അബൂദബി: മുപ്പതിലേറെ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍ അബൂദബിയില്‍ നിര്‍മിക്കുന്ന ബാപ്സ് ഹിന്ദു മന്ദിര്‍ സന്ദര്‍ശിച്ചു. അബൂദബിയിലെ ആദ്യ പരമ്പരാഗത ഹൈന്ദവ ക്ഷേത്രത്തിന്റെ നിര്‍മാണ പുരോഗതി പരിശോധിക്കുന്നതിനും സാംസ്കാരിക ഇടകലരല്‍ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു സന്ദര്‍ശനം ഒരുക്കിയത്.
55,000 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ശിലകള്‍ കൊണ്ട് ഹൈന്ദവക്ഷേത്രം നിര്‍മിക്കുന്നത്. നിർമാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെയും സാംസ്കാരിക സമുച്ചയത്തിന്റെയും ചരിത്രപ്രാധാന്യം, നിര്‍മാണ പ്രക്രിയ, ഇതുമൂലം സാധ്യമാവുന്ന വികസനം മുതലായകാര്യങ്ങള്‍ അംബാസഡര്‍മാരുടെ സംഘത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. 85ഓളം വരുന്ന അതിഥികളെ ഹൈന്ദവരീതിയില്‍ ക്ഷേത്രത്തിന്റെ ഡയറക്ടര്‍മാരും വളന്റിയര്‍മാരും സ്വീകരിച്ചു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദബന്ധം യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ വിവരിച്ചു.
പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകകള്‍ ഉള്‍ക്കൊണ്ടുള്ള ക്ഷേത്ര നിര്‍മിതിക്കായി, ഹൈന്ദവ പുരാണങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥകള്‍ കൊത്തിയ കല്ലുകളാണ് ഉപയോഗിക്കുന്നത്. അബൂദബി-ദുബൈ ഹൈവേയില്‍ അബൂമുറൈഖയിലെ 10.9 ഹെക്ടറില്‍ ഏഴ് കൂറ്റന്‍ ഗോപുരങ്ങളോടെ നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രം മധ്യപൂര്‍വദേശത്തെ ഏറ്റവും വലുതായിരിക്കും. യു.എ.ഇയിലെ ഏഴ് എമിറേറ്റുകളുടെ പ്രതീകമായാണ് ക്ഷേത്രത്തിന് ഏഴു ഗോപുരങ്ങള്‍ തീര്‍ക്കാന്‍ തീരുമാനിച്ചത്. 2024ല്‍ ക്ഷേത്രം ആരാധനക്കായി തുറക്കാനാണ് അധികൃതരുടെ പദ്ധതി. 32 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്.
യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് 2015ല്‍ അബൂദബി കിരീടാവകാശിയായിരിക്കെയാണ് ക്ഷേത്രനിര്‍മാണത്തിന് സ്ഥലം അനുവദിച്ചത്. ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലകള്‍, മാര്‍ബിള്‍ രൂപങ്ങള്‍, ശില്പങ്ങള് തുടങ്ങിയവ ഇന്ത്യയില്‍ നിന്ന് കപ്പല്‍മാര്‍ഗം എത്തിക്കുകയായിരുന്നു. ഇവ നിര്‍മാണം പുരോഗമിക്കുന്നതിന് അനുസരിച്ച് ക്ഷേത്രത്തില്‍ സ്ഥാപിക്കും.ആത്മീയവും സാംസ്കാരികവുമായ ആശയവിനിമയങ്ങള്‍ക്കുള്ള ആഗോള വേദി, സന്ദര്‍ശക കേന്ദ്രം, പ്രദര്‍ശന ഹാളുകള്‍, പഠന മേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഭക്ഷണശാലകള്‍, ഗ്രന്ഥശാല തുടങ്ങിയവയും ക്ഷേത്രത്തോട് അനുബന്ധിച്ച് സജ്ജമാക്കുന്നുണ്ട്. അടുത്തവര്‍ഷം ഫെബ്രുവരിയിലാണ് ക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.