അബൂദബി: തുറസായ സ്ഥലത്ത് വന്യജീവികളെ അടുത്തുനിന്ന് കൺകുളിർക്കെ കാണാൻ അവസരമൊരുക്കി അൽ ഐൻ മൃഗശാലയിൽ വ്യാഴാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നു. കോവിഡ് രോഗ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മുൻകരുതലുകളോടെയാണ് സന്ദർശകരെ പ്രവേശിപ്പിക്കുന്നതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ദിവസവും വൈകീട്ട് മൂന്നുമുതൽ രാത്രി ഒമ്പതുവരെ എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്ക് കാഴ്ച ബംഗ്ലാവിൽ പ്രവേശിക്കാനും കാഴ്ചകൾ ആസ്വദിക്കാനും കഴിയും.
ആവേശകരമായ അനുഭവങ്ങളും സാഹസികതകളും മൃഗശാലയിലെത്തുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ലഭ്യമാക്കുന്നതോടൊപ്പം ഒട്ടേറെ വിദ്യാഭ്യാസ വിനോദ അനുഭവങ്ങളും സമ്മാനിക്കും. ജിറാഫുകൾ ആഹാരം കഴിക്കുന്ന കാഴ്ച, വിങ്സ് ഓഫ് സഹാറ, തത്തകളുടെ പ്രദർശനം എന്നിവ പരിചയസമ്പന്നരായ ഇമറാത്തി കേഡർമാരുടെ മേൽനോട്ടത്തിൽ സന്ദർകർക്ക് അനുഭൂതി പകരും.
സഫാരി പാർക്കിലെ യാത്ര സന്ദർശകർക്ക് ആവേശകരമായ അനുഭവം നൽകും. ആഫ്രിക്കൻ വന്യജീവികൾ ഉൾപ്പെടെ വൈവിധ്യമാർന്ന മൃഗങ്ങൾ ഉൾപ്പെടുന്ന വിശാലമായ കാഴ്ചബംഗ്ലാവിൽ സ്വതന്ത്രമായി ഇവ വിഹരിക്കുന്ന കാഴ്ചകൾ തനിമയോടെ ആസ്വദിക്കാനാവും. സഫാരി വാഹനങ്ങളിലും ഏറ്റവും മികച്ച സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ നടപടികളും ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക് ഇൻസുലേറ്ററുകളിലൂടെ റൈഡുകൾക്കിടയിൽ അണുനശീകരണം ഉറപ്പാക്കിയാണ് കാഴ്ചക്കാർക്ക് നയന മനോഹരമായ കാഴ്ചകളുടെ പുതുമ പകരുക.
ശൈഖ് സായിദ് ട്രിബ്യൂട്ട് ഹാൾ ഉൾപ്പെടെയുള്ള അഞ്ചു പ്രദർശനങ്ങളും സന്ദർശകർക്ക് കൗതുകം പകരും. തുറസായ സ്ഥലത്ത് വന്യജീവികളെ കാണാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ അൽഐൻ മൃഗശാല സജ്ജമാണ്.
നാലായിരത്തോളം മൃഗങ്ങൾ അവയുടെ യഥാർഥ ആവാസ വ്യവസ്ഥകൾക്ക് അനുസൃതമായ അവസ്ഥയിൽ ഈ മൃഗശാലയിൽ വിഹരിക്കുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിജ്ഞാനത്തിെൻറയും വിനോദത്തിെൻറയും സംയുക്ത അനുഭവത്തിനുള്ള അവസരമാണ് അൽഐൻ മൃഗശാല ഒരുക്കുന്നത്.
മൃഗശാല വെബ്സൈറ്റിലൂടെ സന്ദർശകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. വെബ് സൈറ്റിൽ രണ്ട് ടിക്കറ്റ് വിൻഡോകൾ തുറക്കുമെങ്കിലും സന്ദർശകർ ഇലക്ട്രോണിക് ടിക്കറ്റ് ബുക്കിങ് ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.