ദുബൈ: 'ആവാസ വ്യവസ്ഥ തിരിച്ചുപിടിക്കുക' എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതി ദിന സന്ദേശം.ഈ പ്രഖ്യാപനം നടപ്പാക്കാനൊരുങ്ങുകയാണ് യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങൾ. പരിസ്ഥിതി ദിനത്തിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചത്.
പരിസ്ഥിതി സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് യു.എ.ഇ. ഈ വർഷം അവസാനത്തോടെ സർക്കാർ സംവിധാനം പൂർണമായും കടലാസ്രഹിതമാക്കാനുള്ള ഒരുക്കത്തിലാണവർ. സർക്കാർ ഓഫിസുകൾ പ്രകൃതി സൗഹൃദമാകുേമ്പാൾ സ്വകാര്യ സ്ഥാപനങ്ങൾക്കും നോക്കിനിൽക്കാനാവില്ല. നാടാകെ പച്ചപ്പ് വിരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനുമുള്ള ഉദ്യമം ഏറ്റെടുക്കുകയാണ് സ്വകാര്യ സ്ഥാപനങ്ങളും.
മനുഷ്യൻ മാത്രമല്ല, മറ്റ് ജീവജാലങ്ങളും ചേരുന്നതാണ് പരിസ്ഥിതി എന്ന സന്ദേശം പകരുന്ന പദ്ധതികളാണ് പ്രമുഖ പാക്കേജിങ് ബ്രാൻഡായ ഹോട്പാക്ക് പരിസ്ഥിതി ദിനത്തിൽ അവതരിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് അഞ്ച് പദ്ധതികൾ ഹോട്പാക്ക് ശനിയാഴ്ച പ്രഖ്യാപിച്ചു. ഫാക്ടറികൾക്ക് ചുറ്റും പച്ചപ്പ് വിരിക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. ഹോട്പാക്കിെൻറ ഡി.ഐ.പി ഓഫിസിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പച്ചക്കറിത്തോട്ടം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
പഴങ്ങളും പച്ചക്കറികളും വിളയുന്ന മരങ്ങളും ചെടികളും മറ്റ് ഫാക്ടറികളിലും നട്ടുപിടിപ്പിക്കും. ജീവനക്കാരുെട വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെ നിന്നുതന്നെ ഉൽപാദിപ്പിക്കുന്ന പദ്ധതിയാണ് രൂപപ്പെടുത്തുന്നത്.പ്രകൃതി സംരക്ഷണത്തിന് സസ്യ-ജന്തു-ജീവജാലങ്ങളുടെ പ്രധാന്യം വ്യക്തമാക്കുന്ന ഹ്രസ്വ വിഡിയോയും ഹോട്പാക്ക് പുറത്തിറക്കി. പ്രാണികളും പക്ഷികളും മരങ്ങളും മൃഗങ്ങളും പരിസ്ഥിതി സന്തുലനം നിലനിർത്തുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും വിഡിയോയിലൂടെ ബോധവത്കരിക്കുന്നു.
പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾക്കായി എക്സ്ക്ലൂസിവ് ഓൺലൈൻ ഇക്കോ സ്റ്റോർ തുറന്നാണ് ഹോട്പാക്ക് പരിസ്ഥിതി ദിനം അർഥവത്താക്കിയത്. പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച ഹരിത ഉൽപന്നങ്ങളാണ് ഈ സ്റ്റോറിലുള്ളത്. ഓൺലൈൻ സ്റ്റോർ വഴി ലോകമെമ്പാടും ഉൽപന്നങ്ങളെത്തും. അതുവഴി പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം ഉപഭോക്താക്കളിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നു. ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാറാണ് ഓൺലൈൻ ഇക്കോ സ്റ്റോർ ഉദ്ഘാടനം ചെയ്തത്. കഴിയുന്നത്ര ഫാക്ടറികൾ സോളാർ എനർജിയിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. ഇതിന് ശ്രമം സജീവമായി നടക്കുന്നു.
പ്ലാസ്റ്റികിെൻറ ഉപയോഗം കുറക്കുന്ന പദ്ധതികൾ സജീവമാക്കിയാണ് ലുലു ഗ്രൂപ് പരിസ്ഥിതി ദിനം ആഘോഷമാക്കിയത്. 'ലവ് യുവർ പ്ലാനറ്റ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വഴി പരിസ്ഥിതി സൗഹാർദ ബോധവത്കരണങ്ങളും ലുലു ലക്ഷ്യമിടുന്നു. കടലാസുകൾക്ക് ബൈ പറഞ്ഞ് ഇ- റസീപ്റ്റ് പ്രോത്സാഹിപ്പിക്കുന്ന പദ്ധതിക്കും ലുലു തുടക്കമിട്ടു. നെസ്ലെയുമായി സഹകരിച്ചാണ് ലുലുവിെൻറ യു.എ.ഇയിലെ 40 സ്റ്റോറുകളിലും വെബ്സൈറ്റിലും 'ലവ് യുവർ പ്ലാനറ്റ്' പദ്ധതി നടപ്പാക്കുന്നത്. പുനരുപയോഗിക്കാവുന്ന ലക്ഷം ബാഗുകളാണ് ഇതുവഴി വിതരണം ചെയ്യുന്നത്. ഈ വർഷം അവസാനത്തോടെ പ്ലാസ്റ്റിക് കിറ്റുകൾ 30 ശതമാനം കുറക്കാനാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ പ്ലാസ്റ്റിക് ബാഗുകൾ പൂർണമായും ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ നെസ്ലെ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പുനരുപയോഗിക്കാവുന്ന ബാഗുകൾ സൗജന്യമായി നൽകും. 20 ദിർഹമിന് മുകളിലുള്ള ഉൽപന്നങ്ങൾ വാങ്ങുേമ്പാഴാണ് ഇത്തരം കിറ്റുകൾ ലഭിക്കുക.
പേപ്പർ ഒഴിവാക്കാനും കോൺഡാക്ട്ലെസ് പേമെൻറ് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഡിജിറ്റൽ രസീത് സംവിധാനം ഏർപ്പെടുത്താനും ലുലു തീരുമാനിച്ചു. എസ്.എം.എസ് വഴി രസീതുകൾ ലഭിക്കുന്ന സംവിധാനമാണ് ഏർപ്പെടുത്തിയത്. ഇത് പ്രകൃതി സൗഹൃദമാണെന്ന് മാത്രമല്ല, ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാണ്. ഇ- റസീപ്റ്റിെൻറ ലോഞ്ചിങ് എം.എ. അഷ്റഫ് അലി നിർവഹിച്ചു. ലുലു ഗ്രൂപ് റീടെയിൽ ഡയറക്ടർ ഷാബു മജീദ്, സി.ഐ.ഒ പിയൂഷ് ചൗഹാൻ, മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ എന്നിവരും പങ്കെടുത്തു. വരും മാസങ്ങളിൽ ലുലുവിെൻറ 210 ഹൈപ്പർമാർക്കറ്റുകളിലും ഇ- റസീത് സംവിധാനം ഏർപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.