യൂസുഫ് ഉസ്മാൻ
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ സമ്പന്നമായ രാജ്യമാണ് മലേഷ്യ. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളുടെ പ്രധാന ഡെസ്റ്റിനേഷനുകളിലൊന്ന്. യൂറോപ്പും യു.എസും എത്തിപ്പിടിക്കാൻ കഴിയാത്തവർക്ക് വികസിത രാജ്യത്തെ സൗകര്യങ്ങൾ അനുഭവിച്ചറിയാൻ പറ്റിയ ഇടം. കൊച്ചിയിൽനിന്ന് രാത്രി 12 മണിക്കാണ് മലേഷ്യയിലേക്ക് വിമാനം കയറുന്നത്. ഏതാണ്ട് ഏഴര മണിക്കൂർ നീണ്ട യാത്ര. ക്വോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുമ്പോൾ രാവിലെ ഏഴര മണി കഴിഞ്ഞിരുന്നു. ഹോട്ടൽ നേരത്തെ ബുക് ചെയ്തിരുന്നു. യാത്രക്ഷീണമുണ്ടായതിനാൽ അൽപം വിശ്രമിച്ച ശേഷമാണ് മലേഷ്യൻ കാഴ്ചകൾ കാണാനായി ഇറങ്ങിയത്.
നിർമാണ മികവ് വിളിച്ചോതുന്ന റോഡുകളും റെയിൽപാതകളും പൊതുഗതാഗത സംവിധാനങ്ങളും മലേഷ്യയെ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽനിന്ന് വേറിട്ടു നിർത്തുന്നു. ഇവിടത്തെ ടാക്സി സർവിസ് പോക്കറ്റ് ഫ്രണ്ട്ലിയാണ്. കാഴ്ചകൾ കണ്ട് അന്നവിടെ തങ്ങി. പിറ്റേന്ന് രാവിലെ 10മണിയോടെ ബസിലാണ് മലാക്കയിലേക്ക് പോയത്. രണ്ട് മണിക്കൂറിന്റെ യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഒരു മലയുടെ താഴെയുള്ള ഹോട്ടൽ ഹൈസങ്ങിൽ മുറിയെടുത്ത് ആഹാരം കഴിക്കാൻ പുറത്തിറങ്ങി. എവിടെയും മലായ് ഭാഷയിലുള്ള ബോർഡുകൾ മാത്രം. അപ്പോൾ ഞാൻ ഓർത്തത് കൊച്ചിയാണ്. മലയാള ഭാഷയിലുള്ള ബോർഡുകൾ കൊച്ചിയിൽ വളരെ കുറവാണ്. കൂടാതെ മറ്റു യൂറോപ്യൻ ഭാഷകളിലേക്കും കൊച്ചി വളർന്നിരിക്കുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ ഹോട്ടൽ റിസപ്ഷനിൽ പോയി കിണബടങ്ങനിലേക്ക് മൂന്നു ദിവസം രണ്ട് രാത്രി പാക്കേജ് 580 റിങ്കറ്റിന് ബുക്ക് ചെയ്തു. തൊട്ടടുത്തുള്ള തട്ടുകടയിൽ കയറി ഗ്രിൽ ചെയ്ത നൂഡിൽസും ഓംലെറ്റും കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഡ്രൈവർ ചിരിച്ചു കൊണ്ട് കടയിലേക്ക് കയറി വന്നു. പുള്ളിക്കാരൻ ഒരു കമ്പനിയിലെ ടൂറിസ്റ്റ് ഡ്രൈവറാണ്. പേര് രംഗസ്ഥൻ. അദ്ദേഹം മുസ്ലിമാണ്.. ഒരു വിധം ഇംഗ്ലീഷ് പറയും. അടുത്ത അഞ്ചു മണിക്കൂർ എന്നെ സെപ്പിലോക്കിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കറക്കാമെന്ന് പറഞ്ഞു. 100 വെള്ളി റേറ്റ് സമ്മതിച്ചു (മലേഷ്യൻ റിങ്കറ്റിന് മലയാളി പറയുന്ന പേര് വെള്ളി എന്നാണ്).
അര മണിക്കൂർ കഴിഞ്ഞപ്പോൾ രംഗസ്ഥാൻ വണ്ടിയുമായി എത്തി. ഒരു പഴയ മലേഷ്യൻ നിർമിത വാഹനം. ഒരു മണിക്കൂർ കഴിഞ്ഞ് സെപ്പിലോക് ഒറാൻഗുട്ടാൻ സെന്ററിലെത്തി. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. വനത്തിനുള്ളിലുള്ള ഒറാൻഗുട്ടാനുകൾക്ക് ഭക്ഷണം കൊടുക്കുന്നത് രാവിലെ 10 മണിക്കും വൈകിട്ട് 10 മണിക്കും രണ്ടുപ്രാവിശ്യം ആയിട്ടാണ്. പെട്ടെന്ന് തന്നെ 30 റിങ്കറ്റിന്റെ ടിക്കറ്റ് എടുത്തു വനത്തിനുള്ളിലേക്ക് എകദേശം അര കിലോമീറ്റർ വഴിയിലൂടെ നടന്നു പ്രത്യേകം മാർക്ക് ചെയ്ത സ്ഥലത്തെത്തി. ധാരാളം ടൂറിസ്റ്റുകൾ മുമ്പേ അവിടെ സ്ഥലം പിടിച്ചിട്ടുണ്ടായിരുന്നു. കൂടുതലും യൂറോപ്യൻമാരും ചൈനക്കാരുമാണ്.
കൃത്യം 10 മണിക്ക് ഒരു ഗാർഡ് വന്നു ബക്കറ്റ് നിറയെ ഫലങ്ങളും പച്ചക്കറികളും ഒരു വലിയ മരത്തിന് അരികിലുള്ള സ്ഥലത്ത് വിതറി. ഇടതൂർന്ന വനത്തിൽ വലിയ വൃക്ഷങ്ങൾ കയറുകൾ കൊണ്ട് കെട്ടിയിരിക്കുന്നു. ഒറാൻഗുട്ടാനുകൾക്ക് അനായാസേന ഞാന്നു വരാൻ വേണ്ടിയാണ് ഈ കയറുകൾ കെട്ടിയിരിക്കുന്നത് എന്ന് മനസ്സിലായി. ഏകദേശം 15 മിനിറ്റുകൾ കഴിഞ്ഞപ്പോൾ ഒരു അമ്മയും അതിന്റെ കാലിൽ തൂങ്ങിയ നിലയിൽ കുട്ടി ഒറാൻഗുട്ടനും ഒരു വലിയ വൃക്ഷത്തിൽ നിന്നു കയറിൽ ഞാന്നു താഴെ വന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
പിന്നാലെ വേറെ ഒരുത്തനും വന്നു ഭക്ഷണം കഴിച്ചിട്ട് തള്ളയുടെ കാലിൽ അള്ളിപ്പിടിച്ചിരിക്കുന്ന കുട്ടിയെ ഞൊട്ടാൻ തുടങ്ങി. വളരെ നീണ്ട കൈകാലുകളും ഉയരമുള്ള വൻ മരങ്ങളിൽ അള്ളിപ്പിടിച്ച് കയറാൻ പറ്റിയ കൈകളും കാൽ പാദങ്ങളുമാണ് ഇവകൾക്കുള്ളത്. പാദങ്ങളിൽ എപ്പോഴും ഒട്ടിപ്പിടിക്കുന്ന പശയുള്ളതിനാൽ നല്ല ഗ്രിപ്പ് ഉണ്ടായിരിക്കും.
വലിയ ഉയരമുള്ള വൃക്ഷങ്ങളിൽ താത്ക്കാലിക വീടുകൾ ഉണ്ടാക്കിയാണ് ഇവ ഓരോ ദിവസവും ഉറങ്ങുന്നത്. വീടുകളിൽ തന്നെ മലമൂത്ര വിസർജനം നടത്തുന്നത് കൊണ്ട്, ഓരോ ദിവസവും വീടുകൾ മാറിക്കൊണ്ടിരിക്കും. ലോകത്ത് ഒറാൻഗുട്ടാൻ ഉള്ള ഒരേ ഒരു സ്ഥലം സബാഹിലെ ബോർണിയോ കാടുകളാണ്. ഇവയെ കൂടാതെ പ്രൊബസിക് കുരങ്ങുകൾ, സൺ കരടികൾ, പൊക്കം കുറഞ്ഞ ആനകൾ വലിയ ചീങ്കണ്ണികൾ ഇവയെല്ലാം ധാരാളമായി അവിടെ കാണാം.
സൺ കരടി കോൺസെർവഷൻ സെന്റർ, വാർ മ്യൂസിയം ഇവയാണ് സെപ്പിലോക്കിലെ മറ്റ് കാഴ്ചകൾ. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ധാരാളം കാഴ്ചകൾ സന്തകനിലും പരിസര പ്രദേശങ്ങളിലും വേറേയും കാണാൻ കഴിഞ്ഞു. ബോർണിയോ പിഗ്മി ആനകൾ, പല തരത്തിലുള്ള വേഴാമ്പലുകൾ, ഗ്രീൻ സീ ആമകൾ, സൺ കരടികൾ, മെമ്മോറിയൽ പാർക്ക്, ആഗ്നസ് കീതിന്റെ വീട് ഇതെല്ലാം സന്ദർശകർക്ക് വിസ്മയം പകരുന്നു. മെമ്മോറിയൽ പാർക്കിൽ പ്രധാനമായും രണ്ടാം ലോക യുദ്ധത്തിൽ 1942 മുതൽ 45 വരെയുള്ള പ്രധാന സ്മരണകൾ പ്രദർശിപ്പിച്ചിരിക്കുന്നു. 1942ൽ ജപ്പാൻ ബോർണിയ കീഴടക്കുകയും ആസ്ട്രേലിയയിൽ നിന്നും ന്യൂസീലാൻഡിൽ നിന്നും ധാരാളം യുദ്ധ തടവുകാരെ സന്തകനിൽ കൊണ്ട് താമസിപ്പിച്ചു.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഈ തടവുകാർ രക്ഷപെടാൻ ഉള്ള ശ്രമത്തിനിടയിൽ നാല് പേര് ഒഴികെ ബാക്കി 600ൽ പരം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീട് കണ്ട ആഗ്നസ് കീത് മന്ദിരം ആ കാലഘട്ടത്തിലെ ചരിത്ര ശേഷിപ്പുകളും രേഖകളും പ്രദർശിപ്പിച്ചിരിക്കുന്ന ഇടമാണ്.
ബോർണി കാടുകളിൽ നിന്ന് ധാരാളം വൻ മരങ്ങൾ ബ്രിട്ടീഷ് യൂറോപ്യൻ അധിനിവേശ ശക്തികൾ കടത്തിക്കൊണ്ട് പോയിട്ടുണ്ട്. ഇവിടുത്തെ ആവാസ വ്യവസ്ഥയും വന്യ മൃഗ സമ്പത്തും എങ്ങനെ നശിപ്പിച്ചു എന്നും ഉള്ള രേഖകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഇപ്പോഴത്തെ മലേഷ്യൻ സർക്കാർ പ്രകൃതി സംരക്ഷണത്തിനും വനവൽക്കരണത്തിനും ധാരാളം പദ്ധതികൾ നടപ്പാക്കിവരുന്നു. ഓരോ നാഷണൽ പാർക്കിലും ഒരു വന്യ മൃഗത്തെ ദത്തെടുക്കാനും വൃക്ഷത്തൈകൾ വാങ്ങി നടാനും സന്ദർശകരെ പ്രേരിപ്പിക്കുന്നു. വരും തലമുറകൾക്ക് വേണ്ടി പ്രകൃതി സമ്പത്ത് സംരക്ഷിക്കാനുള്ള പദ്ധതികൾ ശ്ലാഘനീയം തന്നെ.
സെപ്പിലോക്കിൽ നിന്ന് കിനബടങ്ങൻ ഫോറസ്റ്റ് റിസോട്ടിലേക്ക് ആണ് പോയത്. ഹോട്ടൽ റിസപ്ഷനിൽ നിന്ന് തന്നെ 580 റിങ്കറ്റിന് മൂന്നു ദിവസം രണ്ട് രാത്രിക്കുള്ള പാക്കേജ് സംഘടിപ്പിച്ചു. പിറ്റേ ദിവസം സന്തകനിൽ നിന്നും ഞങ്ങൾ ബുക്ക് ചെയ്ത റിസോട്ടിലേക്ക് പോകാൻ 11 മണിക്ക് പുറപ്പെട്ടു. മനോഹരമായ സന്തകൻ പട്ടണവും അനേകം ഗ്രാമങ്ങളും പിന്നിട്ട് രണ്ട് മണിക്കൂറിന് ശേഷം വണ്ടി നിബിഡമായ വനത്തിനുള്ളിൽ നദിയോട് ചേർന്ന റിസോർട്ടിൽ എത്തി. സാമാന്യം നല്ല ശക്തിയോട് കിണബടങ്ങൻ നദി ഒഴുകുന്നു.
സാബ പ്രവിശ്യയിലെ ഈ നദി 560 കിലോമീറ്റർ നീളവും വനത്തെയും കണ്ടൽ കാടുകളെയും ചുറ്റി ഒഴുകുന്ന പ്രധാന നദികളിൽ ഒന്നാണ്. ഇതിലൂടെ ബോട്ടിൽ റിവർ ക്രൂയിസിങ് നടത്തുന്നത് ഒരു വല്ലാത്ത അനുഭവമാണ്. ശക്തിയായി ഒഴുകുന്ന പുഴയും ഇരു വശത്തുമുള്ള നിബിഡ വനവും വന്യ ജീവികളുടെ സാന്നിധ്യവും നമ്മളിൽ ആമസോൺ വനാന്തരത്തിൽ എത്തിപ്പെട്ട അനുഭൂതി ഉണ്ടാക്കുന്നു.
രണ്ട് ദിവസത്തെ ക്രൂയിസിങ്ങിൽ നദിയുടെ ഇരുവശങ്ങളിലും ധാരാളം വേഴാമ്പൽ പക്ഷികൾ, പിഗ്മി ആനകൾ, പ്രോബീസ് കുരങ്ങുകൾ, ഒറാകുട്ടൻ, മക്കാവു കുരങ്ങുകൾ വലിയ അഞ്ചു മീറ്റർ വലിപ്പമുള്ള ചീങ്കണ്ണികൾ എന്നിവയെ ധാരാളം കാണാൻ പറ്റി. ഉയർന്ന വലിയ മരങ്ങളിൽ ഒറാകുട്ടൻ കൂട്ടമായി താമസിക്കുന്ന ഇടങ്ങളും കാണാം.
പിന്നീട് ഇടതൂർന്ന വനത്തിലൂടെയുള്ള ജംഗിൾ വാക്, നല്ല രുചിയുള്ള മലേഷ്യൻ തനത് ഭക്ഷണം, വില്ലേജ് വിസിറ്റ് ഇവ നല്ലവണ്ണം ആസ്വദിച്ചു. ഇനിയും സബാഹിന്റെ മറ്റു ഭാഗങ്ങളിൽ പിന്നീട് പോകാമെന്നുള്ള തീരുമാനത്തോടെ അഞ്ച് ദിവസത്തെ താമസത്തിന് ശേഷം ഞാൻ എയർ ഏഷ്യ വിമാനത്തിൽ കോലാലംപൂരിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.