അബൂദബി: വികസന വഴിയിൽ അതിവേഗം മുന്നേറുകയാണ് തലസ്ഥാന നഗരിയായ അബൂബദി. കഴിഞ്ഞ വർഷം എമിറേറ്റിന്റെ വിവിധയിടങ്ങളിലായി 400 കോടി ദിർഹമിന്റെ വികസന പദ്ധതികൾ പൂർത്തിയാക്കിയതായി അബൂദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡി.എം.ടി) അധികൃതർ അറിയിച്ചു. എമിറേറ്റിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താനും നഗരവികസനം പ്രോത്സാഹിപ്പിക്കാനുമുള്ള 7500 കോടി ദിർഹം ബജറ്റിന്റെ ഭാഗമാണിതെന്ന് ഡി.എം.ടി ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ പറഞ്ഞു. ജനജീവിത നിലവാരം മെച്ചപ്പെടുത്താനും പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുമുള്ള യു.എ.ഇ നേതൃത്വത്തിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതികൾ നടപ്പാക്കുന്നത്.
വികസനത്തിനും സുരക്ഷയ്ക്കുമാണ് ഡി.എം.ടി മുൻഗണന നൽകുന്നത്. അൽ ദഫ്റ മേഖലയിലെ ഹീലിയോ-അബു അൽ അബ്യാദ് റോഡിന്റെ വിപുലീകരണത്തിനും മറ്റു പ്രധാന ഗതാഗത പദ്ധതികൾക്കുമായി 340 കോടി ദിർഹം ചെലവിട്ടു. അബൂദബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിലെ ഗതാഗത തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് 31.5 കോടി ചെലവിൽ രണ്ട് പാലങ്ങളും നിർമിച്ചു. ഇതുവഴി സ്ട്രീറ്റിലെ തിരക്ക് 80 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. അൽ ഐനിലെ ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് നവീകരണവും പദ്ധതിയുടെ ഭാഗമായി നടന്നു. 1.5 കിലോമീറ്റർ നീളത്തിലുള്ള സൈക്ലിങ് പാത, ഒരു ഇവന്റ് പ്ലാസ, ഹരിതയിടങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് സ്ട്രീറ്റ് നവീകരിച്ചത്. അബൂദബിയുടെ വിവിധ പ്രദേശങ്ങളിൽ 240 കിലോമീറ്റർ പുതിയ സൈക്ലിങ് പാതകൾ കൂട്ടിച്ചേർത്തതോടെ പാതകളുടെ മൊത്തം നീളം 1200 കിലോമീറ്ററിൽ കൂടുതലുമായിട്ടുണ്ട്.
സാമൂഹിക കേന്ദ്രീകൃത പദ്ധതികൾക്കും ഡി.എം.ടി മുൻഗണന നൽകിയിട്ടുണ്ട്. അൽ ബത്തീൻ ലേഡീസ് ക്ലബ് വീണ്ടും തുറന്നു. എമിറേറ്റിലുടനീളം 200ലേറെ പുതിയ പാർക്കുകളും ബീച്ചുകളും തുറന്നു. അബൂദബി കാൻവാസ് സംരംഭത്തിലൂടെ നഗരത്തിലെ പ്രധാന ഇടങ്ങൾ മനോഹരമാക്കി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഭാഗമായി റിയൽ എസ്റ്റേറ്റ് മേഖലയും കാര്യമായ പുരോഗതി കൈവരിച്ചതായി അബൂദബി റിയൽ എസ്റ്റേറ്റ് സെന്റർ (അഡ്രക്) അധികൃതർ വെളിപ്പെടുത്തി. സ്മാർട്ട് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിച്ച യാത്രാ ഡ്രോണുകളും പരീക്ഷണങ്ങളും നിർണായകമായി. കര, കടൽ, വ്യോമ ഗതാഗതത്തിലും കഴിഞ്ഞ വർഷം കുതിപ്പ് രേഖപ്പെടുത്തി.
വരും മാസങ്ങളിലും ഒട്ടേറെ വലിയ സുസ്ഥിര വികസന പദ്ധതികൾ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഡി.എം.ടി അധികൃതർ പറഞ്ഞു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ഗ്ലോബൽ ലൈവബിലിറ്റി സൂചിക പ്രകാരം മെന മേഖലയിലെ ഏറ്റവും താമസയോഗ്യമായ നഗരമായും നമ്പിയോയുടെ ക്രൈം ആൻഡ് സേഫ്റ്റി സൂചികയിൽ ആഗോളതലത്തിൽ സുരക്ഷിതമായ നഗരങ്ങളിലൊന്നായും അബൂദബിയിയെ തിരഞ്ഞെടുത്തിരുന്നു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഡിവലപ്മെന്റ് ആഗോളതലത്തിലെ ഏറ്റവും മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിലും എമിറേറ്റ് ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.