ദുബൈ: ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങൾ ചേർത്തുവെച്ച് അബ്ദുൽ കാദർ പണിതെടുത്ത കുഞ്ഞു ബൈക്ക് ബൈറൂത്തിലെ ദുരിതഭൂമിയിൽ സാന്ത്വനമേകും. ലബനാനിലേക്ക് സഹായമെത്തിക്കാൻ ഹിൽറ്റി ടൂൾസ് കമ്പനി നടത്തിയ ഓൺലൈൻ ലേലത്തിലാണ് കണ്ണൂർ പുതിയങ്ങാടി ഇട്ടമ്മൽ സ്വദേശി അബ്ദുൽ കാദർ കുട്ടിയസൻെറ കുഞ്ഞു ബൈക്കിന് 34,000 ദിർഹം കിട്ടിയത്. ലബനാൻ ചാരിറ്റി ഫണ്ടിലേക്ക് തുക സ്വരൂപിക്കാൻ കമ്പനി ജീവനക്കാർക്കിടയിലായിരുന്നു ലേലം. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ കാദർ തയാറാക്കിയ ബൈക്ക് ഓൺലൈൻ ലേലത്തിൽ വന്നതോടെ വാശിയേറിയ ലേലം വിളി അരങ്ങേറി. ലോകത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള ജീവനക്കാർ പങ്കെടുത്തു. 800 ദിർഹമിനായിരുന്നു ലേലം തുടങ്ങിയത്. ഒടുവിൽ സ്വിറ്റ്സർലൻഡുകാരനായ ജനറൽ മാനേജർ 34,000 ദിർഹമിന് ലേലം ഉറപ്പിക്കുകയായിരുന്നു.
ഇതുൾപ്പെടെ രണ്ടുലക്ഷം ദിർഹം ലബനാൻ ചാരിറ്റി ഫണ്ടിലേക്ക് കൈമാറാനാണ് കമ്പനിയുടെ തീരുമാനം. മൂന്നു കിലോയോളം ഭാരമുണ്ട് കുഞ്ഞൻ ബൈക്കിന്. കമ്പനിയിലെ മെയിൻ ടെക്നീഷ്യനായ കാദറിന് ബൈക്ക് നിർമിക്കുന്നതിനോടുള്ള കൗതുകം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. വർഷങ്ങൾക്ക് മുമ്പ് സ്വന്തമായി ബുള്ളറ്റ് ഉണ്ടാക്കിയ ആളാണ് ഈ കണ്ണൂരുകാരൻ. ബുള്ളറ്റിൻെറ എൻജിൻ വാങ്ങിയ ശേഷം പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ സ്വരുക്കൂട്ടി ബൈക്ക് നിർമിക്കുകയായിരുന്നു. കാറിൻെറ സ്പെയറുകൾ പോലും ബൈക്കിനായി ഉപയോഗിച്ചു. ഹാർലി ഡേവിസൺ മോഡലിൽ നിർമിച്ച ബുള്ളറ്റ് നാട്ടിലെ താരമായിരുന്നു. ഉപയോഗ ശൂന്യമായി നശിക്കേണ്ടെന്നു കരുതി ബുള്ളറ്റ് വിറ്റൊഴിവാക്കി. 20 വർഷം മുമ്പ് സ്കൂളിൽ പഠിക്കുന്ന കാലത്ത് മണ്ണ് അരിക്കുന്ന യന്ത്രം ഉണ്ടാക്കി കാദർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ദുബൈയിലെ അറബിയുടെ വീട്ടിൽ മൊബൈൽ ഫോൺ വഴി നിയന്ത്രിക്കാവുന്ന ഗേറ്റും നിർമിച്ചിട്ടുണ്ട്. നാട്ടിലെത്തി മരങ്ങൾ ഉപയോഗിക്കാതെ സ്റ്റീലിൻെറ സഹായത്തോടെ വീട് നിർമിക്കാനാണ് അടുത്ത ലക്ഷ്യം. 50 ലക്ഷത്തിൻെറ വീട് പകുതി ചെലവിൽ പണിയാമെന്നാണ് കാദർ പറയുന്നത്. എസ്.എസ്.എൽ.സി കഴിഞ്ഞ് ഹൈദരാബാദിൽ പോയി പോളി ടെക്നിക് പഠിച്ചതാണ് ജീവിതത്തിൽ വഴിത്തിരിവായത്. രണ്ടു പതിറ്റാണ്ടായി ദുബൈയിലുള്ള കാദർ വൈകാതെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയിലാണ്. 'ഉമ്മയോടും കുടുംബത്തോടുമൊപ്പം കുറച്ചു നാൾ ജീവിക്കണം'-അതാണ് കാദറിൻെറ ഇനിയുള്ള ആഗ്രഹം. abdul khadar with his bike ലേലത്തിൽവെച്ച കുഞ്ഞൻ ബൈക്കിനൊപ്പം അബ്ദുൽ കാദർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.