സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രു 20ന്; ശൈഖ് മുഹമ്മദ് പങ്കെടുക്കില്ല

ദുബൈ: കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 20ന് ശനിയാഴ്ച നടക്കുമെന്നറിയുന്നു. അതേസമയം ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം കൊച്ചിക്ക് വരുന്നില്ളെ്ളന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. പകരം യു.എ.ഇ കാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവിയായിരിക്കും പങ്കെടുക്കുക. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും.
ദുബൈയില്‍ ഞായറാഴ്ച ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉദ്ഘാടനം ഫെബ്രുവരി അവസാനം നടത്താന്‍ തീരുമാനിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ദുബൈ സര്‍ക്കാരിന്‍െറ പ്രതിനിധിയുടെ കൂടി സൗകര്യം കണക്കിലെടുത്തു കൃത്യമായ തീയതി ഒരാഴ്ചക്കകം അറിയിക്കുമെന്നാണ് സ്മാര്‍ട്ട്സിറ്റി ചെയര്‍മാന്‍കൂടിയായ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. അതിനിടെയാണ് തിങ്കളാഴ്ച രാത്രിയോടെ തീയതി സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ചത്.  ദുബൈയിലെ ടീകോം ഇന്‍വെസ്റ്റ്മെന്‍റും  കേരള സര്‍ക്കാരും  ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കൊച്ചി സ്മാര്‍ട്ട് സിറ്റി.
ആറര ലക്ഷം ചതുരശ്ര അടി മൊത്തം വിസ്തൃതിയുള്ള  ആദ്യ ഐ.ടി.ടവറാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന ഏഴു കെട്ടിടങ്ങളുടെ തറക്കല്ലിടലും നടക്കും. കാക്കനാട്ട്  246 ഏക്കറില്‍  സ്മാര്‍ട്ട് സിറ്റി  പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ ചുരുങ്ങിയത് 88 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണവും 90,000 പേര്‍ക്ക് തൊഴിലവസരവുമാണ് വിഭാവനം ചെയ്യുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.