അബൂദബിയിലെ ശീതീകരിച്ച നടപ്പാത
അബൂദബി: ചൂടുകാലത്ത് പുറത്തെ ചൂട് പേടിച്ച് നടക്കാൻ മടിക്കുന്നവരാണ് മിക്കവരും. എന്നാൽ ഏറ്റവും പുതിയ സംവിധാനങ്ങൾ അതിവേഗം സ്വീകരിക്കുന്ന അബൂദബിയിലെ നടപ്പാതയിലും എയർ കണ്ടീഷൻ സ്ഥാപിച്ചിരിക്കുന്നു.
ആദ്യമായാണ് എമിറേറ്റിൽ ഒരു നടപ്പാത പൂർണമായും ശീതീകരിക്കുന്നത്. ആൽ നഹ്യാൻ പ്രദേശത്തെ അൽ മമൂറ ബിൽഡിങ്ങിന് സമീപത്താണ് നടപ്പാത തുറന്നിരിക്കുന്നത്. പാതയുടെ എല്ലാ ഭാഗത്തും എയർ കണ്ടീഷൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ സമയവും ഇവിടെ 24 ഡിഗ്രി സെൽഷ്യസായിരിക്കും താപനില.
അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്. കാൽനടക്കാരായ താമസക്കാർക്കും സന്ദർശകർക്കും ഏറ്റവും അനുയോജ്യമായ അനുഭവം സമ്മാനിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും ശക്തമായ വേനലിലും ആശ്വാസകരമായ അന്തരീക്ഷം നൽകാൻ സംവിധാനത്തിന് സാധിക്കും.
ഈ നടപ്പാതയിൽതന്നെ റീട്ടെയിൽ ഔട്ട് ലെറ്റുകൾ, കഫേകൾ, ഇരിക്കാനുള്ള സ്ഥലങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നൂതനമായ രൂപകൽപന നൽകിയിട്ടുള്ള സംവിധാനത്തിൽ സൂര്യപ്രകാശം ലഭിക്കുന്നതിനൊപ്പം തന്നെയാണ് തണുത്ത അന്തരീക്ഷം നിലനിർത്തുന്നത്.
നടപ്പാതയിലുടനീളം റൂഫിങ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവയിലൂടെ സൂര്യപ്രകാശം അകത്തെത്താൻ സഹായിക്കുന്ന രൂപത്തിലാണ് ഡിസൈനുള്ളത്.
കാൽനടക്കാരുടെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് നടപ്പാതയുടെ ഭിത്തികളിൽ നൂതന ശബ്ദ നിയന്ത്രണ സംവിധാനം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് നഗര ശബ്ദത്തിൽനിന്ന് ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കും.
പൊതു ഇടങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള എമിറേറ്റിന്റെ പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായാണ് സംവിധാനം രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.