ഷാർജ: പോയ വർഷം ഷാർജ ടാക്സി ഉപയോഗിച്ചത് 74 ലക്ഷം യാത്രക്കാർ. ശരാശരി 20,200 പേർ പ്രതിദിനം ഷാർജ ടാക്സി സർവിസ് ഉപയോഗിച്ചു. 2024ലിലെ കണക്കുകൾ പുറത്തുവിട്ടത് ഷാർജ ടാക്സി ജനറൽ മാനേജർ ഖാലിദ് അൽ കിന്ദി. എമിറേറ്റിൽ ഷാർജ ടാക്സി സേവനങ്ങളുടെ ആവശ്യകത ഉയരുന്നുവെന്നതാണ് യാത്രക്കാരുടെ എണ്ണം പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ഷാർജ ടാക്സി സർവിസിന്റെ വിശ്വാസ്യതയിലും ഗുണനിലവാരത്തിലും പൊതുജനങ്ങളുടെ ആത്മവിശ്വാസവുമാണ് ഈ കണക്കുകൾ അടിവരയിടുന്നു.
അന്തരീക്ഷത്തിൽ കാർബൺഡയോക്സൈഡിന്റെ വ്യാപനം കുറക്കുന്നതിനും സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള സമഗ്ര നയത്തിന്റെ ഭാഗമായി പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് വാഹനങ്ങളാണ് ഷാർജ ടാക്സി അവതരിപ്പിച്ചിട്ടുള്ളത്. 2027 ഓടെ ടാക്സി വാഹനങ്ങൾ പൂർണമായും ഹൈബ്രിഡിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എമിറേറ്റിലെ എല്ലാ മേഖലകളും ശുദ്ധവും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമാക്കി മാറ്റുകയെന്ന യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷാർജ ടാക്സികളിൽ ഏതാണ്ട് 789 കാറുകളിൽ സ്മാർട്ട് ക്യാമറകളും (ഐ.വി.ഡി) സംവിധാനങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. സെൻട്രൽ ബുക്കിങ് ആൻഡ് ഡിസ്പാച്ച് സെന്ററുകൾക്ക് തടസ്സമില്ലാത്ത ആശയവിനിമയത്തിന് ഇതു വഴി സാധ്യമാണ്. സേവനം ലഭ്യമായ ടാക്സികളുമായി യാത്രക്കാരെ കാര്യക്ഷമമായി ബന്ധിപ്പിക്കാൻ ഈ സംവിധാനത്തിലൂടെ കഴിയുന്നതിനാൽ വേഗത്തിലും വിശ്വസ്തതയോടേയും ടാക്സി സേവനങ്ങൾ ഉറപ്പുവരുത്താൻ കഴിയും. കൂടാതെ ഉയർന്ന സുരക്ഷയും നിലവാരവും ഉപഭോക്തൃ സംതൃപ്തിയും നൽകുന്നതിനായി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്ന നടപടി ഡ്രൈവർ ടെയ്നിങ് സെന്ററുകൾ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.