അബൂദബി: റമദാനില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 237 ഭിക്ഷാടകരെ അബൂദബി പൊലീസ് പിടികൂടി. റമദാനിൽ വ്യാജ കഥകള്‍ ചമച്ച് പൊതുജനങ്ങളുടെ കാരുണ്യത്തെ മുതലെടുത്ത് പണം തട്ടാനാണ് യാചകര്‍ ശ്രമിക്കുന്നതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമിരി പറഞ്ഞു.
യാചകരുടെ തന്ത്രങ്ങളെയെല്ലാം മറികടന്ന് അവരെ പിടികൂടുന്നതിനുള്ള പ്രചാരണങ്ങളുമായി പൊലീസ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. യാചകരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് നേരിട്ട് സകാത്ത് നല്‍കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. ഇതിനുപകരം അംഗീകൃത ചാരിറ്റി സ്ഥാപനങ്ങളിലൂടെ സംഭാവനകള്‍ നല്‍കിയാവണം അവ അര്‍ഹരായവര്‍ക്ക് കിട്ടുമെന്ന് ഉറപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യാചകര്‍ക്ക് പണം നല്‍കുന്നത് മേഖലയില്‍ തുടരാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും ഇത് യാചനയുടെ മറവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ പെരുകുന്നതിലേക്കു നയിക്കുമെന്നും ബ്രിഗേഡിയര്‍ മുസല്ലം മുഹമ്മദ് അല്‍ അമിരി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഷാർജയിലും ദുബൈയിലും ഭിക്ഷാടക സംഘങ്ങളെ പൊലീസ് പിടികൂടിയിരുന്നു.
സ്ത്രീകളെയും കുട്ടികളെയും ഉപയോഗപ്പെടുത്തിയാണ് ഭിക്ഷാടന മാഫിയ റമദാനിൽ വലിയ തോതിൽ പിരിവ് നടത്തുന്നത്. പള്ളികളുടെയും പരിസരങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ പേർ ഭിക്ഷാടനം നടത്തുന്നത്. ഇത് തടയുന്നതിനായി പൊലീസ് പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു.
ഭിക്ഷാടനം പിടിക്കപ്പെട്ടാൽ 5000 ദിർഹം പിഴയും മൂന്നു മാസംവരെ തടവുമാണ് ശിക്ഷ. ശിക്ഷാകാലയളവിനുശേഷം ഇവരെ നാടുകടത്തുകയും ചെയ്യും. ഓൺലൈൻ വഴി അനധികൃതമായി നടത്തുന്ന പണപ്പിരിവും ശിക്ഷാർഹമായ കുറ്റകൃത്യമാണെന്ന് പൊലീസ് വ്യക്തമാക്കി. ഭിക്ഷാടനത്തിനായി പുറം രാജ്യങ്ങളിൽ നിന്ന് ആളുകളെ എത്തിക്കുന്നത് അഞ്ചുലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.