റിയാദ്: ഫലസ്തീനിൽ ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനുള്ള ആഗോള സഖ്യത്തിന്റെ പ്രഥമ ഉന്നതതല സമ്മേളനം റിയാദിൽ ആരംഭിച്ചു. റിയാദ് ഇന്റർകോൺടിനെന്റൽ ഹോട്ടലിൽ നടക്കുന്ന ദ്വിദിന സമ്മേളനത്തിൽ വിവിധ ലോകരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
റിയാദ് ആതിഥേയത്വം വഹിക്കുന്ന ഈ ഉന്നതതല യോഗം ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കുന്നതിനും ഇസ്രായേലിന്റെ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിനുള്ള നടപടികളിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടിയുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) മേധാവി ഫിലിപ്പ് ലാസർനി യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുന്നതിനിടെ ഇക്കഴിഞ്ഞ ദിവസങ്ങളിൽ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കെതിരെ ഇസ്രായേലി പാർലമെന്റായ ‘നെസെറ്റ്’ നടത്തിയ വോട്ടെടുപ്പ് അതിരുകടന്നതും അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതുമാണെന്ന് കുറ്റപ്പെടുത്തി.
സംഘടനയെ അപകീർത്തിപ്പെടുത്തുന്നതിനും ഫലസ്തീൻ അഭയാർഥികൾക്ക് മാനുഷികവും വികസനപരവുമായ സഹായം നൽകുന്നതിനെ നിയമവിരുദ്ധമാക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാമ്പയിനിലെ ഏറ്റവും പുതിയ നീക്കമായേ ഇതിനെ കാണാനാവൂ. യു.എൻ റിലീഫ് ഏജൻസിയെ പൊളിക്കണമെന്ന് ഇസ്രായേലി സർക്കാർ ഉദ്യോഗസ്ഥർ പരസ്യമായി ആവശ്യപ്പെട്ടിട്ടുണ്ട്.
യു.എൻ ജനറൽ അസംബ്ലിയുടെയും സെക്യൂരിറ്റി കൗൺസിലിന്റെയും പ്രമേയങ്ങളെയും അന്താരാഷ്ട്ര നീതിന്യായ കോടതിയെയും ധിക്കരിച്ചാണ് അവർ ഗസ്സക്കെതിരെ യുദ്ധം ചെയ്യുന്നത്. അതിനൊപ്പം അവരുടെ ലക്ഷ്യമാണ് കിഴക്കൻ ജറുസലേമിൽനിന്ന് യു.എൻ.ആർ.ഡബ്ല്യു.എയെ ഒഴിവാക്കി പകരം അവരുടെ കുടിയേറ്റ ജനവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി. ഇത് ഫലസ്തീനികളുടെ ദുരിതം കൂടുതൽ ആഴത്തിലാക്കും.
ഇത് യു.എൻ.ആർ.ഡബ്ല്യു.എയ്ക്കെതിരെ മാത്രമല്ല, ഫലസ്തീനികൾക്കും അവരുടെ അഭിലാഷങ്ങൾക്കും എതിരെയാണ്. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന്റെ സമാധാനപരമായ പരിഹാരത്തിനായി ദീർഘകാലമായി നിലവിലുള്ള മാനദണ്ഡങ്ങളെ ഏകപക്ഷീയമായി മാറ്റാനുള്ള ബോധപൂർവമായ ശ്രമത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നതെന്നും ഇത് പ്രാദേശിക സ്ഥിരതക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ വളരെ വലുതാണെന്നും ഫിലിപ്പ് ലാസർനി തുറന്നടിച്ചു.
ഫലസ്തീൻ പ്രശ്നം രണ്ട് രാഷ്ട്രമെന്ന ഫോർമൂലയിലൂടെ പരിഹരിക്കാനും അത് സമയബന്ധിതമായി നടപ്പാക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ ഏകോപിപ്പിക്കാനും സമാധാന ശ്രമങ്ങളെ ഉത്തേജിപ്പിക്കാനുമുള്ള നീക്കമാണ് ആഗോള സഖ്യത്തിന്റെ ലക്ഷ്യം.
ദ്വിരാഷ്ട്ര പരിഹാരത്തിനായി അറബ്, ഇസ്ലാമിക, യൂറോപ്യൻ മേഖലയിലെ 149 രാജ്യങ്ങളെ ഉൾപ്പെടുത്തി ഒരു ആഗോള സഖ്യം രൂപവത്കരിച്ചതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. പ്രഥമ ഉന്നതതല യോഗം ലക്ഷ്യം കാണുന്നതിനുള്ള പ്രായോഗിക നടപടികളെക്കുറിച്ച് ആലോചിക്കുകയും സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്യുന്നതിനുള്ള വഴികൾ ആരായും.
ഈ ഉന്നതതല യോഗത്തിൽ ഇന്ത്യയുൾപ്പടെ നിരവധി രാജ്യങ്ങളുടെ നേതാക്കളും നയതന്ത്രജ്ഞരും ദൂതന്മാരും പ്രാദേശിക, അന്തർദേശീയ സംഘടനകളുടെ പ്രതിനിധികളുമാണ് പെങ്കടുക്കുന്നത്. ഇന്ത്യൻ പ്രതിനിധിയായി റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബൂ മാത്തൻ ജോർജ് പങ്കെടുക്കുന്നുണ്ട്.
അറബ്, ഇസ്ലാമിക രാജ്യങ്ങളുടെ മന്ത്രിതല സംഘം, ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.െഎ.സി, യൂറോപ്യൻ യൂനിയൻ, നോർവേ എന്നിവയുടെ പങ്കാളിത്തത്തിലാണ് യോഗം നടക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് യോഗം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.