അൽഐൻ: രാജ്യത്തെ ഏഷ്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് ആവേശകരമായ തുടക്കം. പുതിയ പുസ്തകങ്ങളും ബാഗുമായി പുത്തൻ യൂനിഫോമണിഞ്ഞ് പുതിയ അധ്യായന വർഷത്തിന്റെ ആദ്യദിനം വിദ്യാർഥികൾ വിദ്യാലയങ്ങളിലെത്തി. നൂറുക്കണക്കിന് കെ.ജി വിദ്യാർഥികളാണ് ആദ്യക്ഷരം നുകരാൻ ആഹ്ലാദത്തോടെ വിദ്യാലയങ്ങളിൽ എത്തിയത്. ഉത്സവ പ്രതീതിയോടെയാണ് കുരുന്നു വിദ്യാർഥികളെ സ്കൂൾ അധികൃതർ സ്വീകരിച്ചത്.
നാട്ടിൽ നിന്ന് പുതുതായി വന്നവരും ഇവിടെ സ്കൂളുകൾ മാറുന്നവരുമായി ഒന്നുമുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കും പല സ്കൂളുകളിലും പുതിയ വിദ്യാർഥികൾ എത്തിയിട്ടുണ്ട്. നവാഗതരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും അധ്യാപകരും നടത്തിയത്.
പല വിദ്യാലയങ്ങളും പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. സ്കൂൾ കോമ്പൗണ്ടുകളും ക്ലാസ് മുറികളും തോരണങ്ങൾ കൊണ്ടും ബലൂണുകൾ കൊണ്ടും അലങ്കരിച്ചു. മൂന്ന് ആഴ്ചയോളം വരുന്ന വസന്തകാല അവധിക്കും ഈദുൽ ഫിത്ർ അവധിക്കും ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന വിദ്യാലയങ്ങളിൽ അവസാന പാദത്തിന് തിങ്കളാഴ്ച തുടക്കം കുറിച്ചു. ജൂൺ 28ന് വിദ്യാലയങ്ങളിൽ മധ്യവേനൽ അവധി ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.