നിഷാന്ത് കണ്ണൻ

കണ്ണന് ലോണെടുക്കാൻ വീട് ഈട് നൽകി; അകാലത്തിൽ സുഹൃത്തിനെ മരണം മാടിവിളിച്ചതോടെ ജപ്തിഭീഷണിയിൽ ഉസ്മാൻ

റിയാദ്: കൂട്ടുകാരനെ സഹായിക്കാൻ സ്വന്തം കിടപ്പാടം പണയപ്പെടുത്തിയ പ്രവാസി ജപ്തി ഭീഷണിയിൽ. ലോൺ എടുത്ത സുഹൃത്ത് ഹൃദയാഘാതം മൂലം മരിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന മലപ്പുറം തുവ്വൂർ സ്വദേശി ഉസ്‌മാനാണ് തന്റെ കിടപ്പാടം സുഹൃത്തും സഹപാഠിയുമായ നിഷാന്ത് കണ്ണന് ലോണെടുക്കാൻ ഈട് നൽകിയത്. മൂന്ന് വർഷം മുമ്പ് ഉസ്മാൻ വീടിന്റെ ആധാരം പണയപ്പെടുത്തി സ്വന്തം ആവശ്യത്തിന് മൂന്ന് ലക്ഷം രൂപ ലോണെടുത്തു. പ്രവാസിയായ ഉസ്മാന് ഇതിന് വേണ്ട എല്ലാ സഹായവും ചെയ്തത് ഉറ്റസുഹൃത്തും സഹപാഠിയും പൊതുപ്രവർത്തകനുമായ കണ്ണനായിരുന്നു. ലോണെടുത്ത തുക ഉസ്മാൻ അനുവദിച്ച സമയത്തിനകം തിരിച്ചടക്കുകയും ചെയ്തു. ഇതിനിടയിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന കണ്ണൻ ഉസ്മാൻ ലോണെടുത്ത അതേ വീടിന്റെ ആധാരം പണയം വെച്ച് നിലമ്പൂർ അർബൻ ബാങ്കിൽനിന്ന് 12 ലക്ഷം രൂപ ലോണെടുത്തു. അതിപ്പോൾ പലിശ പെരുകി 18 ലക്ഷത്തോളമായി. ഈ തുക അടച്ചുതീർത്താലെ ബാങ്ക് ജപ്തി ഉൾപ്പെടെയുള്ള നടപടികളിൽ നിന്ന് പിന്മാറി ആധാരം തിരിച്ചു നൽകുകയുള്ളൂ. തുവ്വൂർ പഞ്ചയാത്ത് മെമ്പർ കൂടിയായിരുന്ന കണ്ണൻ 2023 ഏപ്രിലിലാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ കണ്ണന്റെ ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം നിരാലംബരായി, ഉസ്മാൻ ഭാരിച്ച കടക്കാരനുമായി.

കുടുംബത്തിന്റെ ഏക അത്താണിയായ കണ്ണന്റെ മരണത്തിന് ശേഷം അന്നന്നത്തെ ചെലവിനുള്ള വക കണ്ടെത്താൻ പാടുപെടുന്ന കണ്ണന്റെ ഭാര്യക്ക് ലോൺ തിരിച്ചടക്കാൻ ഒന്നും ചെയ്യാനായില്ല. കുറഞ്ഞ ശമ്പളത്തിന് സൗദിയിൽ ജോലി ചെയ്യുന്ന ഉസ്മാൻ വീട്ടിലെ ചെലവും മക്കളുടെ വിദ്യാഭ്യാസവും ഭാര്യയുടെ ചികിത്സയുമായി പ്രതിസന്ധിയുടെ നടുക്കാണ്. കണ്ണൻ വീട് പണയപ്പെടുത്തിയെടുത്ത ലോൺ തിരിച്ചടക്കാൻ ഉസ്മാൻ കഠിനശ്രമം നടത്തിയെങ്കിലും സാഹചര്യം അനുവദിച്ചില്ല. ഒരുക്കൂട്ടി വെക്കുന്ന റിയാലുകൾ ഒരു തുകയായി വരുമ്പോഴേക്ക് മറ്റ് ചെലവുകൾ അത് കൊണ്ടുപോകും. ഇപ്പോൾ പണം തിരിച്ചുപിടിക്കാൻ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

കണ്ണന്റെ കുടുംബത്തിന് വീട് നിർമിക്കാനും ഉസ്മാന്റെ ലോണടച്ചു വീട്ടി ആധാരം തിരിച്ചെടുക്കാനും നാട്ടുകാർ ചേർന്ന് കണ്ണൻ കുടുംബ സഹായ സമിതിയുണ്ടാക്കിയെങ്കിലും ബജറ്റിന്റെ നാലിലൊന്ന് സമാഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഇരു കുടുംബവും സാമൂഹികപ്രവർത്തകരും. കണ്ണന് മറ്റു ബാങ്കുകളിലും ബാധ്യതയുണ്ടായിരുന്നു. ബാങ്കുമായി സംസാരിച്ചപ്പോൾ ലോണെടുത്ത തുക ഒന്നിച്ച് അടിച്ചാൽ പ്രത്യേക സാഹചര്യം കാണക്കിലെടുത്ത് പലിശ ഒഴിവാക്കി ലോൺ ക്ലോസ് ചെയ്യാമെന്ന് പറഞ്ഞു. സഹായ സമിതി ഉസ്മാന്റെ വീടിന്റെ ആധാരം വീണ്ടെടുക്കാൻ സമാഹരിച്ച തുകയിൽനിന്ന് കണ്ണന്റെ മറ്റ് ബാങ്കുകളിലെ കടം വീട്ടാമെന്ന് ഉസ്മാൻ പറഞ്ഞതോടെ ചില ബാങ്കുകളിലെ ഇടപാടുകൾ തീർത്തു. സമാഹരിച്ച തുകയിൽനിന്ന് 3,89,000 രൂപ ബാങ്കിന് നൽകിയപ്പോൾ കണ്ണന്റെ കുടുംബത്തിന്റെ തലയിൽ വരാനിരുന്ന 10 ലക്ഷം രൂപയുടെ ബാങ്ക് ബാധ്യതയാണ് ഒഴിവായത്. ഇതും ഉസ്മാന്റെ ഹൃദയവിശാലത കൊണ്ട് സംഭവിച്ചതാണ്. വീട് പണയപ്പെടുത്തി സുഹൃത്തിനെ സഹായിച്ചതിന് ആളുകൾ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.

'എനിക്ക് വരുമാനമുള്ള ഒരു ജോലിയുണ്ടായിരുന്നെങ്കിൽ അവന്റെ കടം ഞാൻ തന്നെ വീട്ടുമായിരുന്നു. ഞാനും ദരിദ്രനായി പോയി. ഞാൻ സദുദ്ദേശത്തോടെയാണ് കാര്യങ്ങൾ ചെയ്തത്. എല്ലാം അറിയുന്ന പടച്ചോൻ എന്നെയും കുടുംബത്തെയും സഹായിക്കാതിരിക്കില്ല. ഞാനും കുടുംബവും വീട് വിട്ട് ഇറങ്ങേണ്ടി വരില്ല എന്നാണ് എന്റെ വിശ്വാസം. കണ്ണന്റെ കുടുംബത്തിനും വീടും ജീവിക്കാനുള്ള സാഹചര്യവുമുണ്ടാകണം. ഇതെല്ലാം നടക്കും. ആരുടെയെങ്കിലും രൂപത്തിൽ ദൈവത്തിന്റെ സഹായം വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു’ -എന്നാണ് ഉസ്മാൻ പറയുന്നത്.

കിടപ്പാടം മാത്രം കൈവശമുള്ള ഒരാൾ അത് പണയപ്പെടുത്തി സുഹൃത്തിന്റെ ബാധ്യതകൾ തീർക്കാൻ പ്രാധാന്യം നൽകിയത് സമാനതകളില്ലാത്ത സൗഹൃദത്തിന്റെ കഥ കൂടിയാണ്. ഉസ്മാനെയും കണ്ണന്റെ കുടുംബത്തെയും സംരക്ഷിക്കാനായി സാധ്യമായ ശ്രമങ്ങളെല്ലാം നടത്തി വരികയാണെന്ന് നാട്ടുകാരനും റിയാദിലെ സമൂഹ്യപ്രവർത്തകനുമായ സിദ്ധിഖ് തുവ്വൂർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

Tags:    
News Summary - Usman under threat of foreclosure after his friend's death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.