ദുബൈ: നവസാങ്കേതിക വിദ്യയുടെ ആസ്ഥാനമായ സിലിക്കൺ വാലി പോലെ ഭാവിയിൽ ദുബൈ മാറുമെന്ന് പ്രവചിച്ച് വിദഗ്ധർ. നിർമിത ബുദ്ധി അടക്കമുള്ള വിവിധ രംഗങ്ങളിൽ എമിറേറ്റ് കൈവരിച്ച നേട്ടങ്ങളെ മുൻനിർത്തിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ദുബൈയുടെ മുന്നേറ്റത്തെ പ്രവചിക്കുന്നത്. മ്യൂസിയം ഓഫ് ഫ്യൂചറിൽ നടന്ന ‘മെഷീൻസ് കാൻ സീ 2023’ ഉച്ചകോടിയിലാണ് പ്രമുഖർ അഭിപ്രായപ്പെട്ടത്.
യു.എ.ഇയിലെ നിർമിതബുദ്ധിയുടെ ഭാവി സംബന്ധിച്ച് സംസാരിച്ച വിദഗ്ധർ, ദുബൈയും രാജ്യവും ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ ഹബ്ബായി തീരുകയാണെന്ന് വ്യക്തമാക്കി. പൊതുമേഖലയിലെ നയരൂപീകരണത്തിന് നേതൃത്വം നൽകുന്നവർ, ബിസിനസ് മേധാവികൾ, അക്കാദമിക് വിദഗ്ധർ എന്നിവരാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ദുബൈയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾക്ക് ഏറ്റവും യോജിച്ച അന്തരീക്ഷമാണ് നിലവിലുള്ളതെന്ന് സമ്മിറ്റിനെറ സംഘാടകരായ ‘പോളിനോം’ സ്ഥാപകനും ഡയറക്ടറുമായ അലക്സാണ്ടർ ഗനിം പറഞ്ഞു. പുതിയ ലോകത്തിന്‍റെ സാധ്യതകൾ ചർച്ച ചെയ്യുന്ന ഉച്ചകോടിക്ക് നഗരം വേദിയാക്കാനുള്ള കാരണവും ഇതുതന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ നഗരങ്ങളും അടുത്ത സിലിക്കൺ വാലിയാകാനുള്ള മൽസരത്തിലാണെന്നും അതിന് അനുയോജ്യമായ പ്രതിഭകളും മൂലധനവും സജീവമായ സ്വകാര്യ മേഖലയും നിലവിലുള്ള സ്ഥലമാണ് ദുബൈയെന്നും ദുബൈ ഫ്യൂച്ചർ ഡിസ്ട്രിക്റ്റ് ഫണ്ടിന്‍റെ സി.ഇ.ഒ ശരീഫ് അൽ ബദാവി പറഞ്ഞു. സിലിക്കൺ വാലിക്ക് സമാനമായ ഒരു വിജയകരമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് ശാസ്ത്ര-സാങ്കേതിക രംഗത്തെ ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും വാണിജ്യവത്കരിക്കണം. സർക്കാർ, അക്കാദമിക്, കോർപ്പറേറ്റുകൾ എന്നിവയും നവീകരണത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് ഏകദിന ഉച്ചകോടി സംഘടിപ്പിച്ചത്. യു.എ.ഇ വിവിധ സാങ്കേതിക മേഖലക്ക് നൽകുന്ന പ്രധാന്യത്തെ പ്രസംഗകർ എടുത്തുപറഞ്ഞു. ആർടിഫിഷ്യൽ ഇന്‍റലിജൻസിന് മന്ത്രാലയമുള്ള ഏക രാജ്യം എന്ന പ്രത്യേകത യു.എ.ഇക്കുണ്ട്. എ.ഐ സാങ്കേതികവിദ്യയുടെ പുരോഗതിയെ പിന്തുണക്കുന്നതിനുള്ള പ്രതിബദ്ധതയുടെ തെളിവായാണിത് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.