്കൻ, റഷ്യൻ ചർച്ചകൾ ലക്ഷ്യമിടുന്നത്. യുദ്ധത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരോട് ട്രംപ് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ആവർത്തിച്ച് പ്രതിജ്ഞയെടുത്തിരുന്നു. ഈ മാസം അവസാനം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള ഉച്ചകോടിക്ക് തയാറെടുക്കുന്നതിനാണ് അമേരിക്കൻ, റഷ്യൻ ഉദ്യോഗസ്ഥർ സൗദി അറേബ്യയിൽ കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ വരാനിരിക്കുന്ന ഉച്ചകോടിയുടെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഈ ചർച്ചകളിൽ യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലെൻസ്കിയും ഉൾപ്പെടുമെന്നും റിപ്പോർട്ടുണ്ട്. പ്രസിഡന്റ് വ്ലാദിമർ സെലെൻസ്കി ബുധനാഴ്ച സൗദി അറേബ്യ സന്ദർശിക്കുമെന്ന് യുക്രെയ്നിയൻ പ്രസിഡൻസി ഞായറാഴ്ച അറിയിച്ചു.
ദീർഘകാലമായി ആസൂത്രണം ചെയ്ത ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി സെലൻസ്കി ഭാര്യയോടൊപ്പം സൗദിയിലെത്തുമെന്ന് യുക്രെയ്നിയൻ പ്രസിഡൻസി വിശദീകരിച്ചു. റഷ്യൻ, അമേരിക്കൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സെലെൻസ്കി നേരത്തെ വ്യക്തമാക്കിയിരുന്നു.
സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ചർച്ച നടത്തി.റിയാദിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനം സന്ദർശിച്ചപ്പോഴായിരുന്നു കൂടിക്കാഴ്ച. മേഖലയിലെയും ലോകത്തെയും പ്രശ്നങ്ങളെക്കുറിച്ച് ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിൽ ചർച്ച ചെയ്തു.തിങ്കളാഴ്ചയാണ് മാർക്കോ റൂബിയോയും യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സും റിയാദിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.